തിരുവനന്തപുരം: കാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാനും യുവാക്കളുടെ കർമശേഷി നാടിന്റെ വികസന പ്രക്രിയയുടെ ഭാഗമാക്കി അവർക്കു പുതിയ ദിശാബോധം നൽകാനും വൈഎംസിഎക്കു കഴിയണമെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. വൈഎംസിഎയുടെ പരമാധികാര സഭയായ ദേശീയ ബോർഡ് സമ്മേളനവും പ്രത്യേക ജനറൽ ബോഡിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിന് പ്രത്യേക ഊന്നൽ നൽകുന്ന വൈഎംസിഎയുടെ പ്രവർത്തന പദ്ധതികൾ അഭിനന്ദനാർഹമെന്ന് കർദിനാൾ പറഞ്ഞു.
വൈഎംസിഎയുടെ കർമപദ്ധതികളും ദർശനങ്ങളും സമൂഹത്തിനു രണ്ടു നൂറ്റാണ്ടായി ചെയ്യുന്ന സേവനങ്ങളും പ്രസ്ഥാനത്തെ കൂടുതൽ പ്രസക്തിയുള്ളതാക്കിയതായി മുഖ്യപ്രഭാഷണം നടത്തിയ വൈഎംസിഎ ആഫ്രിക്കൻ അലയൻസ് പ്രസിഡന്റ് ജയിംസ് ഇക്കോ റൂൾ പറഞ്ഞു. സമസൃഷ്ടങ്ങളെ സഹോദരരായി കാണാനും അവരുടെ വേദനകളിൽ കൈത്താങ്ങാവാനും വൈഎംസിഎക്കു കഴിയണമെന്ന് സന്ദേശം നൽകിയ ഏഷ്യാ പസഫിക് അലയൻസ് പ്രസിഡന്റ് ബാബു മർക്കസ് ഗോമസ് പറഞ്ഞു.
ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. കേരള റീജണൽ ചെയർമാൻ പ്രഫ. ജോയ് സി.ജോർജ്, ദേശീയ ജനറൽ സെക്രട്ടറി സി.എച്ച്.ആർ.പി. മണികുമാർ, ട്രഷറർ ആർ.എസ്. ഷെട്ടിയാൻ, വൈസ് ചെയർമാൻ അഭിഷേക് സാഹു, റീജണൽ ചെയർമാൻമാരായ റവ. ഇമ്മാനുവേൽ റബ്ബ, ഡോ. പി.സേതു, ഡോ. സുർജിത് സാഹു, അശോകൻ സോളമൻ, ഡോ. ടോമി പൊർത്തിയാസിസ് എന്നിവർ പ്രസംഗിച്ചു.
ഭാരത വൈഎംസിഎയുടെ പ്രവർത്തന മികവിന് ഏഷ്യ പസഫിക് അലയൻസിന്റെ പ്രത്യേക പുരസ്കാരം പ്രസിഡന്റ് ബാബു മർക്കസ് ഗോമസ് ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യുവിന് സമ്മാനിച്ചു. ലെബി ഫിലിപ്പ് മാത്യുവിന്റെ പ്രവർത്തനങ്ങൾ അടങ്ങിയ പുസ്തകം "ദി ലീഡർ ദി മിഷൻ’ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ആഫ്രിക്കൻ അലയൻസ് പ്രസിഡന്റ് ജയിംസ് ഇക്കോ റൂൾ, ഏഷ്യൻ പ്രസിഡന്റ് ബാബു മർക്കസ് ഗോമസ് എന്നിവർക്കു നൽകി പ്രകാശനം ചെയ്തു. കുര്യാസ്, ഡോ.മാമ്മൻ സഖറിയ, കെ.ഒ.രാജുക്കുട്ടി, സാജൻ വേളൂർ, ജോസഫ് നെല്ലാനിക്കൻ, ഡോ.തോമസ് മാത്യു കുളങ്ങര, കോശി മാത്യു, രാജൻ ജോർജ് പണിക്കർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.