നിലപാട് മയപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്
Saturday, May 4, 2024 2:02 AM IST
തിരുവനനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധം കനത്തതോടെ നിലപാട് മയപ്പെടുത്തി മോട്ടോർ വാഹനവകുപ്പ്.
പുതിയ സംവിധാനത്തിനായി അടിസ്ഥാന സൗകര്യമൊരുക്കുന്നതു വരെ നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് രീതിയായ എച്ചും റോഡ് ടെസ്റ്റും ഭേദഗതികളോടെ തുടരാനാണ് തീരുമാനം.
സിഐടിയു, ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടന എന്നിവരുമായി അഡീഷ്നൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ നടത്തിയ ചർച്ചക്കൊടുവിലാണ് ധാരണ.
നേരത്തെ പ്രഖ്യാപിച്ച പ്രകാരമുള്ള പരിഷ്കരണങ്ങൾക്ക് ഗ്രൗണ്ട് ഒരുക്കുന്നതിന് മൂന്ന് മാസം സമയമനുവദിക്കും. ടെസ്റ്റിനുപയോഗിക്കുന്ന വാഹനത്തിന്റെ കാലപരിധി മാനദണ്ഡത്തിൽ മോട്ടോർ വാഹന വകുപ്പ് അയഞ്ഞിട്ടുണ്ട്.
നിലവിൽ ഉപയോഗിക്കുന്ന 15 വർഷം കഴിഞ്ഞ വാഹനങ്ങൾ മാറ്റുന്നതിന് ആറ് മാസം സാവകാശം അനുവദിക്കും. ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം നിലവിലെ 30 എന്നത് 40 ആക്കി വർധിപ്പിക്കും. ഇതിൽ 25 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം മുൻ ടെസ്റ്റിൽ പരാജയപ്പെട്ടവരുമായിരിക്കും.
ശേഷിക്കുന്ന അഞ്ച് എണ്ണം വിദേശത്ത് ജോലി -പഠന ആവശ്യങ്ങൾക്ക് പോകുന്നവർക്കുള്ള പരിഗണന സ്ലോട്ടാണ്. ഇത് അനുവദിച്ചു കിട്ടണമെങ്കിൽ കാരണം ബോധ്യപ്പെടുത്തണം. വാഹനങ്ങളിൽ ഡാഷ് കാമറ ഘടിപ്പിക്കുന്നതിനും മൂന്ന് മാസം സാവകാശം നൽകിയിട്ടുണ്ട്.
‘എച്ച്’ എടുക്കലും റോഡ് ടെസ്റ്റും തുടരുമെങ്കിലും ഇവയുടെ മുൻഗണനയിൽ മാറ്റം വരുത്തി. നിലവിൽ ഗ്രൗണ്ടിലെ എച്ച് എടുക്കലാണ് ആദ്യമെങ്കിൽ ഇനി റോഡ് ടെസ്റ്റാകും ആദ്യം. റോഡിലെ പരിശോധനയിൽ പാസാകുന്നവർക്ക് മാത്രമാതിരിക്കും എച്ച് എടുക്കൽ.
നിലവിലെ ടെസ്റ്റ് രീതിയുടെ മുൻഗണന മാറ്റിയതും ഡ്രൈവിംഗ് സ്കൂളുകാരെ വെട്ടിലാക്കും. നിലവിൽ ഉദാര സമീപനമാണ് റോഡ് ടെസ്റ്റിലുള്ളത്. ഏതാനും മിനിറ്റുകൾ കൊണ്ട് റോഡ് ടെസ്റ്റ് അവസാനിക്കും. എച്ച് പാസായാൽ ലൈസൻസായി എന്ന ധാരണയാണ് ഇപ്പോഴുള്ളത്.