ലോക കേരളസഭയ്ക്ക് ഒരു കോടികൂടി
Saturday, May 18, 2024 3:04 AM IST
തിരുവനന്തപുരം: നാലാമത് ലോക കേരളസഭയുടെ ഒരുക്കങ്ങൾക്ക് ഒരുകോടി രൂപകൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. കഴിഞ്ഞ 15ന് അനുവദിച്ച രണ്ടുകോടിക്കു പുറമേയാണിത്. ഇതോടെ ലോക കേരളസഭയുടെ നടത്തിപ്പിനു മൂന്നു കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്.
ആഗോള സാംസ്കാരിക ഉത്സവം എന്ന പേരിലാണ് ഒരു കോടി അനുവദിച്ചത്. ഇതിൽ ലോക കേരളസഭയിലെ സാംസ്കാരിക പരിപാടിക്ക് 25 ലക്ഷം രൂപയാണ്.
പ്രവാസി വിദ്യാർഥികളുടെ സാംസ്കാരിക പരിപാടിക്ക് 20 ലക്ഷം രൂപയുമുണ്ട്. ലോക കേരളസഭ അംഗങ്ങളുമായി സഹകരിച്ചു കേരളത്തിന്റെ സാംസ്കാരിക, ടൂറിസം പരിപാടികളുടെ ദൃശ്യങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 351 അംഗങ്ങളാണു പങ്കെടുക്കുന്നത്.
നിയമസഭാ മന്ദിരത്തിലാണു ലോക കേരളസഭ നടക്കുന്നത്. ഭക്ഷണത്തിനു 10 ലക്ഷവും താമസത്തിന് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, എയർ ടിക്കറ്റിന് അഞ്ചു ലക്ഷം, മറ്റ് ആവശ്യങ്ങൾക്ക് 20 ലക്ഷം എന്നിങ്ങനെ, സഭയുടെ മീറ്റിംഗുമായി ബന്ധപ്പെട്ട ചെലവ് ഒരു കോടിയാണ്.
ലോക കേരളസഭ സെക്രട്ടേറിയറ്റിന് 50 ലക്ഷവും അനുവദിച്ചു. ഇതിൽ 19 ലക്ഷം ഓഫീസ് ചെലവുകൾക്കാണ്. ശിപാർശകൾ നടപ്പാക്കാൻ 50 ലക്ഷവും.