സീറോ മലബാര്‍ സഭയ്ക്കു രാഷ്ട്രപതിയുടെ പ്രശംസ
സീറോ മലബാര്‍ സഭയ്ക്കു രാഷ്ട്രപതിയുടെ പ്രശംസ
Sunday, November 18, 2012 11:36 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: സീറോ മലബാര്‍ കത്തോലിക്കാ സമൂഹം രാഷ്ട്രത്തിനു നല്‍കിയ സേവനങ്ങള്‍ക്കു രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ പ്രശംസ. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള പ്രത്യേക നാണയം ഭരണങ്ങാനത്തെത്തി പ്രകാശനം ചെയ്തിട്ടുള്ള തനിക്ക്, സീറോ മലബാര്‍ സമൂഹത്തെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും നേരിട്ടു ബോധ്യമുണ്െടന്നു രാഷ്ട്രപതി പറഞ്ഞു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള സഭാമേലധ്യക്ഷന്മാരുടെ പ്രതിനിധി സംഘവുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണു രാഷ്ട്രപതിയുടെ ഈ അഭിനന്ദനം. കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോര്‍ജ് വലിയമറ്റം (തലശേരി), മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍), മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര (ഫരീദാബാദ്), ബിഷപ്പുമാരായ മാര്‍ ബോസ്കോ പൂത്തൂര്‍ (സീറോ മലബാര്‍ കൂരിയ), മാര്‍ വിജയാനന്ദ് നെടുമ്പുറം സിഎംഐ (ഛാന്ദാ), മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ (ഉജ്ജൈന്‍) എന്നിവരും സംഘത്തിലുണ്ടായിരുന്നു.


കേരളത്തിലും ഇന്ത്യയിലാകെയും സീറോ മലബാര്‍ സഭ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നു രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തെ ഐക്യത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ രാഷ്ട്രപതിയെന്ന നിലയില്‍ പ്രണാബ് മുഖര്‍ജി നടത്തുന്ന പരിശ്രമങ്ങള്‍ക്കു അഭിവാദനം അര്‍പ്പിക്കുന്നതായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. ദളിത് ക്രൈസ്തവര്‍ക്കും സംവരണാനുകൂല്യം പരിഹരിക്കപ്പെടാത്ത പ്രശ്നമായി ശേഷിക്കുന്നതു ദുഃഖകരമാണെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയായി ചുമതലയേറ്റ പ്രണാബിനെ നേരില്‍ക്കണ്ട് അഭിനന്ദിക്കാനാണു മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള മെത്രാന്‍സംഘം ഇന്നലെ രാഷ്ട്രപതിഭവനിലെത്തിയത്. പ്രതിനിധി സംഘത്തിനുവേണ്ടി മേജര്‍ ആര്‍ച്ച്ബിഷപ് രാഷ്ട്രപതിക്കു പൂച്ചെണ്ടു സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.