ചദ്ദ സഹോദരന്‍മാരുടെ മരണത്തിനു പിന്നില്‍ ഫാംഹൌസിന്റെ അവകാശത്തര്‍ക്കം
ന്യൂഡല്‍ഹി: മദ്യരാജാവ് പോണ്ടി ചദ്ദയെന്ന ഗുര്‍ദീപ്സിംഗ് ചദ്ദയും സഹോദരന്‍ ഹര്‍ദീപും പരസ്പരം വെടിവച്ചുമരിച്ചതിനു പിന്നില്‍ ദക്ഷിണ ഡല്‍ഹിയിലെ ഫാംഹൌസിന്റെ പേരിലുള്ള അവകാശത്തര്‍ക്കം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തെക്കന്‍ ഡല്‍ഹിയില്‍ പോണ്ടി ചദ്ദയുടെ ഉടമസ്ഥതയിലുള്ള ഛത്തര്‍പുര്‍ ഫാംഹൌസില്‍ വച്ചാണ് ഇരുവരും പരസ്പരം വെടിവച്ചു മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ടു പോലീസ് 15 പേരെ ചോദ്യം ചെയ്തതില്‍നിന്നു ഹര്‍ദീപാണ് ആദ്യം വെടിയുവച്ചതെന്നു വ്യക്തമായിട്ടുണ്ട്. ഹര്‍ദീപിന്റെ കൈവശമുണ്ടായിരുന്ന ഫാംഹൌസ് കഴിഞ്ഞദിവസം പോണ്ടി പിടിച്ചെടുക്കുകയും പോണ്ടിയും ഗുണ്ടാസംഘവും ചേര്‍ന്ന് ജീവനക്കാരെ അവിടെനിന്ന് ഓടിച്ചുവിടുകയും ചെയ്തിരുന്നു. ഇതറിഞ്ഞ ഹര്‍ദീപ്, പോണ്ടിയും അയാളുടെ സുഹൃത്ത് ഉത്തരാഖണ്ഡ് ന്യൂനപക്ഷാവകാശ കമ്മീഷന്‍ അംഗം സുഖ്ദേവ് നാംധാരിയും ഫാംഹൌസിലുള്ളപ്പോള്‍ അവിടെയെത്തുകയും വെടിവയ്ക്കുകയുമാണു ചെയ്തത്. പോണ്ടിയുടെയും അംഗരക്ഷകരുടെയും പ്രത്യാക്രമണത്തില്‍ ഹര്‍ദീപിനു വെടിയേറ്റു. പോണ്ടിയുടെ ശരീരത്തുനിന്നും 12 വെടിയുണ്ടകളും ഹര്‍ദീപിന്റെ ശരീരത്തുനിന്നും നാല് വെടിയുണ്ടകളും പോസ്റ്മോര്‍ട്ടത്തില്‍ കണ്െടടുത്തിട്ടുണ്ട്.