വ്യാജ ലോട്ടറി: ഭൂട്ടാന്‍ സര്‍ക്കാരിനു കത്തയയ്ക്കാന്‍ കേന്ദ്രാനുമതി
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വ്യാജ ലോട്ടറിക്കേസിലെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഭൂട്ടാന്‍ സര്‍ക്കാരിനു കത്തയയ്ക്കാന്‍ സിബിഐക്കു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. സാന്റിയാഗോ മാര്‍ട്ടിന്റെ മോണിക്കാ ഡിസ്ട്രിബ്യൂട്ടേഴ്സുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങളാണ് ഭൂട്ടാന്‍ സര്‍ക്കാരില്‍നിന്നു സിബിഐ പ്രധാനമായും തേടുക. കള്ളപ്പണം വെളുപ്പിക്കാന്‍ വ്യാജലോട്ടറി വ്യാപകമായി ഉപയോഗിച്ചു എന്ന കണ്െടത്തലിനെത്തുടര്‍ന്നാണു നടപടി.

എറണാകുളം സിജെഎം കോടതി മുഖേനയാണു സിബിഐ കത്തയയ്ക്കുക. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി സിബിഐ തേടിയതും ഇപ്പോള്‍ ലഭിച്ചിരിക്കുന്നതും. സാന്റിയാഗോ മാര്‍ട്ടിന്റെ മോണിക്കാ ഡിസ്ട്രിബ്യൂട്ടേഴ്സ്, മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നിവയുമായി ഭൂട്ടാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ നിയമസാധുതയെക്കുറിച്ചും സിബിഐ വിശദീകരണം തേടും. പേപ്പര്‍ ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയുടെ സ്റ്റേഷനറിയും ഭൂട്ടാന്‍ സര്‍ക്കാരില്‍നിന്നു കൈപ്പറ്റണമെന്ന വ്യവസ്ഥയുടെ ലംഘനം നടന്നിട്ടുണ്േടാ എന്നും സിബിഐ അന്വേഷിക്കുന്നുണ്ട്.


കൊച്ചിയിലും തിരുവനന്തപുരത്തുമായി 32 കേസുകളാണു സിബിഐ അന്വേഷിക്കുന്നത്. മിക്ക കേസുകളുടെയും അന്വേഷണം അന്തിമഘട്ടത്തിലാണെന്നു സിബിഐ വ്യക്തമാക്കുന്നു. ഹവാല പണം വെളുപ്പിക്കാനുള്ള മാര്‍ഗമായി ലോട്ടറിയെ ഉപയോഗിക്കുന്നതു സംബന്ധിച്ച അന്വേഷണം രാജ്യത്തിനു പുറത്തേക്കും വ്യാപിപ്പിക്കാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടി. സാന്റിയാഗോ മാര്‍ട്ടിനു ഭൂട്ടാനില്‍നിന്നുള്ള സഹായവും അന്വേഷണവിധേയമാകും. ഇന്റര്‍പോളിന്റെ തെളിവുകള്‍ കോടതി അംഗീകരിക്കാത്തതിനാലാണ് നേരിട്ടല്ലാതെയുള്ള സഹായം തേടിയത്.

ഭൂട്ടാന്‍ ലോട്ടറിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചു കേരളത്തില്‍ അന്വേഷണം തുടങ്ങിയതിനു പിന്നാലെ ഭൂട്ടാന്‍ സര്‍ക്കാര്‍ ലോട്ടറിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചിരുന്നു.

അനധികൃത പ്രസുകളില്‍ ലോട്ടറി അച്ചടിച്ചു, സാന്റിയാഗോ മാര്‍ട്ടിനു വാര്‍ഷിക ഫീസ് കുറച്ചു നല്‍കി, മാര്‍ട്ടിന് അനുകൂലമായി കരാറില്‍ മാറ്റം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയില്‍ കണ്െടത്തിയിരുന്നു. ക്രമക്കേട് കണ്െടത്തിയ സാഹചര്യത്തില്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ ലോട്ടറി വില്പന അവസാനിപ്പിച്ചിരുന്നു.