കോല്‍ക്കത്ത സന്ദര്‍ശനം മമത തടഞ്ഞുവെന്നു റുഷ്ദി
Saturday, February 2, 2013 11:09 PM IST
കോല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ കോല്‍ക്കത്ത സന്ദര്‍ശനം തടഞ്ഞുവെന്ന് വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. കോല്‍ക്കത്തയിലെത്തിയാല്‍ അടുത്ത വിമാനത്തില്‍ കെട്ടുകെട്ടിക്കാന്‍ മമത പോലീസിനു നിര്‍ദേശം നല്കിയിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

റുഷ്ദിയുടെ മിഡ്നൈറ്റ് ചില്‍ഡ്രന്‍ എന്ന നോവലിനെ ആധാരമാക്കി ദീപ മേത്ത സംവിധാനം ചെയ്ത എന്ന സിനിമയുടെ പ്രചാരണത്തിനായിരുന്നു റുഷ്ദി ബുധനാഴ്ച കോല്‍ക്കത്തയില്‍ എത്താനിരുന്നത്. കോല്‍ക്കത്ത ലിറ്റററി മീറ്റിനോടനുബന്ധിച്ചായിരുന്നു ഇതു സംഘടിപ്പിച്ചിരുന്നത്.തന്റെ യാത്രപരിപാടികളുടെ മുഴുവന്‍ വിശദാംശവും പോലീസ് മാധ്യമങ്ങള്‍ക്കു നല്കിയെന്നും മുസ്ലിംകളെ പ്രതിഷേധത്തിനു പ്രോത്സാഹിപ്പിച്ചെന്നും റുഷ്ദി കുറ്റപ്പെടുത്തി.


അതേസമയം, റുഷ്ദിയെ തങ്ങള്‍ കോല്‍ക്കത്തയിലേക്കു ക്ഷണിച്ചിരുന്നില്ലെന്ന് കോല്‍ക്കത്ത ലിറ്റററി മീറ്റിന്റെയും (കെഎല്‍എം) കോല്‍ക്കത്ത ബുക്ക് ഫെയറിന്റെ ഭാരവാഹികള്‍ പറഞ്ഞു. റുഷ്ദി കള്ളം പറയുകയാണെന്നു കോല്‍ക്കത്ത ബുക്ക് ഫെയര്‍ ഭാരവാഹി തൃദീപ് ചാറ്റര്‍ജി പറഞ്ഞു. എന്നാല്‍ തനിക്കു സംഘാടകര്‍ അയച്ച ഇ-മെയിലുകളും വിമാന ടിക്കറ്റും തെളിവായി ഹാജരാക്കാമെന്നു റുഷ്ദി പറഞ്ഞു.

അതേസമയം തന്റെ അഭ്യര്‍ഥനപ്രകാരമാണ് മമത ബാനര്‍ജി റുഷ്ദിയുടെ കോല്‍ക്കത്ത സന്ദര്‍ശനം തടഞ്ഞതെന്നു ടിപ്പു സുല്‍ത്താന്‍ മോസ്കിലെ ഷാഹി ഇമാം സയിദ് നൂര്‍ - ഉര്‍-റഹ്മാന്‍ ബര്‍ക്കത്തി പറഞ്ഞു. റുഷ്ദി കോല്‍ക്കത്തയിലെത്തിയാല്‍ പ്രശ്നങ്ങളുണ്ടാകുമെന്നു താന്‍ മുഖ്യമന്ത്രിക്കു സന്ദേശമയച്ചുവെന്നു അദ്ദേഹം വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.