വി. മുരളീധരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം
Friday, February 15, 2013 11:24 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗിന് അയച്ച കത്തിനെ കുറിച്ച് അറിയില്ലെന്നു കേന്ദ്ര നേതൃത്വം. പാര്‍ട്ടി വക്താവ് നിര്‍മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒമ്പതു ജില്ലാ പ്രസിഡന്റുമാര്‍ കത്തയച്ചെന്ന വാര്‍ത്തയെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അവര്‍.

സൂര്യനെല്ലി കേസില്‍ അഭിഭാഷകന്‍ എന്ന നിലയ്ക്കാണു രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പി.ജെ. കുര്യനു വേണ്ടി ഹാജരായത്. ഇക്കാര്യത്തില്‍ കുര്യന്‍ രാജിവയ്ക്കണമെന്നു തന്നെയാണു പാര്‍ട്ടി നിലപാട്. രാജിവയ്ക്കാത്ത സാഹചര്യമുണ്ടായാല്‍ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ കുര്യനെ ബഹിഷ്കരിക്കണമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി ആലോചിക്കും. അന്തിമ തീരുമാനം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലുണ്ടാവുമെന്നും നിര്‍മ്മല അറിയിച്ചു.


മാധ്യമ പ്രവര്‍ത്തകയോട് അശ്ളീല ചുവയുള്ള ഭാഷയില്‍ സംസാരിച്ച കേന്ദ്രമന്ത്രി വയലാര്‍ രവി പരസ്യമായി മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. വയലാര്‍ രവി പരസ്യമായി മാപ്പ് പറയണമെന്നും മോശമായ രീതിയില്‍ പെരുമാറിയ രവിക്ക് കോണ്‍ഗ്രസ് താക്കീത് നല്‍കണമെന്നും ബിജെപി നേതാവ് സ്മൃതി ഇറാനിയും ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.