ഹരിയാനയില്‍ തിരിച്ചുവരവ് സ്വപ്നംകണ്ട് കോണ്‍ഗ്രസ്
ഹരിയാനയില്‍ തിരിച്ചുവരവ് സ്വപ്നംകണ്ട് കോണ്‍ഗ്രസ്
Monday, September 15, 2014 12:17 AM IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്. പ്രതിപക്ഷസഖ്യം ദുര്‍ബലമായതാണു കോണ്‍ഗ്രസിനു പ്രതീക്ഷയ്ക്കു വകനല്‍കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്കു കഴിയില്ലെന്നും ഉത്തരേന്ത്യയില്‍ ആഞ്ഞടിച്ച മോദിതരംഗത്തിന്റെ ഫലമായിരുന്നു ബിജെപിയുടെ വിജയമെന്നും കോണ്‍ഗ്രസ് കരുതുന്നു. മാത്രമല്ല, ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ്(എച്ച്ജെസി) എന്‍ഡിഎ വിട്ടു. എച്ച്ജെസി എന്‍ഡിഎ വിട്ടതു കോണ്‍ഗ്രസിനു ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4.2 ശതമാനം വോട്ട് നേടിയ എഎപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഈ വോട്ടുകള്‍ കോണ്‍ഗ്രസിലേക്കു മാറാന്‍ സാധ്യതയുണ്െടന്നു നേതാക്കള്‍ പറയുന്നു.


ആകെയുള്ള 90 സീറ്റുകളില്‍ 40 എണ്ണവും മുഖ്യമന്ത്രിസ്ഥാനവുമാണ് എച്ച്ജെസി ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാന്‍ ബിജെപി തയാറായില്ല. സ്വന്തം നിലയില്‍ ഭരണത്തിലെത്താനാണു ബിജെപി ആഗ്രഹിക്കുന്നത്. അതേസമയം, ബിജെപി വിരുദ്ധ വോട്ടുകള്‍ നല്ല പങ്ക് നേടിയെടുക്കാനാവുമെന്നു കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

മറ്റൊരു പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ(ഐഎന്‍എല്‍ഡി) നേതാവ് ഓം പ്രകാശ് ചൌതാലയും മകനും ജയിലിലാണ്. ചൌതാലയുടെ കൊച്ചുമകനാണു പാര്‍ട്ടിയെ നയിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റു മാത്രമാണു കിട്ടിയത്. ബിജെപി ഏഴും ഐഎന്‍എല്‍ഡി രണ്ടും സീറ്റ് നേടി. ബിജെപി 34.7 ശതമാനം വോട്ടും കോണ്‍ഗ്രസും ഐഎന്‍എല്‍ഡിയും 22.9 ശതമാനം വീതം വോട്ടും നേടി. എച്ച്ജെസിക്ക് 6.1 ശതമാനവും ബിഎസ്പിക്ക് 4.6 ശതമാനവും കിട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.