ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം തുടങ്ങി
ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം തുടങ്ങി
Thursday, September 18, 2014 12:16 AM IST
അഹമ്മദാബാദ്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് ഇന്ത്യയിലെത്തി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രിയുടെ ജന്മദേശമായ ഗുജറാത്തുമായി ബന്ധപ്പെട്ട രണ്ടു ധാരണാപത്രങ്ങളിലും ഒരു കരാറി ലും ഒപ്പിട്ടു.

ചൈനയുടെ സമ്പന്ന പ്രവിശ്യയായ ഗ്വാങ്ഡോംഗിന്റെ സഹോദര പ്രവിശ്യയായി അഹമ്മദാബാദിനെ അംഗീകരിച്ചുകൊണ്ടും സാംസ്കാരിക വിനിമയം ലക്ഷ്യമിട്ട് ഗ്വാങ്ഡോംഗിന്റെ തലസ്ഥാനനഗരമായ ഗ്വാങ്ചൌവിനെ സഹോദരനഗര മായി അംഗീകരിച്ചുമുള്ള രണ്ടു ധാരണാപത്രങ്ങളിലും ഗുജറാത്തില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചൈന ഡെവലപ്മെന്റ് ബാങ്കും ഗുജറാത്ത് ഇന്‍ഡസ്ട്രീയല്‍ എക്സ്റെന്‍ഷന്‍ ബ്യൂറോയും തമ്മിലുള്ള കരാറിലുമാണ് ഇന്നലെ ഒപ്പുവച്ചത്. ഗുജറാത്തിലെ വ്യവസായപ്രമുഖരും ധാരണാപത്രം ഒപ്പിടുന്നവേളയില്‍ ഹോട്ടലില്‍ എത്തിയിരുന്നു. ശ്രീലങ്കയില്‍നിന്ന് എയര്‍ ചൈനയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ചൈനീസ് പ്രസിഡന്റിനെ ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി. കോഹ്ലി, മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. പ്രസിഡന്റിനെ കൂടാതെ ഭാര്യ പെംഗ് ലിയുവാനും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് സന്ദര്‍ശക സംഘത്തിലുള്ളത്. കേന്ദ്ര ഏജന്‍സികളും ഗുജറാത്ത് പോലീസുമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഗാര്‍ഡ് ഓഫ് ഓണറിനു പകരം ഗുജറാത്തിന്റെ പരമ്പരാഗത നൃത്തമാണ് വിമാനത്താവളത്തില്‍ ഇവരെ സ്വീകരിച്ചത്.


ഹയാത് ഹോട്ടലിനു മുമ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിനെയും ഭാര്യയെയും പൂച്ചെണ്ടുകള്‍ നല്കി സ്വീകരിച്ചു. ഡല്‍ഹിക്കു പുറത്തുള്ള സ്ഥലത്ത് ഒരു രാജ്യത്തലവനെ പ്രധാനമന്ത്രി സ്വീകരിക്കുന്നത് ഇതാദ്യമായാണ്. 64-ാം ജന്മദിനവാര്‍ഷികം ആഘോഷിക്കാനും അമ്മയെ കാണാനുമായി മോദി ചൊവ്വാഴ്ചതന്നെ ഗുജറാത്തിലെത്തിയിരുന്നു.

ഹോട്ടലില്‍ ഒരുക്കിയ ബുദ്ധ മതസംബന്ധിയായ ശില്പങ്ങളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശന നഗരിയിലേക്ക് മോദി ഇവരെ ആനയിച്ചു. തുടര്‍ന്ന് നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും ഹോട്ടലില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. ഇതിനുശേഷമാണ് ഗുജറാത്തില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട മൂന്നു കരാറുകളില്‍ ഒപ്പുവച്ചത്.തുടര്‍ന്ന് സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. സബര്‍മതി നദീതട ത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് മോദി വിവരിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ നിര്‍മാണ, സാങ്കേതിക മേഖലകളില്‍ നൂറു കോടി ഡോളര്‍ നിക്ഷേപിക്കാന്‍ താത്പര്യമുണ്െടന്നു ചൈന അറിയിച്ചതായാണു സൂചന. വരുംദിവസങ്ങളില്‍ അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് നയതന്ത്രതലത്തില്‍ ചര്‍ച്ചയുണ്ടാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.