എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ നിയമങ്ങള്‍ തെറ്റിച്ചിട്ടില്ലെന്ന് പി. ചിദംബരം
എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ നിയമങ്ങള്‍ തെറ്റിച്ചിട്ടില്ലെന്ന് പി. ചിദംബരം
Sunday, September 21, 2014 12:37 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: എയര്‍സെല്‍- മാക്സിസ് ഇടപാടില്‍ നിയമങ്ങള്‍ തെറ്റിച്ചൊന്നും ചെയ്തിട്ടില്ലെന്നു മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം. ഇടപാടില്‍ ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐ ഒരുങ്ങുന്നതു സംബന്ധിച്ച വാര്‍ത്തയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എയര്‍സെല്‍- മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ടു നിയമങ്ങള്‍ക്കു വിരുദ്ധമായി ചിദംബരം പ്രവര്‍ത്തിക്കുമെന്നു പറയാനാവില്ലെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും പ്രതികരിച്ചു.

എയര്‍സെല്ലില്‍ മാക്സിസ് ഓഹരി എടുക്കുന്നതിനു വിദേശ നിക്ഷേപം നടത്തുന്നതിനുള്ള ഫയലില്‍ ഫോറിന്‍ ഇന്‍വെസ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡ് (എഫ്ഐപിബി) ആണ് ഒപ്പിടേണ്ടതിരിക്കേ ധനമന്ത്രിയായിരുന്ന ചിദംബരം ഒപ്പിട്ടതാണ് സിബിഐ അന്വേഷിക്കുന്നത്. മാക്സിസ് കരാറിനുവേണ്ടി മൌറീഷ്യസ് ആസ്ഥാനമായുള്ള ഗ്ളോബല്‍ കമ്യൂണിക്കേഷന്‍ സര്‍വീസസ് ഹോള്‍ഡിംഗ് കമ്പനി 800 ദശലക്ഷം യുഎസ് ഡോളറാണ് നിക്ഷേപിച്ചത്. ഇതിനുള്ള അനുമതി കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി നല്‍കണമെന്നിരിക്കേ ധനമന്ത്രിയായിരുന്ന ചിദംബരം നേരിട്ട് ചെയ്യുകയായിരുന്നുവെന്നും സിബിഐ വിചാരണക്കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.


എന്നാല്‍, ഈ ഇടപാടുമായി ബന്ധപ്പെട്ട ഫയല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് തന്റെ മുന്നിലെത്തിയതെന്നും ഇതാണു താന്‍ അംഗീകരിച്ചതെന്നും ചിദംബരം വ്യക്തമാക്കി. എല്ലാ ഫയലുകളുടെ കാര്യത്തിലും ഇതേ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, എഫ്ഐടിബി ഇടപെടേണ്ട കാര്യത്തില്‍ ചിദംബരം കണ്ണുപൂട്ടി ഒപ്പിട്ടത് നിയമവിരുദ്ധമായാണെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.