റവ. ഡോ. തോമസ് കൊല്ലംപറമ്പില്‍ സിഎംഐ അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷന്‍ അംഗം
റവ. ഡോ. തോമസ് കൊല്ലംപറമ്പില്‍ സിഎംഐ അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷന്‍ അംഗം
Sunday, September 21, 2014 12:19 AM IST
ബാംഗളൂര്‍:കത്തോലിക്കാ സഭയുടെ അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷഷന്‍ അംഗ മായി ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ ദൈവശാസ്ത്ര വിഭാഗം തലവന്‍ റവ. ഡോ. തോമസ് കൊല്ലംപറമ്പിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ദൈവശാസ്ത്ര വിഷയങ്ങളെക്കുറിച്ചു, പ്രത്യേകിച്ച് ഈ രംഗത്തെ നൂതന പ്രവണതകളെ സംബന്ധിച്ചു പഠനം നടത്തുകയും ആധികാരികമായ അഭിപ്രായം സഭയുടെ വിശ്വാസതിരുസംഘത്തിനം മാര്‍പാപ്പയ്ക്കും നല്‍കുകയും ചെയ്യുന്ന ദൈവശാസ്ത്രവിദഗ്ധരുടെ സമിതിയാണിത്. മുപ്പത് അംഗങ്ങളുള്ള ഇപ്പോഴത്തെ കമ്മീഷനിലെ ഏക ഇന്ത്യക്കാരനായ ഫാ. തോമസ്, ഈ പദവിയിലെത്തുന്ന ആദ്യത്തെ സിഎംഐ സഭാംഗവുമാണ്.

പാലാ, മുത്തോലി സ്വദേശിയായ റവ. ഡോ. തോമസ് കൊല്ലംപറമ്പില്‍, റോമിലെ അഗസ്റീനിയന്‍ ഇന്‍സ്റിറ്റ്യൂട്ടില്‍നിന്നും സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്നു സുറിയാനി ഭാഷയില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. സഭാപിതാക്കന്മാരുടെ രചനകളിലും ദൈവശാസ്ത്രത്തിലും അഗാധപാണ്ഡിത്യമുള്ള ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. പൌരസ്ത്യ സഭാപിതാക്കന്മാരുടെ രചനകള്‍ സുറിയാനിയില്‍നിന്നു തര്‍ജമ ചെയ്തു. ധര്‍മാരാം വിദ്യാക്ഷേത്രത്തിന്റെ പ്രസിഡന്റായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോള്‍ സീറോ-മലബാര്‍ സഭയുടെ ദൈവശാസ്ത്ര കമ്മീഷന്‍ അംഗഗമായും പ്രവര്‍ത്തിക്കുന്നു. ജഗദല്‍പ്പൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.