ജയലളിതയുടെ അനുഗ്രഹം തേടി പനീര്‍ശെല്‍വം എത്തി
ജയലളിതയുടെ അനുഗ്രഹം തേടി പനീര്‍ശെല്‍വം എത്തി
Wednesday, October 1, 2014 12:32 AM IST
ബാംഗളൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ജയലളിതയുടെ അനുഗ്രഹം വാങ്ങാന്‍ ബാംഗളൂര്‍ പരപ്പന അഗ്രഹാര ജയിലിലെത്തി. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയലളിത ജയിലിലായതിനെത്തുടര്‍ന്നാണു പനീര്‍ശെല്‍വം മുഖ്യമന്ത്രിയായത്. തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ജയലളിതയെ കാണാന്‍ പനീര്‍ശെല്‍വം ജയിലിലെത്തിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. ഇതിനെത്തുടര്‍ന്ന് ബാംഗളൂരില്‍ തങ്ങിയ മുഖ്യമന്ത്രിയും സംഘവും ഇന്നലെ രാവിലെ ജയലളിതയെ സന്ദര്‍ശിച്ചു. മന്ത്രിമാരായ വലര്‍മതി, കൊഗലേ ഇന്ദിര, പി. മോഹനന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


അതേസമയം, ജയലളിതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് തമിഴ് സിനിമാപ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ ഉപവസിച്ചു. തമിഴ്നാട് പ്രൊ ഡ്യൂസേഴ്സ് കൌണ്‍സില്‍, സൌത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധി സിനിമാ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഉപവാസം. വൈകുന്നേരം ആറുവരെയുള്ള സിനിമാ പ്രദര്‍ശനങ്ങളും സിനിമാ-സീരിയല്‍ ഷൂട്ടിംഗുകളും നിര്‍ത്തിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.