ആകാശവാണിക്കു നല്ലകാലം; ഹൃദയത്തിന്റെ ഭാഷയില്‍' മോദി പ്രസംഗിക്കും
Thursday, October 2, 2014 12:17 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ആകാശവാണിക്കു വീണ്ടും നല്ല കാലം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 11ന് ആകാശവാണിയിലൂടെ രാജ്യത്തോടു സംസാരിക്കും. ഹൃദയത്തിന്റെ ഭാഷയില്‍ (മന്‍ കി ബാത്ത്) എന്ന പേരിട്ടിരിക്കുന്ന മോദിയുടെ പ്രതിമാസ പരിപാടിയുടെ ആദ്യ പ്രസംഗം എഫ്എം, കമ്യൂണിറ്റി റേഡിയോ അടക്കം ഓള്‍ ഇന്ത്യ റേഡിയോയുടെ എല്ലാ കേന്ദ്രങ്ങളും പ്രക്ഷേപണം ചെയ്യും. ദൂരദര്‍ശന്‍ വാര്‍ത്തയിലും നാളെ ഇതേ പരിപാടിയുടെ സംപ്രേക്ഷണമുണ്ടാകും.

പ്രധാനമന്ത്രിയുടെ പരിപാടി ദൂരദര്‍ശനു പുറമേ മറ്റു സ്വകാര്യ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും ചിത്രങ്ങളുടെ അകമ്പടിയോടെ സംപ്രേക്ഷണം ചെയ്യും. ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും സ്വകാര്യ എഫ്എം റേഡിയോ നിലയങ്ങളുടെയും വരവിനെത്തുടര്‍ന്നു വിസ്മൃതിയിലായിരുന്ന ആകാശവാണിക്ക് ഇതോടെ പുതിയ താരപ്രഭ ലഭിക്കും.

മലയാളത്തില്‍ അടക്കം രാജ്യത്തെ പ്രധാന പ്രാദേശിക ഭാഷകളില്‍ നാളെ വൈകുന്നേരം തന്നെ പ്രധാനമന്ത്രിയുടെ സംസാരം പരിഭാഷപ്പെടുത്തി വീണ്ടും അതതു സംസ്ഥാനങ്ങളില്‍ എഐആര്‍ പ്രക്ഷേപണം ചെയ്യും. മീഡിയം വേവ്, ഷോര്‍ട്ട് വേവ്, എഫ്എം, വിവിധ് ഭാരതി, പ്രാദേശിക നിലയങ്ങള്‍ എന്നീ നിലയങ്ങളിലെല്ലാം നാളെ പ്രക്ഷേപണമുണ്ട്. രാജ്യത്തെ 99.2 ശതമാനം ജനങ്ങളിലും പ്രധാനമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഡല്‍ഹി റേസ് കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഗാന്ധിജയന്തി ദിനമായ ഇന്നു മോദി മനസു തുറക്കുന്ന പ്രത്യേക പരിപാടി റിക്കാര്‍ഡ് ചെയ്യുമെന്നു എഐആര്‍ വാര്‍ത്താ വിഭാഗം ഡയറക്ടര്‍ ജനറല്‍ അര്‍ച്ചന ദത്ത ദീപികയോടു പറ ഞ്ഞു. സര്‍ക്കാരിന്റെ പൊതുസംപ്രേക്ഷകരായ ആകാശവാണിയെ പ്രധാനമന്ത്രി തെരഞ്ഞെടുത്തതു വലിയ പ്രോത്സാഹനമാണെന്ന് എഐആര്‍ ഡയറക്ടര്‍ ജനറല്‍ എഫ്. ഷെഹ്രിയാര്‍ പറഞ്ഞു.

രാജ്യത്തെ സ്വകാര്യ നിലയങ്ങളും ടെലിവിഷന്‍ ചാനലുകളും അടക്കം ആവശ്യപ്പെടുന്നവര്‍ക്കു പ്രധാനമന്ത്രിയുടെ റേഡിയോ സംസാരത്തിന്റെ ശബ്ദരേഖ നല്‍കുമെന്നു കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഗ്രാമീണര്‍ ഉള്‍പ്പെടെ രാജ്യത്തെ പരമാവധി ജനങ്ങളില്‍ സന്ദേശം എത്തിക്കുന്നതിനായാണു ശബ്്ദരേഖ സൌജന്യമായി നല്‍കുന്നതെന്നു മന്ത്രാലയം വിശദീകരിച്ചു. ഇക്കാര്യം അറിയിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് റേഡിയോ ഓപ്പറേറ്റേഴ്സ് ഫോര്‍ ഇന്ത്യ, കമ്യൂണിറ്റി റോഡിയോ അസോസിയേഷന്‍, അസോസിയേഷന്‍ ഫോര്‍ റീജണല്‍ ടിവി ബ്രോഡ്കാസ്റ്റിംഗ് ഇന്‍ ഇന്ത്യ എന്നിവരടക്കമുള്ളവര്‍ക്കും ഇന്നലെ സന്ദേശം നല്‍കി.


എല്ലാ മാസവും ഒരു തവണ വീതം ആകാശവാണിയിലൂടെ രാജ്യത്തോടു സംസാരിക്കാനാണു പരിപാടി. നരേന്ദ്ര മോദി മനസു തുറക്കുന്ന മന്‍ കി ബാത്ത് പരിപാടിക്കായി പ്രത്യേക റിക്കാര്‍ഡിംഗ് സ്റുഡിയോ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സ്ഥാപിച്ചു. പ്രതിമാസ പരിപാടി ഉള്ളതിനാലാണു സ്ഥിരം സംവിധാനമെന്നും അതില്‍ തെറ്റില്ലെന്നും എഐആര്‍ പറയുന്നു. ഇതാദ്യമായാണു സര്‍ക്കാരിന്റെ കീഴിലുള്ള പൊതു പ്രക്ഷേപകര്‍ പ്രധാനമന്ത്രിക്കുവേണ്ടി മാത്രമായി സ്ഥിരം സ്റുഡിയോ സംവിധാനം അദ്ദേഹത്തിന്റെ വസതിയില്‍ സ്ഥാപിക്കുന്നത്.

ദൂരദര്‍ശന്റെ ഒരു കാമറ ടീമി നെയും ഏതാണ്ടു മുഴുവന്‍ സമയ വും പ്രധാനമന്ത്രിയുടെ വസതിയില്‍ നിയോഗിച്ചിട്ടുണ്ട്.

ഇതേസമയം, അനിഷ്ടകരമായ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനാണു മാധ്യമങ്ങളെ പൊതുവേ അകറ്റി നിര്‍ത്തിക്കൊണ്ടു സ്തുതിപാഠകരായി മാറുന്ന സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രം പ്രധാനമന്ത്രി സംസാരിക്കുന്നതെന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു നല്ലതു തന്നെ.

പക്ഷേ, സര്‍ക്കാരിന്റെ കീഴിലുള്ള പത്രപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയോടു എതിര്‍ചോദ്യങ്ങള്‍ ചോദിക്കാന്‍ തയാറാകില്ല. രാജ്യത്തെ ജനങ്ങള്‍ക്കു സത്യമറിയാന്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനമാണു ആവശ്യം.

മോദിക്കു പറയാനുള്ള ഏകപക്ഷീയമായ കാര്യങ്ങള്‍ മാത്രം പുറത്തുവരുന്നത് അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടുകളും മറച്ചുവയ്ക്കാനാണെന്നു ഒരു മുതിര്‍ന്ന കമ്യൂണിസ്റു നേതാവ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.