ബിജെപി ആസ്ഥാനത്ത് ആവേശം: കോണ്‍ഗ്രസ് കേന്ദ്രത്തില്‍ പ്രതിഷേധം
ബിജെപി ആസ്ഥാനത്ത് ആവേശം: കോണ്‍ഗ്രസ് കേന്ദ്രത്തില്‍ പ്രതിഷേധം
Monday, October 20, 2014 11:51 PM IST
ന്യൂഡല്‍ഹി: നിയമസഭാ തെര ഞ്ഞെടുപ്പുകള്‍ എന്നതിനപ്പുറം ദേശീയ പ്രധാന്യത്തോടെയാണു ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതൃത്വങ്ങള്‍ വീക്ഷിച്ചിരുന്നത്. ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ പുരോഗമനത്തിന്റെ ആദ്യ ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ബിജെപിയുടെ ഡല്‍ഹി ആസ്ഥാനത്ത് ആഹ്ളാദ നൃത്തവും മധുര വിതര ണ വും ആരംഭിച്ചിരുന്നു.

ചലോ ചലേ മോദി കെ സാത്ത് എന്ന മുദ്രാവാക്യമുയര്‍ത്തി ഒറ്റയ്ക്കു പ്രചാരണം നയിച്ചു വിജയത്തിലെത്തിച്ച നരേന്ദ്ര മോദിക്കു ജയ് വിളികളുമായി അവര്‍ ഡല്‍ഹിയുടെ നിരത്തുകളിലേക്കിറങ്ങി.

അതേസമയം, ഇരുസംസ്ഥാ നങ്ങളിലും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട കോണ്‍ഗ്രസിന്റെ ആസ്ഥാനമായ എഐസിസി മന്ദിരത്തില്‍ സ്ഥിതി ഭിന്നമായിരുന്നു. കനത്ത പരാജയമേറ്റതിനെത്തുടര്‍ന്നു പ്രിയങ്ക ഗാന്ധി സജീവമായി രാഷ്ട്രീയരംഗത്തേക്കു വരണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യമുയര്‍ത്തി.

പ്രിയങ്കയെ കൊണ്ടുവരൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ളാക്കാര്‍ഡുകളുമായാണ് അണികള്‍ പ്രകടനത്തിനിറങ്ങിയത്.


പ്രിയങ്ക നേതൃനിരയിലേക്കിറങ്ങാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്‍കൈയെടുക്കണമെന്നായിരുന്നു പ്രകടനം നടത്തിയവര്‍ ആവശ്യപ്പെട്ടത്. ഇരുന്നൂറോളം പേരടങ്ങിയ പ്രകടനത്തെ നയിച്ചത് ഐഎന്‍ടിയുസി ദേശീയ നേതാവായ ജഗദീഷ് ശര്‍മയാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രിയങ്ക പ്രചാരണത്തിനിറങ്ങിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസിനു അനുകൂലമാകുമായിരുന്നെന്നാണു ജഗദീഷ് പ്രതികരിച്ചത്.

ഇരുസംസ്ഥാനങ്ങളിലും നേടിയ ശ്രദ്ധേയ വിജയങ്ങള്‍ക്കുശേഷം തലസ്ഥാനമായ ഡല്‍ഹിയിലും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ ഉറപ്പായും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണു മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണു ബിജെപി ഡല്‍ഹി ഘടകം ജനറല്‍ സെക്രട്ടറി എം.പി. രമേഷ് ബിധുരി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.