എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ സോണിയയും രാഹുലും പങ്കെടുത്തില്ല
എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ സോണിയയും രാഹുലും പങ്കെടുത്തില്ല
Tuesday, October 21, 2014 12:14 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നശേഷം ചേര്‍ന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും പങ്കെടുത്തില്ല. തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിയെക്കുറിച്ച് ഇന്നലത്തെ യോഗം വിശദമായി ചര്‍ച്ച ചെയ്തില്ലെന്നും സംഘടനാ തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങളാണു ചര്‍ച്ച നടത്തിയതെന്നും എഐസിസി തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി വ്യക്തമാക്കി.

ഭാവിപരിപാടികള്‍ ആലോചിക്കാന്‍ പിസിസി അധ്യക്ഷന്മാരുടെയും എഐസിസി ജനറല്‍ സെക്രട്ടറിമാരുടെയും സംയുക്തയോഗം 28നു ഡല്‍ഹിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലേക്കു സോണിയ, രാഹുല്‍ എന്നിവരെ ക്ഷണിച്ചിരുന്നില്ലെന്നു സംഘടനാ കാര്യങ്ങളുടെ ചുമത ലയുള്ള ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി വിശദീകരിച്ചു. മറ്റു ചില അസൌകര്യങ്ങള്‍ മൂലമാണ് അഹമ്മദ് പട്ടേല്‍ യോഗത്തിനെത്താതിരുന്നത്. തീര്‍ത്തും അസൌകര്യമുണ്ടായ ഏതാനും ചിലരൊഴികെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, മധുസൂദന്‍ മിസ്ത്രി, വി. നാരായണ സ്വാമി എന്നിവരടക്കം മറ്റെല്ലാ ജനറല്‍ സെക്രട്ടറിമാരും പങ്കെടുത്തു.

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും ബൂത്തുതലം മുതല്‍ പ്രവര്‍ത്തനം സജീവമാക്കാനും സംഘടനാ തെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തുമെന്നു മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍വിയും ജയവും വന്നു പോകും. താഴെത്തട്ടു മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണു പ്രധാനം. സംഘടനാ തെരഞ്ഞെടുപ്പിനെ അതിനായി പ്രയോജനപ്പെടുത്തുകയാണു ദൌത്യം. ഡിസംബര്‍ 31 വരെ കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും അംഗത്വ വിതരണം ത്വരിതപ്പെടുത്താന്‍ ഇന്നലത്തെ യോഗം തീരുമാനിച്ചുവെന്നു മുല്ലപ്പള്ളി പറഞ്ഞു.

ഇതേസമയം, 1992നു ശേഷം കോണ്‍ഗ്രസില്‍ ശരിയായ തരത്തിലുള്ള തെരഞ്ഞെടുപ്പു നടന്നിരുന്നില്ല. തിരുപ്പതി എഐസിസിയില്‍ പ്രവര്‍ത്തകസമിതിയിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പും കേരളത്തില്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ വയലാര്‍ രവിയെ സ്ഥാനാര്‍ഥിയാക്കി എ.കെ. ആന്റണിയെ പരാജയപ്പെടുത്തിയതും ആണ് അവസാനത്തെ വാശിയേറിയ മത്സരം. പിന്നീടെല്ലാം സമവായത്തിന്റെ പേരില്‍ ഗ്രൂപ്പുകളുടെ വീതംവയ്പും സമിതികളിലേക്കും ഭാരവാഹിത്വത്തിലേക്കും നേതാക്കന്മാരെ കുത്തിത്തിരുകലുമാണു കോണ്‍ഗ്രസില്‍ നടന്നുവരുന്നത്.


സംഘടനാതലത്തില്‍ പാര്‍ട്ടിയെ ക്ഷയിപ്പിക്കുന്നതിനു സമവായത്തിന്റെ മറവിലുള്ള വീതംവയ്പാണു കാരണമായതെന്നു കോണ്‍ഗ്രസില്‍ത്തന്നെ പരാതി വ്യാപകമാണ്. തെരഞ്ഞെടുപ്പുകാലത്തു നോട്ടീസുകളും സ്ഥാനാര്‍ഥികളുടെ സ്ലിപ്പും പോലും വിതരണം ചെയ്യാന്‍ പലയിടത്തും ബൂത്ത് കമ്മിറ്റികള്‍ പോലും ഇല്ലാതായി.

തികച്ചും സ്വതന്ത്രവും നീതിപൂര്‍വകവുമായ സംഘടനാ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നു മുല്ലപ്പള്ളി പറഞ്ഞു. അടിച്ചേല്‍പ്പിക്കുന്ന സമവായം വേണ്െടന്നതാണു പൊതുസമീപനം. അടുത്തിടെ ബൂത്ത്, മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പു നടത്തിയ കേരളത്തില്‍ അടക്കം രാജ്യത്താകെ തെരഞ്ഞെടുപ്പു നടത്താന്‍ നടപടി തുടങ്ങി. കേരളത്തിലാണ് ഏറ്റവും നന്നായി സംഘടനാ പ്രവര്‍ത്തനം നടക്കുന്നത്.

കോണ്‍ഗ്രസിന്റെ എല്ലാ തലങ്ങളിലും 33 ശതമാനം വനിതാ സംവരണവും പട്ടികജാതി- വര്‍ഗ, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെല്ലാംകൂടി 20 ശതമാനവും സംവരണം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെയാണ് അംഗത്വവിതരണം. അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അഞ്ചു രൂപയുടെ പ്രാഥമികാംഗത്വം കിട്ടുമെന്നു ഉറപ്പാക്കും. തെരഞ്ഞെടുപ്പു നടപടികള്‍ സുഗമമായി നടത്തുന്നതിനുവേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ പിആര്‍ഒമാരെ വൈകാതെ നിയമിക്കും. 2015 ജൂലൈ 31നു മുമ്പു പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും കോണ്‍ഗ്രസ് പ്രസിഡന്റിന്റെയും തെരഞ്ഞെടുപ്പിനുള്ള പ്ളീനറി സമ്മേളനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.