മോദിയോടൊപ്പം കഴിയണമെന്നു ഭാര്യ യശോദ ബെന്‍
മോദിയോടൊപ്പം കഴിയണമെന്നു ഭാര്യ യശോദ ബെന്‍
Saturday, November 22, 2014 12:12 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദീര്‍ഘനാളത്തെ നിശബ്ദതയ്ക്കും തീര്‍ഥാടനങ്ങള്‍ക്കുമൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍ തനിക്കു ഭര്‍ത്താവിനൊപ്പം ജീവിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞു. തന്നെ വന്നു വിളിച്ചാല്‍ മോദിയോടൊപ്പം പോകുമെന്നാണു യശോദ ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

"എന്നെ കൂടെ കൊണ്ടു പോകാന്‍ അദ്ദേഹം തയാറാണെങ്കില്‍ ഞാന്‍ പോവുക തന്നെ ചെയ്യും'' എന്നായിരുന്നു യശോദയുടെ വാക്കുകള്‍. സ്കൂള്‍ അധ്യാപികയായി വിരമിച്ചശേഷം സഹോദരന്‍മാര്‍ക്കൊപ്പം വടക്കന്‍ ഗുജറാത്തിലെ ഈശ്വര്‍വാദയില്‍ താമസിക്കുന്ന യശോദ ബെന്നിനു മോദി പ്രധാനമന്ത്രിയായതിനുശേഷം എസ്പിജി സുരക്ഷ നല്‍കി വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈയില്‍ ബന്ധുക്കളെ സന്ദര്‍ശിച്ച യശോദ ബെന്നിനെ ഗുജറാത്തില്‍നിന്നുള്ള അഞ്ചു പേരടങ്ങിയ പോലീസ് സംഘം അനുഗമിച്ചിരുന്നു.

വിവാഹിതനാണെന്ന വാര്‍ത്തകളോടു എക്കാലവും മൌനം പാലിച്ചിരുന്ന മോദി ഒടുവില്‍ വഡോദരയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണു ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് യശോദ ബെന്‍ എന്നെഴുതിച്ചേര്‍ത്തത്. മോദി കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരെഴുതേണ്ട സ്ഥലം ഒഴിച്ചിടുകയായിരുന്നു പതിവ്. മോദിയുടെ ജീവചരിത്രത്തിലൂടെ എഴുത്തുകാരനായ നിലഞ്ജന്‍ മുഖോപാധ്യായ ആണ് ഇവരുടെ വിവാഹ ജീവിതത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. ആര്‍എസ്എസ് തലപ്പത്തേക്ക് ഉയരാന്‍ കാത്തിരുന്ന മോദി വിവാഹക്കാര്യം രഹസ്യമായി വയ്ക്കുകയായിരുന്നെന്നു ജീവചരിത്രത്തില്‍ പറയുന്നു.


2009ല്‍ ഒരു മാസിക യശോദയെ കണ്െടത്തി അഭിമുഖത്തിനു ശ്രമിച്ചെങ്കിലും അവര്‍ അനുവദിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലൂടെയാണു വിവാഹജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

ഗുജറാത്തിലെ മെഹ്സന്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന യശോദയെ പതിനേഴാം വയസിലാണു മോദി വിവാഹം കഴിക്കുന്നത്. അന്നു യശോദ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്നു. വിവാഹശേഷം മോദി തന്നെ പാടേ അവഗണിക്കുകയായിരുന്നെന്നും മൂന്നു വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ മൂന്നു മാസം മാത്രമാണു തങ്ങള്‍ ഒരുമിച്ചു കഴിഞ്ഞതെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും നിയമപരമായുള്ള വിവാഹമോചനം ഇതു വരെ നേടിയിട്ടില്ല.

സ്കൂള്‍ അധ്യാപികയായിരുന്ന യശോദയ്ക്ക് ഇപ്പോള്‍ 62 വയസുണ്ട്. മോദിയുടെ ഭാര്യയാണെന്നു വെളിപ്പെടുത്തലിനുശേഷം യശോദ ബെന്നിനെ ഗ്രാമത്തില്‍നിന്നു കാണാതായിരുന്നു. തീര്‍ഥാടനത്തിലാണെന്നായിരുന്നു ബന്ധുക്കള്‍ നല്‍കിയ വിശദീകരണമെങ്കിലും ഇവരെ യോഗ ഗുരു ബാബാ രാംദേവിന്റെ ആശ്രമത്തിലേക്കു മാറ്റിയതായും വാര്‍ത്തകളുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.