ഇന്‍ഷ്വറന്‍സ് ബില്ലിന് എതിര്‍പ്പ്
Tuesday, November 25, 2014 12:14 AM IST
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന ഉദാരവത്കരണ നീക്കങ്ങള്‍ക്കു തടയിടാന്‍ പ്രതിപക്ഷനീക്കം. പ്രതിപക്ഷനിരയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്നു. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) പ്രതിപക്ഷനീക്കത്തില്‍ ചേരാതെ വിലപേശുന്നതായി സൂചനയുണ്ട്. ശിവസേന ബില്ലില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടു.

ഇന്‍ഷ്വറന്‍സിലെ വിദേശ മൂലധനം 26 ശതമാനത്തില്‍നിന്നു 49 ശതമാനമാക്കുന്നതിനുള്ള ബില്‍, രാജ്യത്തു പരോക്ഷനികുതികള്‍ (എക്സൈസ്, കസ്റംസ്, സേവനനികുതികളും വാറ്റും) ഏകോപിപ്പിച്ച് ചരക്കുസേവന നികുതി (ജിഎസ്ടി) ചുമത്താനുള്ള ബില്‍, അതിനു സഹായകമായ ഭരണഘടനാ ഭേദഗതി ബില്‍, തൊഴില്‍ നിയമങ്ങളില്‍ പരിഷ്കാരം വരുത്താനുള്ള ബില്ലുകള്‍ എന്നിവയാണു വിവാദവിഷയം. രാജ്യസഭയില്‍ ഭരണമുന്നണിക്കു ഭൂരിപക്ഷമില്ല. ഈ സാഹചര്യം മുതലെടുക്കാനാണു പ്രതിപക്ഷ ശ്രമം.

ഇതില്‍ ആദ്യം വരുന്ന ഇന്‍ഷ്വറന്‍സ് ബില്ലിനാണ് ഏറ്റവുമധികം എതിര്‍പ്പ്. തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡി-യു, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ എന്നിവ പരസ്യമായി എതിര്‍പ്പിലാണ്. കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ക്കുമെന്നു പറയാതെ ബില്ലില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ പറയുന്ന മാറ്റങ്ങളില്ലെങ്കില്‍ എതിര്‍ക്കുമെന്നു പാര്‍ട്ടി സൂചിപ്പിച്ചു.


ഭരണസംഖ്യത്തിലുള്ള ശിവസേന തങ്ങള്‍ നിര്‍ദേശിക്കുന്ന ഭേദഗതികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബില്ലിനെ എതിര്‍ക്കുമെന്ന നിലപാടിലാണ്.

ഇപ്പോള്‍ ബില്‍ സെലക്ട് കമ്മിറ്റി പരിഗണിക്കുകയാണ്. 15 അംഗസമിതിയില്‍ അഞ്ചുപേര്‍ ബില്ലിനനുകൂലം, മൂന്നുപേര്‍ എതിര്, കോണ്‍ഗ്രസിലെ മൂന്നു പേര്‍ ഭേദഗതി നിര്‍ദേശിക്കുന്നു എന്നതാണു നില. ബിജു ജനതാദള്‍, എഡിഎംകെ, ബിഎസ്പി എന്നിവയുടെ ഓരോ പ്രതിനിധികള്‍ എന്തു നിലപാട് എടുക്കുമെന്നു വ്യക്തമല്ല.

രാജ്യസഭയില്‍ 70ല്‍ താഴെ അംഗങ്ങളേ ബില്ലിനെ തുറന്ന് അനുകൂലിക്കുന്നുള്ളൂ. ബിഎസ്പി, ബിജെഡി, അണ്ണാ ഡിഎംകെ എന്നിവയ്ക്കു മൊത്തം 32 അംഗങ്ങളുണ്ട്. പക്ഷേ, 66 അംഗ കോണ്‍ഗ്രസ് അടക്കം 105 അംഗങ്ങള്‍ ബില്ലിനെതിരേ നില്‍ക്കുമെന്നാണു സൂചന.

കോണ്‍ഗ്രസ് വര്‍ഷങ്ങള്‍മുമ്പ് അവതരിപ്പിച്ച ഇന്‍ഷ്വറന്‍സ് ബില്‍ പാസാക്കാന്‍ ബിജെപി സഹകരിക്കുകയുണ്ടായില്ല. അതിനാല്‍, ബിജെപിയെ സഹായിക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മുതിരേണ്ട എന്ന നിലപാടിലാണു പാര്‍ട്ടി.

ബില്ലില്‍ കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ വരുത്തണമെന്നു ശിവസേന ഇന്നലെ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ എതിര്‍ക്കുമെന്നു പാര്‍ട്ടി വക്താവ് അരവിന്ദ് സവന്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.