മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്ര അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്ര അന്തരിച്ചു
Tuesday, November 25, 2014 12:15 AM IST
മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി ദേവ്ര (77) അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന ദേവ്രയുടെ അന്ത്യം മുംബൈയിലെ ആശുപത്രിയില്‍ ഇന്നലെ വെളുപ്പിനായിരുന്നു. സംസ്കാരം ഇന്നലെ നടത്തി. മുന്‍ കേന്ദ്രമന്ത്രിയും യുവ കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവ്ര മകനാണ്. രാജ്യസഭാംഗമായ മുരളി ദേവ്രയോടുള്ള ആദരസൂചകമായി ഇന്നലെ രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചു.

മുരളിഭായി എന്നു പ്രവര്‍ത്തകര്‍ സ്നേഹത്തോടെ വിളിക്കുന്ന ഇദ്ദേഹം, യുപിഎ ഭരണകാലത്ത് പെട്രോളിയം വകുപ്പു മന്ത്രിയായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം കാലം പെട്രോളിയം മന്ത്രിയായിരുന്ന ആളാണു ദേവ്ര. മൂന്നുവട്ടം രാജ്യസഭാംഗമായ ഇദ്ദേഹം മുംബൈ സൌത്ത് മണ്ഡലത്തില്‍നിന്നു നാലു തവണ ലോക്സഭാംഗമായി. 22 വര്‍ഷം മുംബൈ റീജണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന ദേവ്ര ഒരുകാലത്ത് മുംബൈ കോണ്‍ഗ്രസിലെ അവസാനവാക്കായിരുന്നു.

നെഹ്റു കുടുംബവുമായി ഊഷ്മള ബന്ധമുണ്ടായിരുന്ന മുരളി ദേവ്ര മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉറ്റ അനുയായി ആയിരുന്നു. ഫണ്ട് സമാഹരണത്തിന് പ്രത്യേക കഴിവുണ്ടായിരുന്ന ദേവ്ര മുംബൈയിലെ വ്യവസായലോകവുമായി നല്ല ബന്ധത്തിലായിരുന്നു. റിലയന്‍സ് ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ സുഹൃത്തായിരുന്നു ദേവ്ര.

മുരളി ദേവ്രയുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ അനുശോചിച്ചു. സോണിയഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വധേര എന്നിവര്‍ ഇന്നലെ മുംബൈയിലെത്തി ദേവ്രയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.


കോര്‍പറേഷന്‍ കൌണ്‍സിലറായി രാഷ്ട്രീയജീവിതം ആരംഭിച്ച ദേവ്ര 1977ല്‍ ശിവസേനയുടെ പിന്തുണയോടെ മുംബൈ മേയറായി. 1980ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ സൌത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ദേവ്രയ്ക്കു തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍, ഇദ്ദേഹം 1984ല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപി നേതാവ് ജയവന്തി ബെന്‍ മേത്തയെയാണു ദേവ്ര പരാജയപ്പെടുത്തിയത്. 1989, 1991, 1998 തെരഞ്ഞെടുപ്പുകളിലും ദേവ്ര വിജയം ആവര്‍ത്തിച്ചു. 1996, 1999 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ജയവന്തി ബെന്‍ മേത്തയോടു പരാജയപ്പെട്ടു. 2004ല്‍ മുംബൈ സൌത്തില്‍ മുരളി ദേവ്രയുടെ മകന്‍ മിലിന്ദ് ജയവന്തി ബെന്‍ മേത്തയെ പരാജയപ്പെടുത്തിയെന്നതു ശ്രദ്ധേയമാണ്. 2002ല്‍ മുതല്‍ മുരളി ദേവ്ര രാജ്യസഭാംഗമാണ്. 2006ല്‍ മണിശങ്കര്‍ അയ്യര്‍ക്കു പകരം കേന്ദ്ര പെട്രോളിയം മന്ത്രിയായി. അയ്യര്‍ക്കു പകരം ദേവ്ര മന്ത്രിയായത് വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. 2009ലെ രണ്ടാം യുപിഎ സര്‍ക്കാരിലും ദേവ്രയ്ക്കു ലഭിച്ചതു പെട്രോളിയം വകുപ്പായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.