മതപരിവര്‍ത്തനം തടയാന്‍ പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നു പ്രകാശ് കാരാട്ട്
Sunday, December 21, 2014 11:38 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം തടയാന്‍ പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഏതു മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്യ്രം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. മതം മാറുന്നതിനും നിയമ തടസങ്ങളില്ല. ആര്‍എസ്എസ് നേതൃത്വത്തില്‍ ഘര്‍ വാപസി എന്ന പേരില്‍ മതപരിവര്‍ത്തനം നടപ്പാക്കുകയാണ്.

ബിജെപി നേതാക്കളും എംപിമാര്‍ ഉള്‍പ്പടെയുള്ളവരും ഇതിനു നേതൃത്വം നല്‍കുന്നുണ്െടന്നും പാവപ്പെട്ട മുസ്ളിം- ക്രിസ്ത്യന്‍ കുടുംബങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ അജന്‍ഡയെ നേരിടാന്‍ മതേതര ശക്തികളുമായി ചേര്‍ന്നു യോജിച്ച പോരാട്ടത്തിനു തയാറാകണമെന്നു സിപിഎം ഡല്‍ഹി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. വര്‍ഗീയ സംഘര്‍ഷവും കോര്‍പറേറ്റ് പ്രീണനവുമാണ് മോദി സര്‍ക്കാരിന്റെ മുഖ്യ അജന്‍ഡ. ഇതിനെതിരെ പോരാട്ടം നടത്തേണ്ടതുണ്െടന്നും കാരാട്ട് വ്യക്തമാക്കി.

വര്‍ഗീയസംഘര്‍ഷങ്ങള്‍ നടത്തി തെരഞ്ഞെടുപ്പു നേട്ടങ്ങളുണ്ടാക്കാനാണു ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. ഡല്‍ഹിയില്‍ ത്രിലോക് പുരിയിലും ഭവാനയിലും നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളും ദില്‍ഷാദ് ഗാര്‍ഡനില്‍ പള്ളി കത്തിച്ചതടക്കമുള്ള സംഭവങ്ങളും ഇതിന്റെ ഭാഗമാണ്.


തെരഞ്ഞെടുപ്പിനു മുമ്പുണ്ടായിരുന്ന വര്‍ഗീയ അജന്‍ഡ കൂടുതല്‍ ശക്തമായി നടപ്പാക്കുകയാണ് ബിജെപി. വര്‍ഗീയ അജന്‍ഡയുമായി മുന്നോട്ടുപോകാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ഇത് ഓരോ മന്ത്രാലയത്തിലും പ്രകടമാണ്. ആര്‍എസ്എസ് പ്രചാരകനായിരുന്ന മോദി പ്രധാനമന്ത്രി ആയതോടെ മന്ത്രാലയങ്ങളെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് സംഘമാണ്. ഇവര്‍ പറയുന്നത് അനുസരിച്ചാണ് മന്ത്രിമാരുടെ പ്രവര്‍ത്തനം.

മാനവ വിഭവശേഷി മന്ത്രാലയം ഇതിന് ഉത്തമ ഉദാഹരണമാണ്. വിദ്യാഭ്യാസനയം മാറ്റിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കിയതും ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഉത്തരവിറക്കിയതും ഇതിനു തെളിവാണ്.

യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അതേപടി നടപ്പാക്കാനും മോദി സര്‍ക്കാര്‍ തയാറാകുന്നു. വന്‍ കോര്‍പറേറ്റുകളാണു മോദി സര്‍ക്കാരിന്റെയും പിന്‍ബലം. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ തിരിച്ചും ചെയ്യുന്നു. സര്‍ക്കാരിന്റെ സഹായത്തിലാണ് ഇവരുടെ വളര്‍ച്ച. ഇതിനെ തുറന്നുകാട്ടി പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കണമെന്നും 21ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇതിനു ദിശാബോധം നല്‍കുമെന്നും കാരാട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.