കോഴിക്കോട് കാന്‍സര്‍ ചികിത്സാ വിഭാഗത്തിന് 44.50 കോടി സഹായം
Tuesday, December 23, 2014 12:28 AM IST
ന്യൂഡല്‍ഹി: കാന്‍സര്‍ ചികിത്സാ രംഗത്ത് ചരിത്രനേട്ടം കൈവരിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ത്രിതല കാന്‍സര്‍ ചികിത്സാ വിഭാഗത്തിനു ദേശീയ കാന്‍സര്‍ നിവാരണ പദ്ധതിയായ എന്‍പിസി ഡിസിഎസ് വഴി 25.03 കോടി രൂപ അനുവദിച്ചു. 44.50 കോടി രൂപയാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആവശ്യപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആദ്യഗഡുവായാണ് 25.03 കോടി രൂപ അനുവദിച്ചതെന്നും എം.കെ രാഘവന്‍ എംപി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്രം അനുവദിച്ച തുകയുടെ 33.33 ശതമാനം (8.34 കോടി രൂപ) സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. സംസ്ഥാന സര്‍ക്കാര്‍ അവരുടെ വിഹിതം നല്‍കിയ ശേഷം മാത്രമേ രണ്ടാം ഗഡു കേന്ദ്രം അനുവദിക്കുകയുള്ളൂ. 2014 ജനുവരിയിലാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ഇതു സംബന്ധിച്ച ശുപാര്‍ശ തയാറാക്കിയത്. തുടര്‍ന്നു സംസ്ഥാന സര്‍ക്കാരും എംപി എന്ന നിലയില്‍ എം.കെ രാഘവനും നടത്തിയ പരിശ്രമത്തെ തുടര്‍ന്ന് ആഗസ്റില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ധാരണാപത്രം ഒപ്പു വെക്കുകയായിരുന്നു. ഇതിന്റെ ആദ്യ ഗഡുവാണ് ഈ സാമ്പത്തിക വര്‍ഷത്തെ എന്‍പിസിഡിസിഎസ് ഫണ്ടില്‍ നിന്ന് ഇപ്പോള്‍ 25.03 കോടി അനുവദിച്ചത്.

അനുവദിച്ച തുക ഉപയോഗിച്ച് 17 കോടി രൂപ വിലമതിക്കുന്ന ഹൈ എനര്‍ജി ലീനിയര്‍ ആക്സറേറ്റര്‍ ഉള്‍പ്പെടെ അത്യന്താധുനിക സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങുകയും ചികിത്സ തുടങ്ങുകയും ചെയ്യും. കീമോത്തെറാപ്പി ഡേ കെയര്‍ എക്യുപ്മെന്റ്സ്, സര്‍ജിക്കല്‍ ഓങ്കോളജി എക്യുപ്മെന്റ്സ്, രണ്ട് കോടി വിലമതിക്കുന്ന രണ്ട് മോഡുലര്‍ ഓപ്പറേഷന്‍ ഓപ്പറേഷന്‍ തിയറ്റര്‍, ഫുള്ളി ഓട്ടോമേറ്റഡ് ബയോകെമിക്കല്‍ അനലൈസര്‍, ഫുള്ളി ഓട്ടോമേറ്റഡ് സെല്‍ കൌണ്ടര്‍, ആറ് കോടി രൂപ വിലമതിക്കുന്ന സി ടി സ്കാന്‍ സിമുലേറ്റര്‍, നാല് കോടി രൂപ വിലമതിക്കുന്ന സ്പെക്റ്റ് ഗാമ ക്യാമറ, റാഡിയേഷന്‍ ഫിസിക്സ് ലോ എക്യുപ്മെന്റ്സ്, ക്യാന്‍സര്‍ പരിശോധയ്ക്കുള്‍പ്പെടെ ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ എന്നിവയും ഈ ഫണ്ട് ഉപയോഗിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വാങ്ങുമെന്ന് എം കെ രാഘവന്‍ അറിയിച്ചു.


കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ഫണ്ട് വിനിയോഗിക്കേണ്ടതാണ്. വടക്കന്‍ കേരളത്തിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ത്രിതല ക്യാന്‍സര്‍ ചികിത്സാ കേന്ദ്രത്തിനു കൂടുതല്‍ സാമ്പത്തിക സഹായത്തോടെ അനുമതി നല്‍കണമെന്ന് ലോക്സഭയിലും വിഷയം ഉന്നയിച്ചിരുന്നതായി എം പി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.