ഒബാമയുടെ വരവില്‍ നടുവൊടിഞ്ഞു തൊഴിലാളികള്‍
ഒബാമയുടെ വരവില്‍ നടുവൊടിഞ്ഞു തൊഴിലാളികള്‍
Sunday, January 25, 2015 12:16 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു റോഡുകളും പരിസരവും വൃത്തിയാക്കാന്‍ നൂറു കണക്കിനു തൊഴിലാളികളാണു കഴിഞ്ഞ ദിവസങ്ങളായി ഡല്‍ഹിയിലും ആഗ്രയിലും കൈമെയ് മറന്നു പണിയെടുക്കുന്നത്.

ഡല്‍ഹി പാര്‍ലമെന്റ് പരിസരത്തേക്ക് എത്തിച്ചേരുന്ന റോഡുകളുടെ വശങ്ങളിലും ട്രാഫിക് സിഗ്നലുകളിലും മീഡിയനുകളിലും പെയിന്റടിച്ചു വൃത്തിയാക്കുന്ന ജോലികളാണു ഇന്നലെ വരെ നടന്നത്. അധികൃതരുടെ ധൃതി കാരണം ബ്രഷ് പോലും ഉപയോഗിക്കാതെ വെറും കൈ കൊണ്ടു തുണി പെയിന്റില്‍ മുക്കി അടിക്കാന്‍ നിര്‍ബന്ധിതാരായ തൊഴിലാളികളെയാണു ഡല്‍ഹിയില്‍ എങ്ങും കാണാനുണ്ടായിരുന്നത്.

അതിനിടെ, ഒബാമ താജ്മഹല്‍ സന്ദര്‍ശിക്കുമെന്ന പ്രതീക്ഷയില്‍ ആഗ്രയുടെ വീഥികള്‍ മിനുക്കാനേര്‍പ്പെടുത്തായ തൊഴിലാളികളുടെ പെടാപ്പാടും വെറുതെ ആയി. റിപ്പബ്ളിക് ദിന ചടങ്ങുകള്‍ക്കുശേഷം ഒബാമ ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കുമെന്നു കരുതി റോഡുകള്‍ കഴുകി വൃത്തിയാക്കുന്നത് ദ്രുതഗതിയില്‍ ഇന്നലെ വരെ തുടര്‍ന്നിരുന്നു.


റോഡുകള്‍ വെള്ളമൊഴിച്ച് ഉരച്ചു വൃത്തിയാക്കുന്നതിനായി 600 തൊഴിലാളികളാണു രാപകലില്ലാതെ പണിയെടുത്തത്. ദിവസക്കൂലിയായി ഇവര്‍ക്ക് 300 രൂപയാണു നല്‍കിയിരുന്നത്. റോഡില്‍ കുത്തിയിരുന്ന് വൃത്തിയാക്കുന്നത് ശ്രമകരവും ബുദ്ധിമുട്ടേറിയതുമാണ്. എല്ലാം വൃത്തിയായിരുന്നാല്‍ ഒബാമയ്ക്ക് സന്തോഷമാവുമെന്നാണ് തൊഴിലാളികള്‍ പറഞ്ഞിരിക്കുന്നത്. റോഡില്‍ മുഴുവന്‍ തുപ്പല്‍ പാടുകളുമുണ്ടായിരുന്നു. ഇതെല്ലാം കഴുകി വൃത്തിയാക്കുന്നതിനു പുറമേ തെരുവില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളെയും കന്നുകാലികളെയും പിടിച്ച് ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി അടച്ചിടാനും നിര്‍ദേശമുണ്ടായിരുന്നു.

യമുന നദി ശുചിയാക്കുന്ന പ്രവര്‍ത്തികളും നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ യമുനയില്‍ നിന്ന് രണ്ട് ടണ്‍ മാലിന്യം നീക്കം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഇതിനെല്ലാം പുറമെ നിരത്തുകള്‍ക്ക് ഇരുവശവും പുല്‍ത്തകിടികളും വച്ചുപിടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.