മോദിക്കെതിരേ ആഞ്ഞടിച്ചു രാഹുല്‍ഗാന്ധി
മോദിക്കെതിരേ ആഞ്ഞടിച്ചു രാഹുല്‍ഗാന്ധി
Wednesday, January 28, 2015 12:21 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ട്രാന്‍സിറ്റ് ക്യാമ്പ് ഇളക്കിമറിച്ച റോഡ് ഷോയിലൂടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തിറങ്ങിയതോടെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ കല്‍കാജി അസംബ്ളി മണ്ഡലത്തിലെ ഗോവിന്ദപുരി ട്രാന്‍സിറ്റ് ക്യാമ്പില്‍നിന്നാണു രാഹുലിന്റെ റോഡ്ഷോ ആരംഭിച്ചത്. ഉച്ചകഴിഞ്ഞു രണ്ടു മുതലേ കല്‍കാജി ഗോവിന്ദ്പുരി ട്രാന്‍സിറ്റ് ക്യാമ്പ്, രാജീവ്ഗാന്ധി കോളനി എന്നിവിടങ്ങളില്‍ രാഹുലിനെ കാത്തുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വോട്ടര്‍മാരെയുംകൊണ്ടു നിറഞ്ഞുകവിഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിശിതമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി വെറും പ്രചാരണ തട്ടിപ്പുകളില്‍ മുഴുകിയിരിക്കുകയാണെന്നും ആരോപിച്ചു. പ്രഭാഷണം നിര്‍ത്തി പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കുമെന്നാണു ജനങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ വന്‍ വ്യവസായികളെ പരമാവധി പോഷിപ്പിച്ചു പാവങ്ങളെ പാടേ മറക്കുകയാണ്. സര്‍ക്കാര്‍ ഇഷ്ടക്കാരുടെ താത്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പാവങ്ങളെക്കുറിച്ച് ഓര്‍മിക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആയതു കൊണ്ടു തിരികെ അധികാരത്തിലെത്തുമെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തങ്ങള്‍ക്കൊരു ഭീഷണിയല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും വെള്ളവും വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു തന്റെ പ്രഥമ തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ കല്‍ക്കാജിയിലെ വോട്ടര്‍മാരുടെ ശ്രദ്ധ ക്ഷണിച്ചത്. ഞങ്ങള്‍ക്കു മൂന്നു വാഗ്ദാനങ്ങളാണു നിങ്ങള്‍ക്കു നല്‍കാനുള്ളതെന്നാണു രാഹുല്‍ കല്‍ക്കാജിയിലെ വോട്ടര്‍മാരോടു പറഞ്ഞത്. വൈദ്യുതിയും വെളിച്ചവും ഏറ്റവും വില കുറച്ചു നല്‍കും, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും, ഡല്‍ഹിയിലെ ജനങ്ങള്‍ക്കു പാര്‍പ്പിടാവകാശം നല്‍കും.

ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അര്‍വീന്ദര്‍ സിംഗ് ലവ്ലി, ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ, സദര്‍ബസാറിലെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍, മുന്‍ എംപി രമേഷ് കുമാര്‍, കല്‍ക്കാജിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുഭാഷ് ചോപ്ര തുടങ്ങിയവരും രാഹുലിനോടൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും റോഡ് ഷോയില്‍ അണിചേര്‍ന്നു.


അകാലിദളിനു പ്രാമുഖ്യമുള്ള കല്‍കാജി സീറ്റില്‍ ബിജെപിയോടു സഖ്യം ചേര്‍ന്നാണു 2013ലെ തെരഞ്ഞെടുപ്പില്‍ അവര്‍ വിജയം നേടിയത്. ശിരോമണി അകാലിദള്‍ നേതാവ് കല്‍ക്കയാണു നിലവിലെ എംഎല്‍എ. ഇത്തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുഭാഷ് ചോപ്ര കഴിഞ്ഞ തവണ ഹര്‍മീത് സിംഗ് കല്‍ക്കയോടാണു പരാജയം സമ്മതിച്ചത്. ഇത്തവണ കടുത്ത മത്സരം നടക്കുന്ന കല്‍കാജി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസിനു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഫാക്ടറിത്തൊഴിലാളികളും കുടിയേറ്റക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ചേരികളില്‍നിന്നുള്ള വോട്ടുകളിലാണു കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കണ്ണുവച്ചിരിക്കുന്നത്. അവ്താര്‍ സിംഗ് കല്‍ക്കയാണു ഈ മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി.

തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ചശേഷമാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും എട്ടു സീറ്റുകളുമായി കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റു വാങ്ങിയത്. കഴിഞ്ഞ 25 മുതല്‍ ആരംഭിച്ചു ഫെബ്രുവരി അഞ്ചിന് അവസാനിക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കിടെ 150 ലധികം തെരഞ്ഞെടുപ്പു യോഗങ്ങള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കാനാണു കോണ്‍ഗ്രസ് പദ്ധതി. വരും ദിവസങ്ങളില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കര്‍ണാടക, ആസാം, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരും കോണ്‍ഗ്രസിനുവേണ്ടി ഡല്‍ഹിയില്‍ പ്രചാരണത്തിനിറങ്ങും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അടുത്ത ദിവസങ്ങളില്‍ ഡല്‍ഹി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് റാലികളെ അഭിസംബോധന ചെയ്തു സംസാരിക്കും.

വൈദ്യുതി, കുടിവെള്ള നിരക്കുകള്‍ കുറയ്ക്കുന്നതിനു പുറമേ പൊതു ഗതാഗത സംവിധാനങ്ങളില്‍ വൈഫൈ സംവിധാനം, കുടിവെള്ള കുടിശിഖ എഴുതിത്തള്ളല്‍, സൈബര്‍ കഫേകള്‍, മെട്രോ വികസനം, മെട്രോ ട്രെയിനുകളില്‍ വിദ്യാര്‍ഥികള്‍ക്കു കണ്‍സഷന്‍, പെന്‍ഷന്‍ വര്‍ധന, ആംഗന്‍വാടി ജീവനക്കാര്‍ക്ക് അമ്പതു ശതമാനം ശമ്പള വര്‍ധന, ആശുപത്രികളില്‍ 24 മണിക്കൂര്‍ പരിശോധനാ സംവിധാനം എന്നിവയാണ് ഇത്തവണ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.