ഒബായുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കേരളവും
ഒബായുടെ വിടവാങ്ങല്‍  പ്രസംഗത്തില്‍ കേരളവും
Wednesday, January 28, 2015 12:24 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കേരളത്തിനു പ്രത്യേക പരാമര്‍ശം. കേരളത്തിന്റെ കായലുകള്‍ മുതല്‍ വരാണസിയിലെ ഗംഗാ തലം വരയെന്നായിരുന്നു ഒബാമ പറഞ്ഞത്. ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ഡല്‍ഹി സര്‍വകാലാശാലാ വിദ്യാര്‍ഥികള്‍ അടങ്ങിയ പൊതുസമൂഹത്തോടു നടത്തിയ പ്രഭാഷണത്തിലാണു കേരളത്തിനും അമേരിക്കന്‍ പ്രസിഡന്റ് ആഗോളപ്രശംസ സമ്മാനിച്ചത്.

നമസ്തേയും ബഹുത് ധന്യവാദ് എന്നു ഹിന്ദിയില്‍ നന്ദിയും പറഞ്ഞ ഒബാമ ഹിന്ദി സിനിമയിലെ പ്രശ്സ്ത ഡയലോഗിന്റെ പകുതിയും പറഞ്ഞതും ശ്രദ്ധേയമായി. ഷാരൂഖ് ഖാന്റെ വിഖ്യാതമായ ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗെ എന്ന സിനിമയിലെ സെനോരിറ്റ, ബഡേ ബഡേ ദോശോം മേം ... എന്നു പാടാന്‍ ശ്രമിച്ച ഒബാമ ബാക്കി പൂര്‍ത്തിയാക്കാനാകാതെ ബുദ്ധിമുട്ടിയതും തമാശയായി.

ഒബാമയുടെ പ്രസംഗത്തില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:

കേരളത്തിലെ കായല്‍പ്രദേശങ്ങള്‍ മുതല്‍ വാരാണസിയില്‍ ഗംഗയുടെ തീരം വരെ ഇന്ത്യയുടെ ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുന്നതിന് പങ്കാളികളാകാന്‍ അമേരിക്ക തയാറാണ്. എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് യാഥാര്‍ഥ്യമാക്കാനും സഹായിക്കും.

ഇന്ത്യയിലെ യുവജനങ്ങളും അവരുടെ ആദര്‍ശങ്ങളും കൂടുതല്‍ ഊര്‍ജവും പ്രതീക്ഷയും നല്‍കുന്നു.

ഷാരൂഖ് ഖാന്‍, മില്‍ഖാ സിംഗ്, മേരി കോം മുതലായവരുടെ വിജയം വര്‍ണത്തിനും മതവിശ്വാസങ്ങള്‍ക്കുമപ്പുറം ഒരുപോലെ ആഘോഷിക്കാന്‍ ഓരോ ഇന്ത്യക്കാരനും സാധിക്കണം.

ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കും.


മറ്റേതൊരു രാജ്യത്തെയുംകാള്‍ കൂടുതല്‍ പേരെ ദാരിദ്യ്രത്തില്‍ നിന്നും കരകയറ്റാന്‍ അടുത്തകാലത്തായി ഇന്ത്യക്കായിട്ടുണ്ട്. ദാരിദ്യ്രനിര്‍മാജനത്തില്‍ ഇന്ത്യ ലോകത്തിനു മാതൃകയാണ്. മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യക്കു കഴിയും. മനുഷ്യക്കടത്തിനെതിരേയും യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും.

ഏറ്റവും വലിയ മധ്യവര്‍ഗ കൂട്ടായ്മ ഇന്ത്യയിലാണ്.

തടയാനാകുന്ന അസുഖങ്ങളുടെ പേരില്‍ ഒരു കുഞ്ഞു പോലും മരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രതിരോധമരുന്നുകള്‍ക്കായി ഇന്ത്യക്കും അമേരിക്കയ്ക്കും സഹകരിച്ചു പ്രവര്‍ത്തിക്കാനാകും.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതലായി യുഎസിലേക്കു വരുന്നതിനേക്കാള്‍ യുഎസില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ പഠിക്കാനെത്തുന്നതാണു തനിക്കിഷ്ടം.

ആണവകരാറിലൂടെ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്കയ്ക്കു കഴിയും. ഇന്ത്യയുടെ ഊര്‍ജപുരോഗതിക്ക് കരാര്‍ സഹായകമാകും.

ആണവായുധങ്ങളില്ലാത്ത ലോകമായിരിക്കണം സ്വപ്നം.

തീവ്രവാദത്തിന്റെ ഇരകളാണ് ഇന്ത്യയും അമേരിക്കയും. ഭീകരപ്രവര്‍ത്തനത്തെ യോജിച്ചു നേരിടും. കാലാവസ്ഥാ വ്യതിയാനത്തിനെതിരേയും ഒരുമിച്ചു പ്രവര്‍ത്തിക്കണം.

ഏതു ചെറുകിട തൊഴില്‍ ചെയ്യുന്നവരുടെയും ജോലി നമ്മുടേതിനു സമാനമാണ്. ഭാഗ്യവശാല്‍, സ്വപ്നങ്ങള്‍ കാണാന്‍ പ്രോത്സാഹിപ്പിക്കുന്ന രണ്ടു രാജ്യങ്ങളിലാണു നാം ജീവിക്കുന്നത്.

അടിസ്ഥാനസൌകര്യ വികസനം, പ്രകൃതി-നദീജല സംരക്ഷണം, പൊതുജനാരോഗ്യരംഗം എന്നിവയില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു മുന്നേറണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.