ഡല്‍ഹിയില്‍ സമഗ്രവികസനവുമായി ആം ആദ്മി പ്രകടനപത്രിക
Sunday, February 1, 2015 12:11 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ഭരണം തിരിച്ചു പിടിക്കാന്‍ ആകര്‍ഷണീയ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക. സ്ത്രീകള്‍, യുവാക്കള്‍, വ്യാപാരികള്‍, പൊതുമേഖല ജീവനക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലെയും ആളുകളെ സ്വാധീനിക്കുന്ന പദ്ധതികളാണ് ആം ആദ്മി പാര്‍ട്ടി തങ്ങളുടെ പ്രകടന പത്രികയില്‍ വിശദീകരിച്ചിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ സുപ്രധാന പ്രഖ്യാപനങ്ങളായ ലോക്പാല്‍, സ്വരാജ് ബില്ലുകള്‍ പാസാക്കുമെന്ന ഉറപ്പോടെ ആരംഭിക്കുന്ന പ്രകടന പത്രികയില്‍ ഡല്‍ഹിയുടെ മുഖ്യ പ്രതിസന്ധികളായ വൈദ്യുതി, കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുമെന്നും ഉറപ്പു നല്‍കുന്നു.

പകുതി നിരക്കില്‍ 24 മണിക്കൂറും വൈദ്യുതി വിതരണം സാധ്യമാക്കുമെന്നും കുടുംബങ്ങള്‍ക്കെല്ലാം 20000 ലിറ്റര്‍ കുടിവെള്ളം മാസംതോറും സൌജന്യമായി നല്‍കുമെന്നുമാണ് വാഗ്ദാനം. വനിതകളുടെ സുരക്ഷക്കായി ഡല്‍ഹില്‍ പത്തുലക്ഷത്തിലേറെ സിസിടിവി കാമറകള്‍ സ്ഥാപിക്കും. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ പേരില്‍ 15,000 സിസിടിവി കാമറകള്‍ സ്ഥാപിക്കാമെങ്കില്‍ നമ്മുടെ സോദരിമാരുടെ സുരക്ഷയ്ക്കായി എന്തുകൊണ്ടു ചെയ്തു കൂട എന്നാണു പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ടു ആം ആദ്മി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ അരവിന്ദ് കേജരിവാള്‍ ചോദിച്ചത്.


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കര്‍ശനമായി നേരിടുകയും കേസുകള്‍ അതിവേഗ കോടതിയില്‍ വിചാരണ ചെയ്തു നീതി ഉറപ്പാക്കുകയും ചെയ്യും. ബസുകളില്‍ അതിക്രമം തടയുന്നതിനു പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.

ഓരോ വിദ്യാര്‍ഥിക്കും വീടിന് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സ്കൂള്‍ ഉറപ്പാക്കാനായി 500 പുതിയ സ്കൂളുകള്‍ ആരംഭിക്കും. 17000 പുതിയ അധ്യാപകരെ നിയോഗിച്ച് അധ്യാപകവിദ്യാര്‍ഥി അനുപാതം കുറക്കും. 900 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സാ സൌകര്യങ്ങളും വര്‍ധിപ്പിക്കും. അഞ്ചു വര്‍ഷം കൊണ്ടു രാജ്യത്ത് ഏറ്റവും കുറഞ്ഞ മൂല്യവര്‍ധിത നികുതി (വാറ്റ്)യുള്ള സംസ്ഥാനമായി ഡല്‍ഹി മാറുമെന്നും അനാവശ്യ റെയ്ഡുകള്‍ വഴി വ്യാപാരികളെ ദ്രോഹിക്കുന്ന പ്രവണത ഇല്ലാതാക്കുമെന്നും പത്രികയിലുണ്ട്.

വ്യാപാരവിനോദ സഞ്ചാരവിദ്യാഭ്യാസ മേഖലകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന നാടായി ഡല്‍ഹിയെ പരിവര്‍ത്തിപ്പിക്കുമെന്നും ഡല്‍ഹിക്കാരെന്ന് പറയുന്നതില്‍ ഓരോ പൌരനും അഭിമാനിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും പത്രിക പുറത്തിറക്കിയ ശേഷം കേജരിവാള്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.