സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ബജറ്റ്: നരേന്ദ്ര മോദി
സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ബജറ്റ്: നരേന്ദ്ര മോദി
Friday, February 27, 2015 12:13 AM IST
സമഗ്ര വികസനം ലക്ഷ്യമിട്ടുള്ളതാണു റെയില്‍വേ ബജറ്റ്. ദീര്‍ഘ വീക്ഷണത്തോടു കൂടിയുള്ളതും പൂര്‍ണമായും യാത്രക്കാരെ കേന്ദ്രീകരിച്ചുള്ളതുമായ ബജറ്റാണിത്. പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള കൃത്യമായ പദ്ധതിയും ഈ ബജറ്റില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. സാങ്കേതിക നവീകരണത്തിനും ആധുനിക വത്കരണത്തിനും വ്യക്തവും കൃത്യവുമായ കാഴ്ചപ്പാടുള്ള ബജറ്റാണെന്നതില്‍ ഏറെ സന്തോഷമുണ്ട്.

സോണിയ ഗാന്ധി (കോണ്‍ഗ്രസ് അധ്യക്ഷ)

അങ്ങേയറ്റം നിരാശാ ജനകം. യുപിഎ സര്‍ക്കാരിന്റെ പദ്ധതികളെല്ലാം തന്നെ പുതിയതായി അവതരിപ്പിക്കുമാത്രമാണ് പുതിയ ബജറ്റില്‍ ചെയ്തിരിക്കുന്നത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഒരു തരത്തിലും പ്രായോഗികതയിലെത്തിക്കാന്‍ കഴിയാത്ത ബജറ്റാണിത്. ഭാവനകളിലൂന്നിയുള്ളതെന്നേ ഈ ബജറ്റിനെക്കുറിച്ചു പറയാനാകു.

മുലായം സിംഗ് യാദവ് (സമാജ് വാദി പാര്‍ട്ടി)

മികച്ച ബജറ്റ്. പഴയ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നു റെയില്‍വേ മന്ത്രി ഉറപ്പു നല്‍കുന്നു. ഇതെല്ലാം നടപ്പിലായാല്‍ വലിയ നേട്ടം തന്നെയാണ്.

സീതാറാം യെച്ചൂരി (സിപിഎം)

റെയില്‍വേയെ സ്വാകാര്യവത്കരിക്കാനുള്ള നടപടി ജനദ്രോഹപരമാണ്. ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണിത്.

കൊടിക്കുന്നില്‍ സുരേഷ് എംപി

റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതിരിപ്പിച്ച ബജറ്റ് അങ്ങേയറ്റം നിരാശാ ജനകവും പ്രതീക്ഷകളെ നിരാകരിക്കുന്നതുമാണ്. ചരക്കു കൂലി വര്‍ദ്ധനവ് നിലവിലെ സാഹചര്യത്തില്‍ നീതീകരിക്കാനാവില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ യാത്രാ നിരക്ക് കുറക്കേണ്ടതുമായിരുന്നു. കഴിഞ്ഞ തവണ വര്‍ദ്ധിപ്പിച്ച ചാര്‍ജ് കുറയ്ക്കാതിരുന്നതു കടുത്ത ജനദ്രോഹമാണ്.


ജോസ് കെ. മാണി എംപി

കോട്ടയം ലോക്സഭാ മണ്ഡലവുമായി ബന്ധപ്പെട്ടു പല പ്രധാന റെയില്‍വേ പദ്ധതികളുണ്ടായിരുന്നെങ്കിലും കൂടുതല്‍ പ്രാധാന്യം ആവശ്യമായിരുന്നത് പാത ഇരട്ടിപ്പിക്കലിനായിരുന്നു. ഇതിനായി ആവശ്യമായ തുക വേണമെന്നു ബജറ്റിനു മുന്‍പേ തന്നെ റെയില്‍വേ മന്ത്രിയുമായും ഡയറക്ടറുമായു ചെന്നൈയില്‍ ജനറല്‍ മാനേജരുമായും കൂടിക്കാഴ്ച നടത്തി ആവശ്യപ്പെട്ടിരുന്നു. കുറുപ്പന്തറ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിനു 105 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുളന്തുരുത്തി-കുറുപ്പന്തറ പാത ഇരട്ടിപ്പിക്കലിനായി ഈ ബജറ്റില്‍ 19 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഇതില്‍ പിറവം വരെയുള്ള പണികള്‍ പൂര്‍ത്തിയായതാണ്.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

സ്വകാര്യവത്കരണത്തിനു വഴിതെളിക്കുന്ന ബജറ്റാണിത്. ചരക്കു കൂലിയിലുണ്ടായ വര്‍ധന ഇന്ധനങ്ങളുടെയും രാസവളങ്ങളുടെയും നിത്യോപകയോഗ സാധനങ്ങളുടെയും വിലവര്‍ധനവിന് ഇടയാക്കും. ഇതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടി വരുന്നത് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളാണ്. യാത്രാസൌകര്യം മെച്ചപ്പെടുത്തുതിനുളള നിര്‍ദ്ദേശങ്ങളും വരവു ചിലവു കണക്കുകള്‍ ഉള്‍പ്പെടെയുളള ധനപരമായ ബാദ്ധ്യതയും സഭയുടെ മുമ്പാകെ അവതിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണ്.

കോടിയേരി ബാലകൃഷ്ണന്‍

സ്വകാര്യവത്കരണ നയത്തില്‍ ഊന്നിനില്‍ക്കുന്ന ബജറ്റ് പൊതു നിക്ഷേപത്തെ ഇല്ലാതാക്കുന്ന നിലപാടാണ് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ പദ്ധതികളുടെ 50 ശതമാനം ചെലവു സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന നിലപാടും കേരളത്തിനു കനത്ത തിരിച്ചടിയാണ്. ചരക്കുകൂലിയില്‍ ഉണ്ടാകുന്ന വര്‍ധനവിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.