മോദിയും മുഫ്തിയെ തള്ളി
മോദിയും മുഫ്തിയെ തള്ളി
Wednesday, March 4, 2015 11:41 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പാക്കിസ്ഥാന്‍, വിഘടനവാദി അനുകൂല പ്രസ്താവനയെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. കാഷ്മീരിലെ തെരഞ്ഞെടുപ്പ് സുഗമമായി നടത്തിയതിനു പിന്നില്‍ അവിടത്തെ ജനങ്ങളാണെന്നും അവര്‍ക്കാണു നന്ദി പറയേണ്ടതെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. ആരെങ്കിലും മറിച്ചുള്ള പ്രസ്താവന നടത്തിയാല്‍ അതിനെ പിന്തുണയ്ക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഫ്തിയുടെ പ്രസ്താവന സംബന്ധിച്ചു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയതിനു പിറ്റേന്നായിരുന്നു വിശദീകരണം.

മുഖ്യമന്ത്രിയായി സത്യപ്രതി ജ്ഞ ചെയ്തതിനു പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് മുഫ്തി മുഹമ്മദ് സയീദ് ജമ്മു കാഷ്മീരില്‍ സമാധാന പരമായി തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചതിനു പാക്കിസ്ഥാനും ഹുറിയത് അടക്കമുള്ള വിഘടനവാദികള്‍ക്കും നന്ദി അറിയിച്ചത്. പ്രധാനമന്ത്രിയോടും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായും ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതി ഷേധിച്ച പ്രതിപക്ഷം, പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും പ്രസ്താവനയ്ക്കെതിരേ പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുഫ്തി മുഹമ്മദിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന ആവശ്യം തള്ളിക്കളഞ്ഞിരുന്നു.


ഇന്നലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ലോക്സഭയില്‍ ഇതു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വച്ചു. ഇതേത്തുടര്‍ന്നു രാവിലെ ചോദ്യോത്തര വേളയ്ക്കിടെ രണ്ടു തവണ സഭ നിര്‍ത്തിവച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരിക്കലും അംഗീകരിക്കില്ലെന്നു രാജ്നാഥ് സിംഗും ഇതാണു സഭയുടെ മൊത്തമായ വികാരമെന്നു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവും ആവര്‍ത്തിച്ചെങ്കിലും പ്രതിപക്ഷം ശാന്തരായില്ല.

തുടര്‍ന്ന്, രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയവേയാണ് രാജ്യസഭയില്‍ മുഫ്തിയുടെ പ്രസ്താവന തള്ളിക്കൊണ്ടു പ്രധാനമന്ത്രി വിശദീകരണം നല്‍കിയത്.

കാഷ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിഡിപിയുമായി ചേര്‍ന്നതു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണെ ന്നും അതിനനുസരിച്ചു തന്നെ പ്രവര്‍ത്തിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. വ്യക്തികളുടെ പ്രസ്താവനയേക്കാള്‍ പൊതുമിനിമം പരിപാടിക്കാണു മുന്‍ഗണന.

ഭീകരവാദത്തിനെതിരേയുള്ള നടപടികളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കാഷ്മീരിനെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.