സ്ത്രീരോഷത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു
സ്ത്രീരോഷത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു
Thursday, March 5, 2015 12:06 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയുടെ വിവാദ അഭിമുഖത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും വനിതാ എംപിമാരുടെ പ്രതിഷേധത്തില്‍ മുങ്ങി. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു രാജ്യസഭയിലും ലോക്സഭയിലും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉറപ്പു നല്‍കി.

രാജ്യസഭയില്‍ കക്ഷിഭേദമന്യേ വനിതാ എംപിമാര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നു ശൂന്യവേളയില്‍ സഭ ഒരു തവണ നിര്‍ത്തി വയ്ക്കേണ്ടിയും വന്നു. അഭിമുഖത്തിന് അനുവാദം നല്‍കിയ തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സമാജ്വാദി പാര്‍ട്ടി എംപി ജയാബച്ചന്‍ രാജ്യസഭയുടെ നടുത്തളത്തിലേക്കിറങ്ങിയതോടെ പ്രതിപക്ഷത്തു നിന്നുള്ള മറ്റു വനിതാ എംപിമാരും പിന്തുണയുമായെത്തി. ഇക്കാര്യത്തില്‍ ബിജെപി എംപിമാരുടെ മുതലക്കണ്ണീര്‍ ആവശ്യമില്ലെന്നു ജയ ബച്ചന്‍ തുറന്നടിച്ചു. പ്രതിഷേധം രൂക്ഷമായപ്പോള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ 15 മിനിട്ട് നേരത്തേക്കു സഭ നിര്‍ത്തിവച്ചു.

ലോക്സഭയില്‍ ഇതു സംബ ന്ധിച്ചു ഹ്രസ്വ ചര്‍ച്ചയ്ക്കു നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശക്തമായ നടപടിയെടുക്കുമെന്നു രാജ്നാഥ് സിംഗ് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നു ചര്‍ച്ച വേണ്െടന്നു വച്ചു.

പി.കെ ശ്രീമതി, മീനാക്ഷി ലേഖി, കിരണ്‍ ഖേര്‍ തുടങ്ങിയവര്‍ വിഷയത്തില്‍ സംസാരിച്ചു. അഭിമുഖം മാത്രമല്ല ഡല്‍ഹി പീഡനക്കേസുമായി ബന്ധപ്പെട്ടു പ്രതികളുടെ അഭിഭാഷകര്‍ കോടതിക്കു പുറത്തു സംസാരിക്കുന്നതും തടയണമെന്ന എ. സമ്പത്തിന്റെ ആവശ്യത്തിനു വേണ്ട പ്രാധാന്യം നല്‍കുമെന്നും രാജ്നാഥ് സിംഗ് ഉറപ്പു നല്‍കി.

രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോ ഴും വനിതാ എംപിമാര്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്നു സഭയിലെത്തിയ രാജ്നാഥ് സിംഗ് വിവാദ അഭിമുഖത്തില്‍ ചൊവ്വാഴ്ച തന്നെ നടപടി സ്വീകരിച്ചതായി വ്യക്തമാക്കി. ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി മുകേഷ് സിംഗുമായി അഭിമുഖം നടത്തുന്നതിനു ബിബിസിക്ക് അനുമതി നല്‍കിയത് 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

ജയിലിനെക്കുറിച്ചു പൊതുവായി ഒരു ഡോക്യുമെന്ററിക്കായിരുന്നു അനുവാദം. സാമൂഹിക ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമെന്ന ഉപാധികളോടെയാണ് അന്ന് ആഭ്യന്ത ര മന്ത്രാലയം അനുമതി നല്‍കിയിരുന്നതെ ന്നും ഈ ഉപാധികള്‍ ബിബിസി ലംഘിച്ചുവെന്നും രാജ്നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു. അഭിമുഖം സംപ്രേഷണം ചെയ്യുന്നതു തടയുമെന്നും ഇതു സംബന്ധിച്ചു ബിബിസിക്കു വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.


അഭിമുഖത്തിലെ പ്രതിയുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിന് അപമാനകരമാണ്. മാനഭംഗക്കേസി ലെ പ്രതിയുടെ അഭിമുഖം എടുക്കുന്നത് അപലപനീയമാണ്. മേലില്‍ മാധ്യമങ്ങള്‍ ഇതാവര്‍ത്തിക്കില്ലെന്നാണ് കരുതുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ വെളിപ്പെടുത്തല്‍ രാജ്യത്തെ മുഴുവന്‍ പുരുഷന്‍മാരുടെയും മനോഗതമാണു വെളിവാക്കുന്നതെന്നായിരുന്നു വനിതാ എംപിമാരുടെ ആരോപണം. നടപടിയെടുക്കാമെന്നു ആവര്‍ത്തിച്ചു പറയുന്ന സര്‍ക്കാര്‍ നിര്‍ഭയയുടെ മരണത്തിനു ശേഷം രാജ്യത്തു സ്ത്രീ സുരക്ഷയ്ക്കു എന്തു നടപടികളാണെടുത്തതെന്നു കേരളത്തില്‍ നിന്നുള്ള ഡോ. ടി.എന്‍ സീമ ചോദി ച്ചു.

നിര്‍ഭയ ഫണ്ടില്‍ നിന്നും ഇതുവരെ തുക ചെലവഴിച്ചിട്ടില്ലെന്നും സീമ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നു പി. രാജീവും ആവശ്യപ്പെട്ടു. പഠനാവശ്യത്തിനു വേണ്ടിയെന്നു പറഞ്ഞു ബിബിസി സം ഘം അനുമതി ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് അംബികാ സോണി ആരോപിച്ചു. വിഷയത്തില്‍ കക്ഷിഭേദമില്ലാതെ ചര്‍ച്ച വേണമെന്നു കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമനും പറ ഞ്ഞു.

തുടര്‍ന്നു ശൂന്യവേള അവസാനിച്ചു ചോദ്യോത്തര വേള തുടങ്ങിയപ്പോഴും എംപിമാര്‍ രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്തി. വനിതാ എംപിമാര്‍ വാക്കൌട്ട് നടത്താനൊരുങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇടപെട്ടു സംസാരിച്ചു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാമെന്നു വീണ്ടും ഉറപ്പു നല്‍കി.

പ്രതിഷേധത്തിനിടെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ് തുളസി അഭിമുഖത്തെ അനുകൂലിച്ച് രംഗത്തെ ത്തി. അഭിമുഖത്തില്‍ തെറ്റില്ലെന്നും നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കുറ്റവാളികളുടെ മനസ് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും അതിനാല്‍ ഇത്തരം കൂടുതല്‍ അഭിമുഖങ്ങള്‍ പുറത്തുവരണമെന്നും തുളസി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.