ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ലിനു ലോക്സഭയുടെ അംഗീകാരം
ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ലിനു ലോക്സഭയുടെ അംഗീകാരം
Thursday, March 5, 2015 12:14 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 26ല്‍ നിന്നു 49 ശതമാനമാക്കി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ലിനു ലോക്സഭയുടെ അംഗീകാരം. ഇടതു പാര്‍ട്ടികളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എതിര്‍പ്പിനിടെ ശബ്ദവോട്ടോടെയാണു ലോക്സഭ ബില്‍ പാസാക്കിയത്.

അതിനിടെ, കല്‍ക്കരിപ്പാടം ലേലം ചെയ്യുന്നതിനുള്ള ബില്ലും ലോക്സഭ ഇന്നലെ പാസാക്കി. വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ലോക്സഭയില്‍ അവതരിപ്പിച്ചു പാസാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കാനാണു കര്‍ഷകവിരുദ്ധമായ ഭേദഗതിയെന്നതാണു കോണ്‍ഗ്രസും ഇടതുപക്ഷവും പറയുന്നത്. ബിജെപിയിലെ തന്നെ ഒരു വിഭാഗവും സഖ്യകക്ഷിയായ അകാലിദളും ആര്‍എസ്എസും രാജ്യത്തെ കര്‍ഷകര്‍ ഒന്നാകെയും എതിര്‍ക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ ബില്ലിലെ ചില വ്യവസ്ഥകളില്‍ മാറ്റം വരുത്താനും നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറാകുമെന്നാണു സൂചന.

ലോക്സഭ പാസാക്കിയെങ്കിലും സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയില്‍ ഉദാരവത്കരണ ബില്‍ പാസാകുമോ എന്നതാകും ഉദ്വേഗജനകം. ഇന്‍ഷ്വറന്‍സ്, ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി അടക്കമുള്ള വിവാദ ബില്ലുകള്‍ രാജ്യസഭയില്‍ പരാജയപ്പെടുത്താനാണു പ്രതിപക്ഷം തയാറെടുക്കുന്നത്.

വോട്ടെടുപ്പില്‍ നിന്നു കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയെങ്കിലും ചെയ്താല്‍ മാത്രമേ സര്‍ക്കാരിനു രാജ്യസഭയില്‍ ഇന്‍ഷ്വറന്‍സ് ബില്‍ പാസാക്കാനാകൂ. ഇക്കാര്യത്തില്‍ തീരുമാനം അടുത്തയാഴ്ച ഉണ്ടായേക്കും.

ലോക്സഭയില്‍ ആശ്വാസം കിട്ടിയ സര്‍ക്കാരിനു രാജ്യസഭയുടെ കടമ്പ കടക്കുകയെന്നതു ഏറെ ദുഷ്കരമാകും. രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കുകയോ, പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു പാസാക്കുകയോ മാത്രമേ ബില്‍ നിയമമാക്കാന്‍ തരമുള്ളൂ. യുപിഎ സര്‍ക്കാര്‍ പാസാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ബില്ലിനോടു പൊതുവേ എതിര്‍ക്കാന്‍ പ്രയാസമുള്ള കോണ്‍ഗ്രസ് അംഗങ്ങളും ലോക്സഭയില്‍ ഇടതുപാര്‍ട്ടികളുടെ ഒരു ഭേദഗതി ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്യുകയും പുതിയ ബില്ലിനെ എതിര്‍ക്കുകയും ചെയ്തതു പ്രതിപക്ഷ ഐക്യ സൂചകമായി.

ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി കൂട്ടിയ ഓര്‍ഡിനന്‍സിനു പകരമായുള്ള ബില്ലാണു ലോക്സഭയില്‍ പാസാക്കിയത്. ഇടതുപക്ഷ കക്ഷികള്‍ കൊണ്ടുവന്ന ഭേദഗതികള്‍ ലോക്സഭ വോട്ടിനിട്ടു തള്ളി. ഇന്‍ഷ്വറന്‍സ് ഓര്‍ഡിനന്‍സ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഐയിലെ സി.എന്‍. ജയദേവന്‍ അവതരിപ്പിച്ച പ്രമേയവും ശബ്ദവോട്ടില്‍ പരാജയപ്പെട്ടു.

മതിയായ അറിവുപോലുമില്ലാതെയാണു പ്രതിപക്ഷത്തെ പലരും ബില്ലിനെ എതിര്‍ക്കുന്നതെന്ന ധനസഹമന്ത്രി ജയന്ത് സിന്‍ഹയുടെ പരാമര്‍ശം ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി മാപ്പു പറയേണ്ടി വന്നു. രാജ്യസഭയുടെ പരിഗണനയില്‍ സമാനമായ ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്‍ നിലവിലുള്ള സമയത്തു പുതിയൊരു ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതു പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കീഴ്വഴക്കങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന കോണ്‍ഗ്രസ്, ഇടതുപക്ഷ, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ വാദഗതിയെ അവഗണിച്ചാണു സര്‍ക്കാര്‍ വിവാദ ബില്‍ അവതരിപ്പിച്ചത്. കേരളത്തില്‍ നിന്നു ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.ബി. രാജേഷ്, സി.എന്‍. ജയദേവന്‍ എന്നിവരാണു ബില്ലിനെ എതിര്‍ത്ത് ഇന്നലെ സംസാരിച്ചത്. ചര്‍ച്ച വേഗം പൂര്‍ത്തിയാക്കി ബില്‍ ഇന്നലെത്തന്നെ പാസാക്കുകയും ചെയ്തു.


രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും സാമൂഹ്യ ഘടനയിലും വലിയ സംഭാവന നല്‍കുന്ന എല്‍ഐസി, ജിഐസി തുടങ്ങിയ പൊതുമേഖലാ കമ്പനികളെ തകര്‍ക്കുന്നതാണു ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ലെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പൊന്‍മുട്ടയിടുന്ന ഇരട്ടത്താറാവുകളെ കൊല്ലുന്നതിനു സമാനമാണിത്. 17 ലക്ഷം എല്‍ഐസി ഏജന്റുമാരുടെ നിലനില്‍പും അപകടത്തിലാക്കും. എല്‍ഐസി ഏജന്റുമാര്‍ക്കു ക്ഷേമപദ്ധതി ആരംഭിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്ററി ജനാധിപത്യ സംവിധാനങ്ങളുടെ കീഴ്വഴക്കങ്ങളും മര്യാദകളും ലംഘിക്കുന്നതാണു പുതിയ ഭേദഗതി ബില്ലെന്നു ശശി തരൂരും പ്രേമചന്ദ്രനും രാജേഷും ചൂണ്ടിക്കാട്ടി. രാജ്യസഭയുടെ പരിഗണനയിലുള്ള ബില്‍ ലോക്സഭയില്‍ പാസാക്കുന്നതു തീര്‍ത്തും ശരിയല്ലെന്നു തരൂര്‍ ഓര്‍മിപ്പിച്ചു. കോര്‍പറേറ്റ് താത്പര്യം സംരക്ഷിക്കാനാണു സര്‍ക്കാര്‍ തത്രപ്പെടുന്നതെന്നും കേരള എംപിമാര്‍ കുറ്റപ്പെടുത്തി. ലോകത്താകെ മുതലാളിത്ത നയങ്ങള്‍ തകര്‍ച്ച നേരിടുമ്പോഴും സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ലെന്നു രാജേഷ് പറഞ്ഞു.

ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 26 ശതമാനത്തില്‍നിന്നു 49 ആക്കാനുള്ള ഭേദഗതി ബില്‍ 2008 മുതല്‍ രാജ്യസഭയുടെ പരിഗണനയിലുള്ളതാണ്. രാജ്യസഭയുടെ പരിഗണനയിലുള്ള പ ഴയ ബില്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ നീക്കവും പരാജയപ്പെട്ടിരുന്നു. ഭരണപക്ഷത്തിനു ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പിന്‍വലിക്കാനുള്ള നീക്കത്തെ പ്രതിപക്ഷം യോജിച്ചു എതിര്‍ക്കുകയായിരുന്നു.

പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്തതിനാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സി നു പകരമാണു പുതിയ ഭേദഗതി ബില്‍ ഇന്നലെ ലോക്സഭയില്‍ പാസാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.