സംഘടനാ തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിയില്‍ സമൂല മാറ്റം: കെ. സുധാകരന്‍
സംഘടനാ തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിയില്‍ സമൂല മാറ്റം: കെ. സുധാകരന്‍
Friday, March 27, 2015 12:20 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും കാര്യമായ മാറ്റങ്ങള്‍ വരുമെന്നു കെ. സുധാകരന്‍. തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ചാരത്തില്‍ മറഞ്ഞുകിടക്കുന്ന കനലുകള്‍ ഗ്രൂപ്പിന് അതീതമായി നേതൃനിരയിലേക്കു വരുമെന്നാണ് ഇന്നലെ ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞത്. ഡല്‍ഹിയില്‍ സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തേ കോണ്‍ഗ്രസ് പുനഃസംഘടന നടത്തുമ്പോള്‍ നേതാക്കന്മാരുടെ പ്രീതി പിടിച്ചുപറ്റുന്നവര്‍ മാത്രമാണു നേതൃത്വത്തിലേക്കു വന്നിരുന്നത്. എന്നാല്‍, ഇത്തവണ മാറ്റമുണ്ടാകും. 1991ല്‍ സംഘടനാ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ കണ്ണൂരില്‍ എ, ഐ ഗ്രൂപ്പുകള്‍ തനിക്കെതിരേ ഒറ്റക്കെട്ടായിനിന്നു മത്സരിച്ചെങ്കിലും താന്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. അതുകൊണ്ടാണു താന്‍ ജീവിച്ചിരിക്കുന്നതു പോലുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യം തനിക്കൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു ഒരു മങ്ങലുമേറ്റിട്ടില്ലെന്നും ആരോപണങ്ങളും വിവാദങ്ങളുമില്ലെങ്കില്‍ പ്രതിപക്ഷമുണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി യുഡിഎഫ് സര്‍ക്കാരിനു പിടിച്ചുനില്‍ക്കാന്‍. തന്റെ പരാജയത്തിനുള്ള കാരണങ്ങളും സംസ്ഥാനത്തെ സംഘടനാ വിഷയങ്ങളുമാണു സോണിയഗാന്ധിയുമായി ചര്‍ച്ച നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.


ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടന്നതു പുരുഷ പീഡനമാണെന്നും സുധാകരന്‍ പറഞ്ഞു. വനിതാ എംഎല്‍എമാര്‍ ഭരണപക്ഷ എംഎല്‍എമാരുടെ അടുത്തേക്കു തള്ളിക്കയറുകയായിരുന്നു. തടുക്കാന്‍ ശ്രമിച്ച എംഎല്‍എയെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനൊപ്പം കടിക്കുകയും ചെയ്തു. ബിജിമോള്‍ എംഎല്‍എ ഷിബു ബേബി ജോണിനെ തള്ളി മുന്നേറാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീകളെ മുന്‍നിറുത്തിയുള്ള രാഷ്ട്രീയ നാടകമാണ് അവിടെ നടന്നത്. ഈ ആഭാസം ജനങ്ങള്‍ കണ്ടതാണ്. അന്നു സഭയില്‍ നടന്നതിന്റെ ചിത്രങ്ങള്‍ പോസ്റര്‍ അടിച്ചാല്‍ തന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് യുഡിഎഫ് അനായാസം ജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

എംഎല്‍എമാര്‍ക്കെതിരേ നടപടി എടുത്തപ്പോള്‍ അത് ഏകപക്ഷീയമാണെന്നാണു പ്രതിപക്ഷം ആരോപിച്ചത്. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ അക്രമം നടത്തിയത്.

മന്ത്രി അവതരിപ്പിച്ചു സഭ വിടുകയും സഭാനടപടികള്‍ നിയന്ത്രിക്കേണ്ട സ്പീക്കര്‍ വേദിയില്‍ നിന്നു മടങ്ങുകയും ചെയ്തശേഷം സ്പീക്കറുടെ ഡയസ് അടിച്ചുത്തകര്‍ത്തതും ജനങ്ങള്‍ കണ്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കണ്ട പലരും ശിവന്‍കുട്ടി എംഎല്‍എ മദ്യപിക്കുമോയെന്നാണു ചോദിച്ചത്. തനിക്ക് ഇക്കാര്യം അറിയില്ലെന്നു വ്യക്തമാക്കിയെന്നും സുധാകരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.