പിഎഫ്: അഞ്ചു ശതമാനം ഓഹരിവിപണിയിലേക്ക്
പിഎഫ്: അഞ്ചു ശതമാനം ഓഹരിവിപണിയിലേക്ക്
Saturday, April 25, 2015 12:11 AM IST
ന്യൂഡല്‍ഹി: തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പു മറികടന്ന് ഓഹരിവിപണിയില്‍ പ്രൊവിഡന്റ് ഫണ്ട് തുക നിക്ഷേപിക്കാന്‍ തീരുമാനമായി, എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) പണത്തില്‍ അഞ്ചു ശതമാനം ഓഹരിവിപണിയിലെ എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് (ഇടിഎഫ്) എന്നറിയപ്പെടുന്ന ധനകാര്യ ഉപകരണത്തില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ചു തൊഴില്‍വകുപ്പ് വിജ്ഞാപനമിറക്കി.

രണ്ടു മൂന്നു ദിവസം മുമ്പ് വിജ്ഞാപനമിറങ്ങി എന്നാണ് തൊഴില്‍ സെക്രട്ടറി ശങ്കര്‍ അഗര്‍വാള്‍ പറഞ്ഞത്. വരും വര്‍ഷങ്ങളില്‍ ഓഹരിവിപണിയിലെ നിക്ഷേപ ത്തോത് വര്‍ധിപ്പിക്കും. ക്രമേണ ഇടിഎഫുകളില്‍നിന്നു കമ്പനി ഓഹരികളിലേക്കും നിക്ഷേപം എത്തുമെന്നു തൊഴില്‍മന്ത്രാലയത്തിലുള്ളവര്‍ സൂചിപ്പിച്ചു.

ഇതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടപ്പത്രങ്ങളിലാണ് ഇപിഎഫ് പണം നിക്ഷേപിച്ചിരുന്നത്. ഓഹരിവിപണിയിലെ നിക്ഷേപങ്ങള്‍ നഷ്ടസാധ്യതയുള്ളതായതിനാല്‍ അവിടെ നിക്ഷേപിക്കരുതെന്നാണ് യൂണിയനുകള്‍ ശാഠ്യം പിടിച്ചിരുന്നത്. മാര്‍ച്ച് 30നു ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ് യോഗത്തിലും യൂണിയന്‍ പ്രതിനിധികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. അതിനു നാലുദിവസം മുമ്പുചേര്‍ന്ന ഇപിഎഫ്ഒയുടെ ഫിനാന്‍സ് ഇന്‍വെസ്റ്മെന്റ് ആന്‍ഡ് ഓഡിറ്റ് കമ്മിറ്റി പണം എവിടെ, എത്രമാത്രം നിക്ഷേപിക്കണം എന്നു നിര്‍ദേശിക്കാന്‍ ഗവണ്‍മെന്റിന് അധികാരമുണ്െടന്നു വിശദീകരിച്ചിരുന്നു. ഇതുവരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസിലെ എതിര്‍പ്പ് പരിഗണിച്ചു തീരുമാനം മാറ്റിയിരുന്ന തൊഴില്‍ മന്ത്രാലയം ഈ ശിപാര്‍ശ പ്രകാരമാണ് പുതിയ വിജ്ഞാപനമിറക്കിയത്.


സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ റിട്ടയര്‍മെന്റ് സമ്പാദ്യം സൂക്ഷിക്കുന്ന ഇപിഎഫ്ഒയില്‍ അഞ്ചുകോടിയിലേറെ വരിക്കാരു ടെ വകയായി ആറര ലക്ഷം കോടി രൂപ ഉണ്ട്. ഇക്കൊല്ലം ഒന്നരലക്ഷം കോടിരൂപകൂടി അതിലേക്കു വരും. ഇക്കൊല്ലം 15000 രൂപവരെയുള്ള ശമ്പളം പിഎഫ് പരിധിയിലാക്കിയതുമൂലമാണ് ഈ വര്‍ധന. ഈ വര്‍ധിച്ച തുകയുടെ അഞ്ചുശതമാനമായ 7500 കോടിരൂപ ഓഹരിവിപണിയില്‍ അടുത്ത മാര്‍ച്ച് 31-നകം നിക്ഷേപിക്കും.

പതിനഞ്ചു ശതമാനം വരെ ഓഹരിവിപണിയില്‍ നിക്ഷേപിക്കാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടത്. തുടക്കവര്‍ഷം എന്ന നിലയില്‍ അഞ്ചുശതമാനം എന്നു തൊഴില്‍മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്)കള്‍ ഓഹരികള്‍ പോ ലെ ചാഞ്ചാട്ടമുള്ളവയല്ല എന്നാണു മന്ത്രാലയം പറയുന്നത്. ഓഹരിസൂചിക ആധാരമാക്കിയുള്ളതാണ് ഇടിഎഫുകള്‍.

വികസിതരാജ്യങ്ങളിലെ പെന്‍ഷന്‍ ഫണ്ടുകള്‍ 40 മുതല്‍ 57 വരെ ശതമാനം തുക ഓഹരികളില്‍ നിക്ഷേപിക്കാറുണ്ട്. അമേരിക്ക 57 ശതമാനം, ഓസ്ട്രേലിയ 54, ബ്രിട്ടന്‍ 50, കാനഡ 48, ജപ്പാന്‍ 40 ശതമാനം എന്നിങ്ങനെയാണ് പ്രധാന രാജ്യങ്ങളിലെ പെന്‍ഷന്‍ ഫണ്ടുകള്‍ ഓഹരികളില്‍ നിക്ഷേപിക്കുന്ന തുകയുടെ അനുപാതം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.