മോദിസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി അരുണ്‍ ഷൂരി
മോദിസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി അരുണ്‍ ഷൂരി
Sunday, May 3, 2015 11:17 PM IST
സ്വന്തം ലേഖന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചു ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. ദിശാബോധമില്ലാതെ പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന് ഷൂരി ചൂണ്ടിക്കാട്ടി. വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ വേണ്ടി മാത്രമാണ് രാജ്യത്തെ വളര്‍ച്ചാ നിരക്ക് പത്തു ശതമാനമാക്കി ഉയര്‍ത്തുമെന്ന തരത്തിലുള്ള വാഗ്ദാനങ്ങള്‍. എന്നാല്‍, വളര്‍ച്ചാനിരക്ക് വര്‍ധിപ്പിക്കാനുള്ള ഒരു നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നില്ലെന്നും അരൂണ്‍ ഷൂരി കുറ്റപ്പെടുത്തുന്നു.

സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാര്‍ വലിയ കാര്യങ്ങളാണു പറയുന്നത്. എന്നാല്‍, അടിത്തട്ടില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ദിശാബോധം ഇല്ലാത്തവയാണു സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍. ഇന്ത്യയെ വളര്‍ച്ചയുടെ പാതയിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍ ധാരാളം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, അവയെല്ലാം വെറും പൊള്ളത്തരങ്ങളാണെന്നായിരുന്നു അരുണ്‍ ഷൂരിയുടെ മറുപടി. ഒരു ദേശീയ വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഷൂരി മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ബിജെപി എംപിമാരുടെ വിവാദ പ്രസ്താവനകളിലും ന്യൂനപക്ഷങ്ങള്‍ക്ക് നേരേയുണ്ടാകുന്ന ആക്രമണങ്ങളിലും മോദി നിശബ്ദത പാലിക്കുന്നതിനെയും നേരത്തെ അരുണ്‍ ഷൂരി വിമര്‍ശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.