മോഗയില്‍ ബന്ദ് സമാധാനപരം
Tuesday, May 5, 2015 11:14 PM IST
ചണ്ഡിഗഡ്: ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും റോഡിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്ത ജീവനക്കാര്‍ക്കൊപ്പം ബസുടമകള്‍ക്കുമെതിരേ കേസ് രജിസ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടു മോഗയില്‍ ഇന്നലെ നടന്ന ബന്ദ് സമാധാനപരം. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് അക്രമം അരങ്ങേറിയ ഓര്‍ബിറ്റ് ഏവിയേഷന്‍ കമ്പനിയുടെ ബസ്.

പ്രതിപക്ഷ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, പഞ്ചാബ് പീപ്പിള്‍സ് പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തിലാണു ബന്ദ് നടന്നത്. സംഭവത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇതേസമയം, സംഭവം വേദനാജനകമാണെന്നു മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദല്‍ അഭിപ്രായപ്പെട്ടു. ഞായറാഴ്ച അദ്ദേഹം മോഗയിലെ ലാന്‍ഡെ കെ ഗ്രാമത്തിലുള്ള പെണ്‍കുട്ടിയുടെ ഭവനത്തിലെത്തിയിരുന്നു.


ബസ് യാത്രക്കാരായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്ക് അവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനു പഞ്ചാബ് സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയമിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, പട്ടികജാതി-പിന്നോക്ക വിഭാഗ ക്ഷേമ സെക്രട്ടറി, ഡിജിപി എന്നിവരടങ്ങുന്നതാണു സമിതി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണു സമിതി രൂപീകരിച്ചത്. ഒരുമാസത്തിനകം നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമിതി സമര്‍പ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.