പഞ്ചാബ് പീഡനം: പാര്‍ലമെന്റില്‍ പ്രതിഷേധം രൂക്ഷം
Wednesday, May 6, 2015 11:40 PM IST
ന്യൂഡല്‍ഹി: പഞ്ചാബിലെ മോഗയില്‍ പെണ്‍കുട്ടിയെ പീഡന ശ്രമത്തിനിടെ ബസില്‍ നിന്നു പുറത്തെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം രൂക്ഷം. രാജ്യസഭയില്‍ ശൂന്യവേളയില്‍ പ്രതിപക്ഷം വിഷയത്തില്‍ പ്രത്യേക ചര്‍ച്ച ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ബഹളത്തില്‍ സഭ രണ്ടു തവണ പിരിഞ്ഞു. ആദ്യവട്ടം പിരിഞ്ഞതിനുശേഷം രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോള്‍ അംബികാ സോണി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. പഞ്ചാബില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുയാണെന്ന് അവര്‍ ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കാരുടെ ഉടമസ്ഥതയിലുള്ളതാണ് സംഭവം നടന്ന ബസ് എന്നത് ഏറെ ഗൌരവമുള്ള പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ബസുടമകള്‍ക്കെതിരേ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും വിഷയത്തില്‍ സഭ അനുശോചനം രേഖപ്പെടുത്തണമെന്ന് ആശ്യപ്പെട്ടു.

എന്നാല്‍, ചര്‍ച്ചയ്ക്കായി നോട്ടീസ് നല്‍കണമെന്നും വിഷയത്തിന്റെ ഗൌരവം കുറച്ചു കാണുന്നില്ലെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ പറ ഞ്ഞു.


കോണ്‍ഗ്രസിനു പുറമേ രാജ്യസഭയിലെ പ്രതിഷേധത്തില്‍ ഇടതു പാര്‍ട്ടികളും, മായാവതിയുടെ നേതൃത്വത്തില്‍ ബിഎസ്പിയും അണിചേര്‍ന്നു. വിഷയത്തിന്റെ അതീവ ഗൌരവം പരിഗണിച്ചു ചര്‍ച്ച അനുവദിക്കണമെന്നു സീതാ റാം യെച്ചൂരി ആവശ്യപ്പെട്ടു.

പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് മായാവതി ഉന്നയിച്ചത്. എന്നാല്‍, വിഷയത്തില്‍ പ്രത്യേക ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടില്‍ അകാലിദള്‍ എംപിമാര്‍ ഉറച്ചു നിന്നു.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്െടന്നാണു പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വിശദീകരിച്ചത്. ബഹളം രൂക്ഷമായതോടെയാണു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ രണ്ടു തവണ സഭ പിരിച്ചു വിട്ടത്.

വിഷയത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍ പ്രതിഷേധമുയര്‍ത്തി. ബഹളം രൂക്ഷമായിതിനെത്തുടര്‍ന്ന് പലതവണ സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.