മൂത്രം കാര്‍ഷിക സൂത്രമെന്നു ഗഡ്കരി
മൂത്രം കാര്‍ഷിക സൂത്രമെന്നു ഗഡ്കരി
Wednesday, May 6, 2015 11:24 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: തന്റെ തോട്ടത്തിലെ ചെടികളെ തന്റെ മൂത്രമൊഴിച്ചാണു വളര്‍ത്തുന്നതെന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ വരള്‍ച്ചയെക്കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുത്തു സംസാരിക്കവേയാണു മൂത്രംകൊണ്ടു പരിഹാരം കണ്െടത്തിയ വിദ്യ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയായ നിതിന്‍ ഗഡ്കരി പങ്കുവച്ചത്.

അല്‍പ്പം മടിയോടെയാണെങ്കിലും തുറന്നുപറയുകയാണെന്നു പറഞ്ഞാണു മന്ത്രി തന്റെ ചെടികള്‍ മൂത്രമൊഴിച്ചു വളര്‍ത്തിയ കഥ പറഞ്ഞു തുടങ്ങിയത്. ഈ പരീക്ഷണം വിജയകരമെന്നു തോന്നിയാല്‍ മറ്റുള്ളവരും പരീക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. യൂറിയയും നൈട്രജനും ഏറെ അടങ്ങിയ മൂത്രം ഓറഞ്ചുമരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണു ഗഡ്കരിയുടെ ഉപദേശം. ഡല്‍ഹിയിലെ തന്റെ ബംഗ്ളാവിലാണു പരീക്ഷണം നടത്തിയതെന്നും ഇതു മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ വസതിയാണെന്നും മന്ത്രി വെളിപ്പെടുത്തുന്നുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി അധ്യക്ഷപദവി വഹിച്ചിരുന്ന ദേശീയ ഉപദേശക സമിതിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ ഇതേ വസതിയിലായിരുന്നു. സോണിയ ഇപ്പോള്‍ താമസിക്കുന്ന 10-ജന്‍പഥിന് എതിര്‍വശത്താണ് ഈ വസതി. ദിവസവും ഒരു പ്ളാസ്റിക് പാത്രത്തില്‍ തന്റെ മൂത്രം ശേഖരിച്ചുവച്ചു. അമ്പതു ലിറ്ററോളമായപ്പോള്‍ തോട്ടക്കാരനോടു പറഞ്ഞ് ഒരേക്കറിലധികം വരുന്ന തോട്ടത്തിലെ മരങ്ങളുടെയും ചെടികളുടെയും ചുവട്ടില്‍ ഇതൊഴിക്കാന്‍ ഏല്‍പ്പിച്ചു. ഫലം അത്ഭുതകരമായിരുന്നെന്നാണു ഗഡ്കരി പറയുന്നത്. മറ്റു ചെടികളേക്കാള്‍ ഒന്നര ഇരട്ടിയിലധികമായിരുന്നു തന്റെ മൂത്രമൊഴിച്ച ചെടികളുടെ വളര്‍ച്ചയെന്നും മന്ത്രി സാക്ഷ്യപ്പെടുത്തി.


വിവരം പുറത്തായതോടെ ഗഡ്കരിക്കെതിരായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. അടുത്ത തവണ സ്വന്തം കൃഷിയിടത്തില്‍ വിളഞ്ഞ പഴങ്ങള്‍ ഗഡ്കരി സമ്മാനിക്കുമ്പോള്‍ ആളുകള്‍ രണ്ടു തവണ ആലോചിക്കണമെന്നായിരുന്നു ട്വിറ്ററില്‍ വന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ പരിഹാസം.

ഗഡ്കരിയുടെ വീട്ടിലെ അത്താഴവിരുന്നിനു വിളമ്പുന്ന സാല ഡിലെ പച്ചക്കറികള്‍ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായതാണോ എന്നറിയാന്‍ അമേരിക്കന്‍ അംബാസഡര്‍ വിവരാവകാശ അപേക്ഷ നല്‍കുമെന്നും നീളുന്നു മന്ത്രിക്കെതിരായ പരിഹാസ ശരങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.