ഗീലാനിക്കു പാസ്പോര്‍ട്ട്: തീരുമാനം നിയമപ്രകാരം
Friday, May 22, 2015 12:09 AM IST
ന്യൂഡല്‍ഹി: ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനിയുടെ പാസ്പോര്‍ട്ട് അപേക്ഷയില്‍ അര്‍ഹതയ്ക്ക് അനുസരിച്ചു തീരുമാനമെടുക്കുമെന്നും യാത്രാ രേഖയായ പാസ്പോര്‍ട്ട് എല്ലാ പൌരന്‍മാരുടെയും അവകാശമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഗീലാനി അടുത്തുള്ള പാസ്പോര്‍ട്ട് കേന്ദ്രത്തെ സമീപിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങള്‍ ജമ്മു കാഷ്മീര്‍ സര്‍ക്കാരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

പാസ്പോര്‍ട്ട് എല്ലാ ഇന്ത്യന്‍ പൌരന്‍മാരുടെയും അവകാശമാണ്. നിയമാനുസൃതമായ നടപടികള്‍ക്കുശേഷം കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇതു നല്കുന്നത്. ഒരു വ്യക്തി പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ എല്ലാ നടപടിക്രമങ്ങളും കൃതമായി പാലിക്കണം. ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി അപേക്ഷ വരുമ്പോള്‍ അര്‍ഹതയ്ക്ക് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് പറഞ്ഞു. ഗീലാനിക്കു പാസ്പോര്‍ട്ട് നല്കുന്ന കാര്യത്തില്‍ ജമ്മു കാഷ്മീര്‍ ഭരിക്കുന്ന പിഡിപി-ബിജെപി സഖ്യത്തില്‍ ചെറിയ ഭിന്നതയുണ്ട്. വിദേശത്തു ചികിത്സയില്‍ കഴിയുന്ന മകളെ കാണാന്‍, മാനുഷിക പരിഗണന കണക്കിലെടുത്തു ഗീലാനിക്കു പാസ്പോര്‍ട്ട് അനുവദിക്കണമെന്നു പിഡിപി നേതാവ് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. വിഘടനവാദി നേതാക്കളായ യാസിന്‍ മാലിക്, മിര്‍വായിസ് ഉമര്‍ ഫറൂഖ് എന്നിവര്‍ക്കു പാസ്പോര്‍ട്ട് ഉണ്െടന്നും അവര്‍ പറഞ്ഞു.


രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഗീലാനി പരസ്യമായി മാപ്പ് പറഞ്ഞതിനുശേഷം മാത്രം പാസ്പോര്‍ട്ട് നല്കിയാല്‍ മതിയെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കളുടെ നിലപാട്. എല്ലാ സുരക്ഷാ നടപടികളും പാലിച്ചശേഷം മാത്രമേ പാസ്പോര്‍ട്ട് അനുവദിക്കാവൂയെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് ജുഗല്‍ കിഷോര്‍ ശര്‍മ പറഞ്ഞു.

ജിദ്ദയിലേക്കു യാത്രചെയ്യാനാണു ഗീലാനിയും കുടുംബവും ഓണ്‍ലൈനായി പാസ്പോര്‍ട്ടിന് അപേക്ഷ നല്കിയത്. എന്നാല്‍, ഫോട്ടോ എടുക്കുന്നതിനും ബയോമെട്രിക് വിവരശേഖരണത്തിനുമായി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് ഇതുവരെ എത്തിയിട്ടില്ല. പുതിയ നിയമപ്രകാരം അപേക്ഷകന്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ സമര്‍പ്പിക്കണം.

ഗീലാനി പാസ്പോര്‍ട്ട് ഓഫീസിലെത്തി വിവരങ്ങള്‍ നല്കിയാല്‍ സുരക്ഷാ പ്രശ്നങ്ങളുണ്േടായെന്നറിയാന്‍ ആഭ്യന്തര-വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി അപേക്ഷ സമര്‍പ്പിക്കും. ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങള്‍ ജമ്മു കാഷ്മീര്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയശേഷം പാസ്പോര്‍ട്ട് അനുവദിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പാസ്പോര്‍ട്ട് അപേക്ഷയില്‍ ദേശീയതയുടെ കോളത്തില്‍ ഇന്ത്യന്‍ എന്നാണു ഗീലാനി രേഖപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.