കത്തോലിക്കാ സഭാ മേലധ്യക്ഷന്മാര്‍ അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി
കത്തോലിക്കാ സഭാ മേലധ്യക്ഷന്മാര്‍ അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി
Sunday, May 24, 2015 11:04 PM IST
ന്യൂഡല്‍ഹി: ക്രൈസ്തവ സമൂഹത്തിനെതിരായി രാജ്യത്തു നടക്കുന്ന ആക്രമങ്ങളില്‍ കത്തോലിക്കാ ബിഷപ്പുമാര്‍ കേന്ദ്ര സര്‍ക്കാരിനെ ആശങ്ക അറിയിച്ചു. ഡല്‍ഹിയില്‍ ഇന്നലെ ബിഷപ്പുമാര്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇതു സംബന്ധിച്ച ആശങ്ക അറിയിച്ചത്. ഡല്‍ഹി-ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, ഗുഡ്ഗാവ് ബിഷപ് ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് എന്നിവരാണ് ഇന്നലെ അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ദളിത് ക്രൈസ്തവര്‍ക്കു ന്യൂനപക്ഷ പദവി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ബിഷപുമാരുടെ സംഘം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ പള്ളിയാക്രമണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നു ജെയ്റ്റ്ലി ബിഷപ്പുമാരെ ധരിപ്പിച്ചു. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രി ബിഷപ്പുമാരെ കാണിക്കുകയും ചെയ്തു. പൂര്‍ണമായ റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കുമെന്നും അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരേ റിപ്പോര്‍ട്ടു നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തു ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പു നല്‍കി.


ക്രൈസ്തവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളില്‍ ആശാവഹമായ മാറ്റം വന്നിട്ടുണ്െടന്നു കൂടിക്കാഴ്ചയ്ക്കുശേഷം ഡല്‍ഹി-ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ജനുവരി 17നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയതിനുശേഷവും രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത്തരം വിഷയങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ ക്രിയാത്മകമായ മാറ്റമുണ്ടായിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.