പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം: യുവാവ് പിടിയില്‍
Tuesday, May 26, 2015 12:15 AM IST
അഗര്‍ത്തല: ഗോഹട്ടി സ്വദേശിക്കുവേണ്ടി എംബിബിഎസ് പ്രവേശന പരീക്ഷയെഴുതിയ ഉത്തര്‍പ്രദേശുകാരന്‍ പിടിയില്‍. ബഹ്റയ്ച് ജില്ലയിലെ ഖരിഘട്ട് സ്വദേശി മുഹമ്മദ് ഇക്ബാല്‍(23) ആണു പിടിയിലായത്.

ഗോഹട്ടി സ്വദേശി ആഷിഷ് കുമാര്‍ ബറുവയുടെ ഐഡന്റിറ്റി കാര്‍ഡുമായാണ് ഇയാള്‍ പരീക്ഷാ ഹാളില്‍ എത്തിയത്. ഇന്‍വിജിലേറ്റര്‍മാര്‍ നടത്തിയ പരിശോധനയില്‍ അഡ്മിറ്റ് കാര്‍ഡിലെയും ഹാജര്‍ രജിസ്ററിലെയും ഫോട്ടോകളും എന്‍ട്രന്‍സ് അപേക്ഷാ ഫോമിലെ ഒപ്പും വ്യത്യസ്തമാണെന്നു കണ്െടത്തി.

പരീക്ഷയെഴുതാന്‍ ആഷിഷ് കുമാര്‍ ഒന്നരലക്ഷം രൂപ ഇക്ബാലിനു വാഗ്ദാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വിമാനയാത്രക്കൂലിയും താമസസൌകര്യവും കൂടാതെ 5000 രൂപ അഡ്വാന്‍സായി നല്കി. ബാക്കി തുക പരിക്ഷ എഴുതിയതിനുശേഷം നല്കുമെന്നും പറഞ്ഞു. ത്രിപുര സ്വദേശികളല്ലാത്തവര്‍ക്ക് ത്രിപുര മെഡിക്കല്‍ കോളജ് പ്രത്യേകം പ്രവേശന പരീക്ഷയാണു നടത്തുന്നത്. 1271 പേരാണു പരീക്ഷയെഴുതാന്‍ അപേക്ഷിച്ചത്. ആഷിഷ് ബറുവ അവരില്‍ ഒരാളാണെന്നു ടിഎംസി ചെയര്‍മാന്‍ ബി.എം. സിന്‍ഹ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ഇക്ബാലിനെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.