സിബിഎസ്ഇ 12-ാംക്ളാസ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം
സിബിഎസ്ഇ 12-ാംക്ളാസ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം
Tuesday, May 26, 2015 12:11 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹി മലയാളിക്ക്. തിരുവനന്തപുരം സ്വദേശി എം. മോഹനന്റെ മകളും ഡല്‍ഹി സാകേതിലെ ന്യൂഗ്രീന്‍ഫീല്‍ഡ് സ്കൂള്‍ വിദ്യാര്‍ഥിനിയുമായ എം. ഗായത്രിയാണു 99.2 ശതമാനം മാര്‍ക്ക് നേടി ഒന്നാമതെത്തിയത്.

കൊമേഴ്സ് വിഭാഗത്തില്‍ 500ല്‍ 496 മാര്‍ക്ക് ഈ മിടുക്കി സ്വന്തമാക്കി. ദേശീയ തലത്തില്‍ 82 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ 95.41 ശതമാനം വിജയം നേടി തിരുവനന്തപുരം റീജണ്‍ രാജ്യത്ത് ഒന്നാമതെത്തി.

ഡല്‍ഹിയില്‍ പുഷ്പവിഹാര്‍ സെക്ടര്‍ നാലില്‍ താമസിക്കുന്ന തിരുവനന്തപുരം കരമന സ്വദേശിയായ പിതാവ് മോഹന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ്. മാതാവ് ലക്ഷ്മി സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥയും. കഴിഞ്ഞ വര്‍ഷം 99.6 ശതമാനം മാര്‍ക്ക് നേടിയ സാര്‍ത്ഥക് അഗര്‍വാളാണ് സിബിഎസ്ഇ പരീക്ഷയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കിനുടമ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.70 ശതമാനം വിജയം കുറവുള്ള ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ മികച്ച വിജയം കൈവരിച്ചു. പെണ്‍കുട്ടികളുടേത് 87.56 ശതമാനവും ആണ്‍കുട്ടികളുടേത് 77.77 ശതമാനവുമാണ്.


രണ്ടാം സ്ഥാനം 495 മാര്‍ക്ക് വീതം നേടി മൂന്നുപേര്‍ പങ്കിട്ടു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയയിലെ ബി. അര്‍ജുന്‍, നോയിഡയിലെ അമിറ്റി ഇന്റര്‍നാഷണല്‍ സ്കൂളിലെ മൈഥിലി മിശ്ര, ന്യൂഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് കെആര്‍എം വേള്‍ഡ് സ്കൂളിലെ സൌരഭ് ഭാംബ്രി എന്നിവരാണ് രണ്ടാം സ്ഥാനം പങ്കിട്ടത്.

പൂനം കുമാരി (494 മാര്‍ക്ക്, പഞ്ച്കുള റീജണ്‍, ഹാപ്പി എവര്‍ഗ്രീന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, ഹരിയാന), ഗുര്‍വീന്ദര്‍ സിംഗ് സൈനി (494 മാര്‍ക്ക്, പഞ്ച്കുള റീജണ്‍, പോലീസ് ഡിഎവി പബ്ളിക് സ്കൂള്‍ ജലന്ധര്‍, പഞ്ചാബ്), എസ്. നിഷോക് കുമാര്‍ (494 മാര്‍ക്ക് ചെന്നൈ റീജണ്‍, ഡിഎവി സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെന്നൈ, തമിഴ്നാട്) എന്നിവരാണ് തൊട്ടുപിന്നില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.