കാഷ്മീരില്‍ തീവ്രവാദി ആക്രമണം; ഒരാള്‍ മരിച്ചു
Tuesday, May 26, 2015 12:13 AM IST
ശ്രീനഗര്‍: കാഷ്മീരില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സൈനികനുള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റു. സോപോര്‍ ഇക്ബാല്‍ മാര്‍ക്കറ്റിലെ ബിഎസ്എന്‍എല്‍ കരാര്‍ സ്ഥാപനത്തിലാണ് ആദ്യം ആക്രമണമുണ്ടായത്. ജീവനക്കാരനായ മുഹമ്മദ് റഫീക്(26) ആണ് മരിച്ചത്.

ഇക്ര ടെലികമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ എത്തിയ തോക്കുധാരി ജീവനക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പില്‍ റഫീക് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ റഫീക്കിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സോപോറില്‍ 48 മണിക്കൂറിനുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്.


കഴിഞ്ഞ ദിവസം ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറിന്റെ പരിസരത്തു നിന്നു ഗ്രനേഡ് കണ്െടത്തിയിരുന്നു. മൊബൈല്‍ ടവറുകളില്‍ തീവ്രവാദികള്‍ സ്ഥാപിച്ചിരുന്ന അവരുടെ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ പിടിച്ചെടുത്തിന്റെപേരിലാണ് ആക്രമണമെന്നു സംശയിക്കുന്നു.

കുല്‍ഗാമില്‍ പട്രോളിംഗ് നടത്തിയിരുന്ന സൈനികര്‍ക്കു നേരെയാണു രണ്ടാമത്തെ തീവ്രവാദി ആക്രമണമുണ്ടായത്. യാരിപോറ കാഞ്ചിക്കുള്ളയില്‍ പട്രോളിംഗ് നടത്തിയിരുന്ന ഒന്നാം രാഷ്ട്രീയ റൈഫിള്‍സിലെ സൈനികര്‍ക്കു നേരെയാണു വെടിവയ്പ്പുണ്ടായത്. വെടിവയ്പില്‍ ഒരു സൈനികനു പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.