നഴ്സുമാരുടെ എമിഗ്രേഷന്‍ നിയന്ത്രണം നീട്ടിവയ്ക്കില്ല
Saturday, May 30, 2015 11:59 PM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലേക്കു നഴ്സുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എമിഗ്രേഷന്‍സ് ക്ളിയറന്‍സ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇസിആര്‍ നിയന്ത്രണം ഇന്നു പ്രാബല്യത്തിലാവുന്ന സാഹചര്യത്തിലാണു കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളവുമായി ധാരണയുണ്ടാക്കാന്‍ കുവൈറ്റ് താത്പര്യം കാണിക്കുന്നില്ലെന്നും ബാക്കിയുള്ള 17 രാജ്യങ്ങളുമായി കരാറുണ്ടാക്കാന്‍ സമയം വേണമെന്നും സംസ്ഥാന പ്രവാസി മന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതു നീട്ടിവച്ചാല്‍ ഈ മേഖലയിലുള്ള ചൂഷണം തുടരുമെന്നും സര്‍ക്കാര്‍ കൊണ്ടുവരുന്ന നടപടികള്‍ നടപ്പിലാക്കാനാവില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

വിദേശ റിക്രൂട്ട്മെന്റിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്ന കേരളത്തിലെ മൂന്നു പൊതുമേഖല സ്ഥാപനങ്ങള്‍ വിദേശരാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകളും നടപടിക്രമങ്ങളും പൂര്‍ത്തിയാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. 18 രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ നഴ്സുമാരുടെ വിദേശ റിക്രൂട്ട്മെന്റ് നോര്‍ക്ക റൂട്ട്സ്, ഒഡെപെക്, തമിഴ്നാട് ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ മൂന്നു സ്ഥാപനങ്ങള്‍ മുഖേന മാത്രമേ ആകാവൂയെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍, റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ ഈ ഏജന്‍സികളില്‍ ആരംഭിച്ചിട്ടില്ലെന്നും 18 രാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകളില്‍ കുവൈറ്റ് ഒഴികെയുള്ള മറ്റ് രാജ്യങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളെ അനുകൂലിച്ചിട്ടില്ലെന്നും കെ.സി. ജോസഫ് പ്രവാസികാര്യ മന്ത്രിമാരുടെ യോഗത്തെ അറിയിച്ചു. കുവൈറ്റാണെങ്കില്‍ കേരളത്തിന്റെ കാര്യത്തില്‍ അത്ര താത്പര്യവും കാണിക്കുന്നില്ല. തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നതും അതിന്റെ കാരണങ്ങളാണെന്നും യോഗത്തിനുശേഷം മന്ത്രി ജോസഫ് പത്രസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടി നല്‍കി.


ഇസിആര്‍ നിയന്ത്രണം നടപ്പാക്കുന്നതു മൂന്നു മാസത്തേക്കോ ഈ രാജ്യങ്ങളുമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതു വരെയോ ദീര്‍ഘിപ്പിക്കണമെന്നാണു കേരളം ആവശ്യപ്പെട്ടത്.

അതേസമയം, സ്വകാര്യമേഖലയുടെ ചൂഷണം അവസാനിപ്പിക്കാന്‍ ഈ നിയന്ത്രണങ്ങള്‍ സഹായകമാകുമെന്നു മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതു നീട്ടിയാല്‍ ഈ സമ്പ്രദായം നടപ്പാക്കാനാവില്ലെന്നും വ്യക്തിഗത കേസുകള്‍ അറിയിച്ചാല്‍ പരിഹരിക്കുമെന്നും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേരളത്തിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാന്‍ കേന്ദ്രം തയാറായില്ല.

ഹൌസ്മെയ്ഡുമാരുടെ നിയമനവും നിയന്ത്രിക്കണമെന്നു കേരളം പ്രവാസി മന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര സംഘര്‍ഷങ്ങളും യുദ്ധങ്ങളും മൂലം വിദേശ രാജ്യങ്ങളില്‍നിന്നു മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പാക്കേജിനു കേന്ദ്രസര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നു പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതായി മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

ചെറിയ കേസുകളുമായി ബന്ധപ്പെട്ടു വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്കു മാനുഷിക പരിഗണനയും നിയമസഹായവും നല്‍കാന്‍ ഇന്ത്യന്‍ എംബസി തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.