പ്രധാനമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: ആന്റണി
പ്രധാനമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: ആന്റണി
Sunday, May 31, 2015 12:21 AM IST
ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് മുന്‍ പ്രതിരോധ മന്ത്രിഎ.കെ ആന്റണി. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥയാണ് വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണു പ്രധാനമന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഒന്നുകില്‍ അദ്ദേഹത്തിനു കാര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണയുണ്ടാകില്ല. അതല്ലെങ്കില്‍ അദ്ദേഹം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാകം. പക്ഷേ, പ്രധാനമന്ത്രി പറഞ്ഞത് അങ്ങേയറ്റം തെറ്റായ കാര്യങ്ങളാണെന്നു തനിക്കു പറയാന്‍ കഴിയുമെന്നും ആന്റണി പറഞ്ഞു.

രാജ്യത്തെ വിമുക്ത ഭടന്മാര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത് പ്രഖ്യാപനങ്ങള്‍ക്കല്ല. പ്രഖ്യാപനവും നടപടികളും നേരത്തേ തന്നെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 25 ലക്ഷം വരുന്ന പെന്‍ഷന്‍കാര്‍ക്ക് എന്നുമുതല്‍ അധിക തുക ചെക്കായോ പണമായോ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയാണ് വേണ്ടത്. പദ്ധതി നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. അങ്ങനെയായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതാകും. അതുകൊണ്ടുതന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

ബിജെപിയും എന്‍ഡിഎയും അധികാരത്തിലിരുന്നപ്പോഴൊന്നും വിമുക്തഭടന്‍മാര്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും വിമുക്ത ഭടന്മാര്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ എന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍, പരിഗണിക്കാന്‍ പോലും തയാറായില്ലെന്ന് ആന്റണി കുറ്റപ്പെടുത്തി.


അതേസമയം, യുപിഎ സര്‍ക്കാര്‍ ഇതു നടപ്പാക്കാനുള്ള ആത്മാര്‍ഥമായ ശ്രമം നടത്തി. എന്തു വിലകൊടുത്തും ഒരു റാങ്ക് ഒരു പെന്‍ഷന്‍ ഘട്ടംഘട്ടമായി നടപ്പാക്കണമെന്നു തീരുമാനം എടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ മൂന്നു തവണ പെന്‍ഷന്‍ ഗണ്യമായി ഉയര്‍ത്തി. ഇതേത്തുടര്‍ന്ന് നേരത്തേ പെന്‍ഷന്‍ പറ്റിയവരും അടുത്ത് പെന്‍ഷന്‍ പറ്റിയവരും തമ്മിലുള്ള അന്തരം കുറഞ്ഞുവെന്നും ആന്റണി വ്യക്തമാക്കി.

പദ്ധതിക്കു ഫണ്ട് വകയിരുത്തിയില്ലെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോപണവും അടിസ്ഥാനമില്ലാത്തതാണ്. അധികാരത്തില്‍ വന്ന പുതിയ സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു ആവശ്യത്തിന് ഫണ്ട് വകയിരുത്തുകയെന്നത്. ബിജെപിക്കോ സര്‍ക്കാരിനോ ഇക്കാര്യത്തില്‍ ഒരു ആത്മാര്‍ഥതയുമില്ലെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. ഉണ്െടങ്കില്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ മുന്‍ സര്‍ക്കാരിന്റെ തീരുമാനം അവര്‍ നടപ്പാക്കുമായിരുന്നു. യുപിഎ സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊണ്ട സാഹചര്യത്തില്‍ ഒരു സര്‍ക്കാരിനും പദ്ധതി നടപ്പാക്കുന്നതില്‍ പിന്തിരിയാനോ വെള്ളംചേര്‍ക്കാനോ കഴിയില്ലെന്നും ആന്റണി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.