ഗാന്ധിജി വധക്കേസ്: അന്തിമ കുറ്റപത്രവും എഫ്ഐആറും വെളിപ്പെടുത്താന്‍ നിര്‍ദേശം
Tuesday, June 30, 2015 12:10 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധക്കേസിലെ അന്തിമ കുറ്റപത്രവും എഫ്ഐആറും വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം. ഒഡീഷ സ്വദേശിയായ ഹേമന്ത പാണ്ഡെ വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ പരിഗണിച്ചാണു വിവരാവകാശ കമ്മീഷണര്‍ ശരത് സബര്‍വാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടു നിര്‍ദേശിച്ചത്. ഗാന്ധിജിയുടെ വധക്കേസിലെ അന്തിമ കുറ്റപത്രവും എഫ്ഐആറിനെ കുറിച്ചും തങ്ങള്‍ക്ക് അറിയില്ലെന്നു ഗാന്ധി സ്മൃതിയും ദര്‍ശന്‍ സമിതിയും ചോദ്യത്തിനു മറുപടി നല്‍കിയതിനു പിന്നാലെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

ഗാന്ധിജി വധക്കേസിലെ പ്രഥമ അന്വേഷണ റിപ്പോര്‍ട്ടും അന്തിമ കുറ്റപത്രവും ആവശ്യപ്പെട്ട ഹേമന്ത് പാണ്ഡെ, ഗാന്ധിജിയുടെ മൃതദേഹം നിയമ പ്രകാരം പോസ്റ്മോര്‍ട്ടം നടത്തിയിരുന്നോ എന്നുമുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. ചോദ്യം ലഭിച്ചതിനു പിന്നാലെ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാഷണല്‍ ആര്‍ക്കെയ്സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ക്കും ദര്‍ശന്‍ സമിതിക്കും കൈമാറി. ഗാന്ധിജി അവസാന സമയത്ത് താമസിച്ചിരുന്ന ബിര്‍ള ഹൌസാണ് നാഷണല്‍ ആര്‍ക്കേവ്സും ഗാന്ധി സ്മൃതിയുമായി മാറ്റിയത്.


വധക്കേസുമായി ബന്ധപ്പെട്ടുള്ള എഫ്ഐആര്‍, കുറ്റപത്രം എന്നിവയെപ്പറ്റി അറിയില്ലെന്നു കേന്ദ്ര ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധി സ്മൃതി, ദര്‍ശന്‍ സമിതി അധികൃതര്‍ ഗാന്ധിജിയുടെ കുടുംബാംഗങ്ങളുടെ അപേക്ഷയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്തിരുന്നില്ലെന്നും അറിയിക്കുകയായിരുന്നു. തുഗ്ളക് പോലീസ് സ്റേഷനിലാണ് കേസിന്റെ അന്വേഷണം നടത്തിയിരുന്നതെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കുറ്റപത്രവും എഫ്ഐആറും പരസ്യമാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കുകയായിരുന്നെന്ന് വിവരാവകാശ കമ്മീഷണര്‍ ശരത് സബര്‍വാള്‍ വ്യക്തമാക്കി.

1948 ജനുവരി 30നാണ് ബിര്‍ളാ ഹൌസില്‍ വച്ച് നാഥുറാം ഗോഡ്സേ ഗാന്ധിജിയെ വെടിവച്ചു കൊലപ്പെടുത്തിയത്. തുഗ്ളക് റോഡ് പോലീസാണ് ഗാന്ധിജിയുടെ കൊലക്കേസ് അന്വേഷിച്ചത്. എഫ്ഐആര്‍ തയാറാക്കിയതും അവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.