രാജ്യത്തു 98 സ്മാര്‍ട്ട് സിറ്റികള്‍: കേരളത്തിനു കൊച്ചി മാത്രം
രാജ്യത്തു 98 സ്മാര്‍ട്ട് സിറ്റികള്‍: കേരളത്തിനു കൊച്ചി മാത്രം
Friday, August 28, 2015 11:33 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നു കൊച്ചിയെ മാത്രം ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 98 സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം പരിഗണനാ പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നലെ കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു പ്രഖ്യാപിച്ച അന്തിമ പട്ടികയില്‍ ഇടം പിടിച്ചില്ല. പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപങ്ങള്‍ക്കായി കാത്തിരിക്കുന്ന സ്വകാര്യ സംരംഭകര്‍ സ്മാര്‍ട്ട് സിറ്റിയില്‍ മുതല്‍ മുടക്കുമെന്നും നായിഡു പറഞ്ഞു. ഭൂമി ലഭ്യമാണ്, ലാഭവും ഉറപ്പാണ് എന്നായിരുന്നു നായിഡു സ്വകാര്യമേഖലയ്ക്കു നല്‍കിയ വാഗ്ദാനം.

24 സംസ്ഥാന തലസ്ഥാനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയ പട്ടികയില്‍ 24 ബിസിനസ് ഹബ്ബുകളും 18 സാംസ്കാരിക-ടൂറിസം സെന്ററുകളുമാണുള്ളത്. അഞ്ചു തുറമുഖ നഗരങ്ങളും മൂന്ന് ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രങ്ങളും ഉണ്ട്. ഇതിലും തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പതു സംസ്ഥാന തലസ്ഥാനങ്ങള്‍ തഴയപ്പെട്ടു.

ഏറ്റവുമധികം സ്മാര്‍ട്ട് സിറ്റികള്‍ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ച ഉത്തര്‍പ്രദേശില്‍ (13) ആണ്. ഇതില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും ഉള്‍പ്പെടുന്നു. ജമ്മു കാഷ്മീരില്‍നിന്ന് ഒരു നഗരവും പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ഉയര്‍ന്ന ജീവിതനിലവാരവും യൂറോപ്യന്‍ നഗരങ്ങളുടെ മാതൃകയിലുള്ള വികസനവും ലക്ഷ്യം വച്ചുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. അഞ്ചുവര്‍ഷം കൊണ്ട് മൂന്നുലക്ഷം കോടി രൂപയാണ് പട്ടികയില്‍ ഉള്‍പ്പെട്ട നഗരങ്ങളുടെ സുസ്ഥിര വികസനത്തിനായി കേന്ദ്രം മുടക്കുമെന്ന് അറിയിച്ചിരിക്കുന്നത്. അമ്പതു ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള ചെന്നൈ, ഗ്രേറ്റര്‍ ഹൈദരാബാദ്, അഹമ്മദാബാദ്, ഗ്രേറ്റര്‍ മുംബൈ എന്നിവയ്ക്കു പുറമേ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൌണ്‍സില്‍, വിശാഖപട്ടണം, ചണ്ഡിഗഡ്, സൂററ്റ്, ഭോപ്പാല്‍, നവി മുംബൈ, താനെ, ഭുവനേശ്വര്‍, അമൃത്സര്‍, ജയ്പുര്‍, അലഹബാദ്, ലക്നൌ തുടങ്ങിയ നഗരങ്ങളും സ്മാര്‍ട്ട് സിറ്റികളാകും.


കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി നഗരങ്ങളില്‍ അടിസ്ഥാനസൌകര്യ വിസകനത്തിനും സാങ്കേതിക വിസകനത്തിനും ഇ-ഗവേണന്‍സിനുമായി കേന്ദ്രം 48,000 കോടി രൂപ നല്‍കും.

വിചിത്ര നഗരങ്ങളാക്കി മാറ്റുകയെന്നല്ല, മറിച്ച് നഗരങ്ങളിലെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണു സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ലക്ഷ്യമെന്നാണു മന്ത്രി എം. വെങ്കയ്യ നായിഡു ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞത്. മികച്ച ഐടി കണക്റ്റിവിറ്റി, ഡിജിറ്റിലൈസേഷന്‍, ജലവിതരണം, വൈദ്യുതി വിതരണം, ശുചിത്വം, പൊതുഗതാഗതം, ഖരമാലിന്യ നിര്‍മാര്‍ജനം, താങ്ങാന്‍ കഴിയുന്ന പാര്‍പ്പിട സൌകര്യം തുടങ്ങിയവയായിരിക്കും സ്മാര്‍ട്ട് സിറ്റികളുടെ പ്രത്യേകതയെന്നും മന്ത്രി വിശദീകരിച്ചു. തെരഞ്ഞെടുത്ത സ്മാര്‍ട്ട് സിറ്റികള്‍ക്ക് അടിസ്ഥാനസൌകര്യ വികസനത്തിനായി ഉടന്‍ രണ്ടു കോടി രൂപ വീതം അനുവദിക്കും. അഞ്ചു വര്‍ഷമാണു പദ്ധതി കാലാവധി. ഇതിനു പുറമേ ആയിരക്കണക്കിനു കോടി രൂപ സ്വകാര്യ മേഖലയില്‍നിന്നും നിക്ഷേപമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍നിന്ന് ആറ്, കര്‍ണാടകയില്‍ നിന്നും ആറ്, മധ്യപ്രദേശില്‍നിന്ന് ഏഴ്, മഹാരാഷ്ട്രയില്‍നിന്നു പത്ത്, തമിഴ്നാട്ടില്‍നിന്നു പന്ത്രണ്ട് എന്നിങ്ങനെയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട നഗരങ്ങള്‍. ലക്ഷദ്വീപില്‍നിന്ന് കവരത്തിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ളയറും പട്ടികയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.