ഷീന ബോറ കൊലക്കേസില്‍ അന്വേഷണം വിവിധ തലങ്ങളിലേക്ക്
ഷീന ബോറ കൊലക്കേസില്‍ അന്വേഷണം വിവിധ തലങ്ങളിലേക്ക്
Friday, August 28, 2015 11:57 PM IST
മുംബൈ/കോല്‍ക്കത്ത/ഗോഹട്ടി: ദുരൂഹതകള്‍ നിറഞ്ഞ ഷീന ബോറ കൊലക്കേസില്‍ അന്വേഷണം വിവിധ തലങ്ങളില്‍ പുരോഗമിക്കുന്നു. കൊല്ലപ്പെട്ട ഷീനയുമായി സൌഹൃദത്തിലായിരുന്ന രാഹുല്‍ മുഖര്‍ജിയെ മുംബൈ പോലീസ് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയും രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തു.

ഷീനയെ കാണാതായതിനെത്തുടര്‍ന്നു മൂന്നുവര്‍ഷമായി രാഹുല്‍ അന്വേഷണം നടത്തിവരുകയായിരുന്നു. രണ്ടുതവണ പരാതിയുമായി പോലീസിനെ സമീപിച്ചു. എങ്കിലും പോലീസ് തന്നെ പിന്തിരിപ്പിച്ചുവെന്നു രാഹുല്‍ അന്വേഷണ സംഘത്തോടു പറഞ്ഞു. ഖാര്‍, വര്‍ളി സ്റേഷനുകളിലാണു പരാതി നല്‍കാന്‍ ശ്രമിച്ചത്. കൊലപാതകം ആസൂത്രണം ചെയ്ത ഇന്ദ്രാണി മുഖര്‍ജിയുടെ മൂന്നാം ഭര്‍ത്താവും സ്റാര്‍ ഇന്ത്യ സിഇഒയുമായ പീറ്റര്‍ മുഖര്‍ജിയുടെ ആദ്യവിവാഹത്തിലെ മകനാണു രാഹുല്‍. ഷീനയും രാഹുലും തമ്മിലുള്ള സൌഹൃദമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. ഇക്കാര്യം പീറ്റര്‍ മുഖര്‍ജി അന്വേഷണ സംഘത്തോടു സ്ഥിരീകരിക്കുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി ഇന്ദ്രാണി മുഖര്‍ജിയുടെ മകന്‍ മിഖായേല്‍ ബോറയുമായി മുംബൈ പോലീസ് ഇന്നലെ കൂടിക്കാഴ്ച നടത്തി. ഉച്ചയോടെയാണു മിഖായേല്‍ ബോറയുടെ വസതിയില്‍ മുംബൈ പോലീസ് എത്തിയത്. ഗോഹട്ടിയിലെ ഗണേഷ് ഗുരിയിലുള്ള വീട് മിഖായേലിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ളതാണ്. സഹോദരിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസുമായി സഹകരിക്കുമെന്നു മിഖായില്‍ നേരത്തേ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ഫോട്ടോകളും സംഭാഷണശകലങ്ങളും ഉള്‍പ്പെടെ തെളിവുകള്‍ കൈവശമുണ്ട്. പോലീസ് ആവശ്യപ്പെട്ടാല്‍ അവ നല്‍കും.

പക്ഷെ തെളിവൊ ന്നും ചോദ്യം ചെയ്യലിനിടെ നല്‍കിയില്ല. ഷീനയെ കൊലപ്പെടുത്തിയതിന്റെ യഥാര്‍ഥകാരണം ഇന്ദ്രാണിക്കു മാത്രമേ അറിയൂ. മറ്റുള്ളവരുടേത് ഊഹാപോഹം മാത്രമാണ്. മൂത്ത സഹോദരിയായ ഷീനയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നതു തന്റെ ലക്ഷ്യമാണെന്നും മിഖായേല്‍ പറഞ്ഞു. അതിനിടെ ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്നയെ കോടതി അഞ്ചുദിവസ ത്തേക്കു റിമാന്‍ഡ് ചെയ്തു. കേസില്‍ പങ്കില്ലെന്നാണു ഖന്നയുടെ നിലപാട്. ഇന്ദ്രാണി ചൊവ്വാഴ്ച അറസ്റിലായിരുന്നു. ഷീന തന്റെ സഹോദരിയാണെന്നായിരുന്നു ഇന്ദ്രാണിയുടെ ആദ്യനിലപാട്. പിന്നീട് മകളാണെന്നു സമ്മതിക്കുകയും ചെയ്തു. മിഖാ യില്‍ ബോറയുടെ വെളിപ്പെടുത്തലുകള്‍ കൂടി ആയതോടെ കൊലപാതകത്തില്‍ ഇന്ദ്രാണിയുടെ പങ്ക് കൂടുതല്‍ വ്യക്തമാവുകയാണ്. പീറ്റര്‍ മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാം മനോഹര്‍ റായി ആയുധക്കേസില്‍ അറസ്റിലായതോടെയാണു ഷീന ബോറയുടെ തിരോധാനത്തിനു പിന്നിലെ ദുരൂഹതകള്‍ ചുരുളഴിഞ്ഞത്. ഇന്ദ്രാണിയും ശ്യാം മനോഹറും സഞ്ജീവും ചേര്‍ന്ന് 2012ല്‍ ഷീനയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു റായ്ഗഡില്‍ ഉപേക്ഷിച്ചുവെന്നാണ് ഇപ്പോഴുള്ള നിഗമനം. ഷീന അമേരിക്കയില്‍ ഉപരിപഠനം നടത്തുകയാണെന്ന് ഇന്ദ്രാണി പരിചയക്കാരെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

ഷീന ബോറയും രാഹുലും തമ്മിലുള്ള ബന്ധം മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും എതിര്‍ത്തിരുന്നുവെന്നു സമ്മതിച്ചതാണു സംശയത്തിന് അടിസ്ഥാനം.


ടെലിവിഷന്‍ പരമ്പരകളെ വെല്ലുന്ന നാടകീയത

മുംബൈ: ഷീന ബോറ കൊലപാതകക്കേസില്‍ ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ടെലിവിഷന്‍ പരമ്പരകളെപ്പോലും തോല്‍പ്പിക്കുന്ന നാടകീയതകള്‍ നിറഞ്ഞത്. ഹോളിവുഡ് സിനിമയെ വെല്ലുന്ന രീതിയില്‍ ഒരുക്കിയ തിരക്കഥ പോലെയാണു കൃത്യം സംഭവിച്ചിരിക്കുന്നത്. മുഖ്യകഥാപാത്രങ്ങള്‍ ഇവരാണ്.

ഇന്ദ്രാണി മുഖര്‍ജി (43 വയസ്-50 ലേറെയന്നു മകന്‍) - ഐഎന്‍എക്സ് മീഡിയയുടെ സ്ഥാപക

പീറ്റര്‍ മുഖര്‍ജി (59) - സ്റാര്‍ ടിവിയുടെ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍. 2002 മുതല്‍ ഇന്ദ്രാണിയുടെ ഭര്‍ത്താവ്.

ഷീന ബോറ (കൊല്ലപ്പെടുമ്പോള്‍ 24 വയസ്) - ഇന്ദ്രാണിയുടെ ആദ്യവിവാഹത്തിലെ മകള്‍. പീറ്റര്‍ മുഖര്‍ജിയെ പരിചയപ്പെടുത്തിയിരിക്കുന്നത് സഹോദരിയെന്ന പേരില്‍.

മിഖായേല്‍ ബോറ - ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകന്‍. ഷീനയുടെ സഹോദരന്‍.


സിദ്ധാര്‍ഥ ദാസ് - ഷീനയുടെയും മിഖൈലിന്റെയും അച്ഛന്‍.

രാഹുല്‍ മുഖര്‍ജി - ആദ്യഭാര്യയില്‍ പീറ്റര്‍ മുഖര്‍ജിക്കുണ്ടായ മകന്‍.

സഞ്ജീവ് ഖന്ന - വ്യവസായിയും ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവും.

ശ്യാം കുമാര്‍ റായി - ഇന്ദ്രാണിയുടെ ഡ്രൈവര്‍.


കൊലപാതകം എങ്ങനെ?

റിലയന്‍സ് എഡിഎജിയില്‍ ജോലി ചെയ്തിരുന്ന ഷീന ബോറ 2012 ഏപ്രില്‍ 24 മുതല്‍ ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുന്നു. അന്നുതന്നെ അവരുടെ രാജിക്കത്ത് ഇ-മെയിലിലൂടെ അധികൃതര്‍ക്കു ലഭിക്കുന്നു.

അതിനുശേഷം ഷീനയെക്കുറിച്ചു വിവരങ്ങളൊന്നുമില്ല. ആളെ കാണാനില്ലെന്നു കാണിച്ച് കുടുംബാംഗങ്ങളൊന്നും പോലീസില്‍ പരാതിയും നല്‍കിയില്ല. 2012 മേയ് 23: മഹാരാഷ്ട്രയിലെ പെന്‍ ഗ്രാമത്തിലെ ഗാഗോഡെയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം ഗ്രാമീണര്‍ കണ്െടത്തുന്നു.


വഴിത്തിരിവ്

തോക്കു കൈവശം വച്ചതിന് കഴിഞ്ഞ 21-ാം തീയതി ശ്യാം മനോഹര്‍ റായി അറസ്റ്റിലാകുന്നു. ഇന്ദ്രാണിയുടെ ഡ്രൈവറായ ശ്യാം മനോഹറിനെ ചോദ്യം ചെയ്ത തോടെ ഷീന ബോറയുടെ കൊല പാതകം പുറംലോകം അറിയു ന്നു.


ഹോളിവുഡ് ചിത്രം ചൈനടൌണിനു സമാനം


മുംബൈ: നൊന്തുപെറ്റ മകളെ സഹോദരിയെന്നു മൂന്നാംഭര്‍ത്താവിനു മുന്നില്‍ പരിചയപ്പെടുത്തുക. അതേയാളുടെ ആദ്യവിവാഹത്തി ലെ മകനുമായി മകള്‍ക്കുള്ള ബന്ധത്തിന് എതിരുനില്‍ക്കുക...ഒടുവില്‍ രണ്ടാം ഭര്‍ത്താവിന്റെയും ഡ്രൈവറുടെയും സഹായത്തോടെ മകളെ കൊലപ്പെടുത്തി ചതുപ്പില്‍ തള്ളുക. അതിനുശേഷം മകള്‍ അമേരിക്കയിലേക്കു പോയെന്ന് പ്രചരിപ്പിക്കുക... അവിശ്വസനീയമായ ഒട്ടേറെ സംഭവങ്ങളിലൂടെയാണു കോളിളക്കമായി മാറുന്ന ഷീന ബോറ കൊലപാതകക്കേസ് മുന്നേറുന്നത്. 1974 ല്‍ ബോളിവുഡില്‍ പുറത്തിറങ്ങിയ ചൈനാടൌണ്‍ എന്ന സിനിമയിലെ രംഗങ്ങളോടു സദൃശ്യമാണ് മുംബൈയിലെ കോര്‍പറേറ്റ് ലോകത്തു നടന്ന ഈ അരുംകൊലയെന്നു പറയപ്പെടുന്നു. ജാക് നിക്കോള്‍സണും ഫായി ഡുനാവേയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് റോമന്‍ പൊളന്‍സ്കിയാണ്.

കള്ളവും ചതിയും അത്യാഗ്രഹവും അവിഹിത ബന്ധങ്ങളും നിറഞ്ഞ ജീവിതവും അതിനു മറപിടിക്കുന്ന ഉന്നതബന്ധങ്ങളും കൊ ണ്ടു സങ്കീര്‍ണമാണു ഷീന ബോറയെന്ന യുവതിയുടെ കൊലപാതകം. ഇന്ത്യന്‍ ജനതയുടെ സദാചാര സങ്കല്‍പ്പങ്ങളെ കീഴ്മേല്‍ മറിക്കുന്ന രീതിയിലാണ് ഇതിലെ പങ്കാളികളുടെ ജീവിതം.

ഡല്‍ഹിയിലെ അരുഷി തല്‍വാര്‍ കൊലക്കേസ് പോലെ കുടുംബബന്ധങ്ങളുടെ പവിത്രതയെ മുറിപ്പെടുത്തുന്ന മറ്റൊരു സംഭവമാണ് ഷീന ബോറ കൊലപാതകവും.്


ഏപ്രില്‍ 24നു നടന്നത്?


കൊലപാതകം നടന്ന ദിവസം വൈകുന്നേരം ഒരു കാര്യം സംസാരിക്കാനുണ്െടന്നു പറഞ്ഞ് ഇന്ദ്രാണി മകളെ വിളിച്ചു. ഇതേത്തുടര്‍ന്നു ബാന്ദ്രയിലെ ഒരു സ്ഥലത്തു കാമുകന്‍ രാഹുല്‍ മുഖര്‍ജിക്കൊപ്പം ഷീന എത്തി. രാഹുല്‍ മടങ്ങിയതോടെ ഷീന അമ്മയെ വിളിക്കുന്നു. സ്ഥലത്തെത്തിയ ഇന്ദ്രാണി മകളോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുന്നു. പിന്‍സീറ്റില്‍ സഞ്ജീവ് ഖന്നയെ കണ്ടതോടെ ഷീന കാറില്‍കയറാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് മകളെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചു ഇന്ദ്രാണി കാറിലേക്കു കയറ്റി. ഉടന്‍തന്നെ കാര്‍ ഹൈവേയിലൂടെ പാഞ്ഞു. ഈസമയം ഷീനയുടെ കൈകാലുകള്‍ ബന്ധിച്ചശേഷം ക്രൂരമായ മര്‍ദനം. ഡ്രൈവര്‍ ശ്യാം കുമാര്‍ റായിയും ഇതില്‍ പങ്കുചേര്‍ന്നു. മര്‍ദനത്തെത്തുടര്‍ന്നു ഷീന മരിച്ചു. മൃതദേഹവുമായി കാര്‍ പീറ്റര്‍ മുഖര്‍ജിയുടെ മുംബൈയിലെ വീട്ടില്‍. പിറ്റേന്ന് ഇതേ കാറില്‍ മൃതദേഹം 84 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡിലേക്കു കൊണ്ടുപോയി.

ഒരു മാസത്തിനുശേഷം മേയ് 23 നാണ് അഴുകിയ നിലയില്‍ മൃതദേഹം ഗ്രാമവാസികള്‍ കണ്െടത്തുന്നത്. ഏപ്രില്‍ 25 നു വിളിക്കുമ്പോള്‍ ഷീനയുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണെന്നു രാഹുല്‍ മുഖര്‍ജി പറയുന്നു. രണ്ടു ദിവസത്തിനുശേഷം പരാതിയുമായി പോലീസിലെത്തിയെങ്കിലും അവര്‍ ഇന്ദ്രാണിയെ വിവരമറിയിക്കുകയായിരുന്നു. ഷീന യുഎസിലേക്കു പോയെന്ന കള്ളക്കഥ അവിടെ തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.