ഷീനയുടെ ശരീരാവശിഷ്ടങ്ങള്‍ കിട്ടി
ഷീനയുടെ ശരീരാവശിഷ്ടങ്ങള്‍ കിട്ടി
Sunday, August 30, 2015 11:25 PM IST
അലിബാഗ്-മുംബൈ: സ്റാര്‍ ടിവി മുന്‍ സിഇഒ ഇന്ദ്രാണി മുഖര്‍ജി മകള്‍ ഷീന ബോറയെ മൂന്നുവര്‍ഷം മുമ്പ് കൊലചെയ്ത ശേഷം മൃതദേഹം ഉപേക്ഷിച്ച റായിഗഡിലെ പെന്‍ തെഹ്സിലില്‍നിന്നു ഗ്രാമീണരുടെ സഹായത്തോടെ പോലീസ് ശരീരാവശിഷ്ടങ്ങള്‍ കണ്െടത്തി. തലയോട്ടിയുടെ ഭാഗങ്ങളാണു ഷീനയുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്െടത്തുകയും പിന്നീട് മറവു ചെയ്യുകയും ചെയ്ത സ്ഥലത്തുനിന്നു കണ്െടത്തിയത്. ഗ്രാമീണരുടെയും 2012 മേയ് 23 ന് മൃതദേഹം കണ്െടത്തിയപ്പോള്‍ സ്ഥലത്തെത്തിയ പോലീസുകാരുടെയും സഹായത്തോടെയാണു മൂന്നു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിലെ നിര്‍ണായക തെളിവ് മുംബൈ പോലീസിനു ലഭിച്ചത്.

ഷീനയുടേതെന്നു സംശയിക്കുന്ന തലയോട്ടിയും അസ്ഥിക്കഷണങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ഇതു ലഭിച്ചശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂയെന്നും മുംബൈ പോലീസ് പറഞ്ഞു. റായിഗഡ് പോലീസ് പോലീസ് 2012ല്‍ ജെജെ ആശുപത്രി ഫോറന്‍സിക് വിഭാഗത്തിനു നല്കിയ അസ്ഥികളും കേസ് അന്വേഷിക്കുന്ന ഖര്‍ പോലീസിനു കൈമാറിയിട്ടുണ്ട്. ഷീനയുടെ കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ പോലീസ് കണ്െടത്തിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇതുവരെയും കാര്‍ കസ്റഡിയില്‍ എടുത്തിട്ടില്ല.

ഇതിനിടെ, മയക്കുമരുന്ന് കലര്‍ന്ന പാനിയം നല്കി മയക്കിയശേഷം ഇന്ദ്രാണിയും ഭര്‍ത്താവ് സഞ്ജീവും തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി മകന്‍ മിഖായേല്‍ ബോറ വെളിപ്പെടുത്തി. 2012 ഏപ്രില്‍ 24ന് വസ്തുക്കച്ചവടം സംബന്ധിച്ചു സംസാരിക്കാന്‍ വര്‍ളിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് മയക്കുമരുന്ന് കലര്‍ന്ന പാനിയം നല്കിയത്. ഇതിനുശേഷം, സഹോദരി ഷീനയെ കൊലപ്പെടുത്താന്‍ ഇന്ദ്രാണിയും സഞ്ജീവും പോയതെന്നും ഇവര്‍ തിരിച്ചെത്തുന്നതിനു മുമ്പ് താന്‍ രക്ഷപ്പെട്ടെന്നും മിഖായേല്‍ പറഞ്ഞു.

ഷീന കൊലക്കേസില്‍ ഇന്ദ്രാണിയെയും സഞ്ജീവ് ഖന്നയെയും അറസ്റ് ചെയ്തതായി മുംബൈ പോലീസ് മേധാവി രാകേഷ് മരിയ വെള്ളിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
ഷീനയെ കൊലപ്പെടുത്താന്‍ ഇന്ദ്രാണി തന്നെ മുംബൈയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇന്ദ്രാണിയാണു ഷീന യെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നും താന്‍ ഈസമയം ഷീനയുടെ കാലില്‍ പിടിച്ചിരിക്കുയായിരുന്നെന്നും സഞ്ജീവ് പോലീസിനു മൊഴി നല്കി.

മൃതദേഹം കഷണങ്ങളായി മുറിച്ച് സ്യൂട്ട് കേസിലാക്കിയാണ് ഉപേക്ഷിച്ചതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. ഇന്ദ്രാണി, സഞ്ജീവ്, കൊലപാതകത്തിനു സഹായിച്ച ഡ്രൈവര്‍ ശ്യാം മനോഹര്‍ റായി എന്നിവരെ ഒരുമിച്ച് മുംബൈ പോലീസ് കഴിഞ്ഞദിവസം ചോദ്യംചെയ്തു. സഞ്ജീവിനെ ഓഗസ്റ് 31 വരെ ബാന്ദ്ര മെട്രോപോളീറ്റന്‍ കോടതി പോലീസ് കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ഷീനയുടെ പാസ്പോര്‍ട്ട് ഡെറാഡൂണില്‍നിന്നു മുംബൈ പോലീസ് കണ്െടത്തി. ഇതിനാല്‍, ഷീന അമേരിക്കയില്‍ പോയെന്ന വാദം തെറ്റാണെന്നും മരിയ വ്യക്തമാക്കി.


വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി സ്റാര്‍ ടിവി സിഇഒ പീറ്റര്‍ മുഖര്‍ജിയെയും ഇന്ദ്രാണി മുഖര്‍ജിയുടെ മകന്‍ മിഖായേല്‍ ബോറയെയും ഖര്‍ പോലീസ് സ്റേഷനില്‍ ചോദ്യംചെയ്യലിനായി വെളിച്ചുവരുത്തിയിരുന്നു.

കൊലപാതകശേഷം ഷീനയുടെ പേരില്‍ ഇന്ദ്രാണി മുഖര്‍ജി രാഹുല്‍ മുഖര്‍ജിക്കും (ഷീനയുടെ കാമുകനും ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകനും) മിഖായേല്‍ ബോറയ്ക്കു സന്ദേശങ്ങള്‍ അയച്ചു. താന്‍ പുതിയ ഒരാളെ കണ്െടത്തിയെന്നും അമേരിക്കയില്‍ താമസിക്കാന്‍ പോകുന്നെന്നുമായിരുന്നു സന്ദേശം.

കൊലപാതകത്തിന് ആഴ്ചകള്‍ക്കുശേഷം ഷീനയുടെ പേരില്‍ ഇന്ദ്രാണി മുഖര്‍ജി മെസേജുകള്‍ പോലീസ് തെളിവുകളായി ശേഖരിക്കും. ഷീനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവള്‍ യുഎസിലാണെന്നാണ് ഇന്ദ്രാണി മറുപടി നല്കിയിരുന്നത്. ഇന്ദ്രാണി മുഖര്‍ജിയെയും മകന്‍ മിഖായേല്‍ ബോറയെയും മുംബൈ പോലീസ് അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ഷീനയുടെ രാജിക്കത്ത് അയച്ചത് മിഖായേല്‍

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഷീന ബോറയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്തതും രാജിക്കത്ത് അയച്ചുകൊടുത്തതും ഫ്ളാറ്റിന്റെ വാടകക്കരാര്‍ റദ്ദാക്കിയതും സഹോദരന്‍ മിഖായേല്‍ ബോറയാണെന്ന് ഒരു മാധ്യമം അവകാശപ്പെട്ടു. മിഖായേല്‍ അമ്മയായ ഇന്ദ്രാണി മുഖര്‍ജിക്കു വേണ്ടിയാണ് ഇതു ചെയ്തതെന്ന് ഒരു അടുത്ത ബന്ധുവിനെ ഉദ്ധരിച്ചു ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ദ്രാണിയും ഡ്രൈവറും മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഇപ്പോള്‍ പോലീസ് കസ്റഡിയിലാണ്. ഇന്ദ്രാണിയുടെ ജോലിക്കാരിയാണു രാജിക്കത്ത് എഴുതിയതെന്നാണു നേരത്തെ പോലീസ് അവകാശപ്പെട്ടിരുന്നത്. ഒരു ബന്ധു നടത്തിയ ഈ വെളിപ്പെടുത്തലുകള്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായും ടെലിഗ്രാഫ് അവകാശപ്പെടുന്നു.

മിഖായേലിനു ഷീനയുടെ സോഷ്യല്‍മീഡിയ പാസ്വേഡുകള്‍ അറിയാമായിരുന്നു. തന്നെ അനുസരിച്ചില്ലെങ്കില്‍ നല്‍കിവരുന്ന പോക്കറ്റ് മണി നിര്‍ത്തലാക്കുമെന്നു മിഖായേലിനെ ഇന്ദ്രാണി ഭീഷണിപ്പെടുത്തി. അനുസരിച്ചാല്‍ വലിയൊരു തുക സമ്മാനമായി നല്‍കാമെന്നും അവര്‍ വാഗ്ദാനംചെയ്തു.

ഒരു പ്രമുഖമാധ്യമം ഇതു സ്ഥിരീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ മുംബൈ പോലീസ് നിഷേധിക്കുകയാണുണ്ടായത്. അതേസമയം, കഴിഞ്ഞദിവസം മിഖായേല്‍ മുംബൈ പോലീസിനോടു ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഷീനയെ വധിച്ച ദിവസം ഇന്ദ്രാണി തന്നെയും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടെന്നുമാണു മിഖായേല്‍ മൊഴി നല്‍കിയത്. ഇന്ദ്രാണിക്കെതിരേ തന്റെ പക്കല്‍ കൂടുതല്‍ തെളിവുകളുണ്െടന്നും മിഖായേല്‍ അവകാശപ്പെടുന്നു. മിഖായേലിന്റെ അവകാശവാദങ്ങള്‍ പരിശോധിച്ചുവരികയാണെന്നു മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.