ഷീന വധം: നിഗൂഢത അവസാനിക്കുന്നില്ല
ഷീന വധം: നിഗൂഢത അവസാനിക്കുന്നില്ല
Monday, August 31, 2015 12:45 AM IST
മുംബൈ: ഐഎന്‍എക്സ് മീഡിയ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറയുടെ കൊലപാതകക്കേസ് പുതിയ വഴിത്തിരിവുകളിലൂടെ മുംബൈ പോലീസിനെ വട്ടംചുറ്റിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റിലായ ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാം റായി എന്നിവരെ മുംബൈ പോലീസ് റായ്ഗഡിലെത്തിച്ചു തെളിവെടുത്തു.

ഇന്ദ്രാണിയുടെ ഭര്‍ത്താവും സ്റാര്‍ ഇന്ത്യ മുന്‍ സിഇഒയുമായ പീറ്റര്‍ മുഖര്‍ജിയുടെ മുംബൈ വര്‍ളിയിലെ താമസസ്ഥലത്തുനിന്ന് ഇന്നലെ ഒരു സ്യൂട്ട് കേസ് പോലീസ് കണ്െടടുത്തു. മൃതദേഹം പായ്ക്ക് ചെയ്യാന്‍ ഉപയോഗിച്ച സ്യൂട്ട്കേസാണിതെന്നു പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധര്‍ സ്യൂട്ട്കേസ് പരിശോ ധിച്ചു. ഇതേക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പീറ്റര്‍ മുഖര്‍ജിയെ വെള്ളിയാഴ്ച പോലീസ് ചോദ്യം ചെയ്തിരുന്നു.

എന്നാല്‍, അറസ്റിലായ ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും കൊലപാതകത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണു പറയുന്നതെന്നു മുംബൈ പോലീസ് പറഞ്ഞു. ഷീനയുടെ സഹോദരനും ഇന്ദ്രാണിയുടെ മകനുമായ മിഖായേലിനെ കഴിഞ്ഞദിവസം ബാന്ദ്രയിലെ ഹോട്ടലില്‍ പോലീസ് ചോദ്യംചെയ്തിരുന്നു. 2012 ഏപ്രില്‍ 24നു ഷീനയെ കൊലപ്പെടുത്താന്‍ പുറപ്പെടും മുമ്പ് ഇന്ദ്രാണി തനിക്കു മയക്കുമരുന്നു കലക്കിയ പാനീയം കുടിക്കാന്‍ തന്നുവെന്ന മിഖായേലിന്റെ മൊഴിയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മഹാരാഷ്ട്ര ഡിജിപി സഞ്ജീവ് ദയാലിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മകന്‍ മിഖായേല്‍ മാനസിക രോഗിയാണെന്ന് പ്രചരിപ്പിക്കാന്‍ മുംബൈയിലെ ഒരു ഡോക്ടര്‍ക്കു കൈക്കൂലി കൊടുത്ത് ഇന്ദ്രാണി വ്യാജ പരിശോധനാ റിപ്പോര്‍ട്ട് വാങ്ങി.

റായ്ഗഡിലെ ഒരു വില്ലേജ് ഓഫീസറുടെ സഹായത്തോടെയാണു ഷീനയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം പോലീസ് കണ്െടത്തിയത്. ശരീരഭാഗങ്ങളെന്നു പറയാന്‍ തലയോട്ടി ഉള്‍പ്പെടെയുള്ള അസ്ഥികള്‍ മാത്രമാണ് അവിടെനിന്നു പോലീസിനു ലഭിച്ചത്. റായ്ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണു പോസ്റ്മോര്‍ട്ടം നടത്തിയത്. പിന്നീട് അജ്ഞാത മൃതദേഹമെന്ന നിലയില്‍ അടക്കം ചെയ്യുകയായിരുന്നു.


തോട്ടത്തില്‍ മാങ്ങകള്‍ ശേഖരിക്കാനെത്തിയ ഹെതെവ്നെ എന്ന ആളാണു ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട്കേസ് കണ്െടത്തിയത്. ഈ സ്ഥലം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും ഇയാള്‍ മൊഴി നല്കിയിട്ടുണ്ട്. 2012 മേയ് 23നു സ്റേഷന്‍ അതിര്‍ത്തിയില്‍ ഒരു അജ്ഞാത മൃതദേഹം കണ്െടത്തിയിട്ടും റായ്ഗഡ് പോലീസ് അതു ഗൌരവമായെടുത്തില്ലെന്ന് ആരോപണമുണ്ട്. കൊലപാതകത്തിനോ അപകട മരണത്തിനോ കേസ് രജിസ്റര്‍ ചെയ്തിരുന്നില്ല. കേസെടുക്കാതെ മൃതദേഹാവശിഷ്ടം ജെജെ ആശുപത്രിക്കു കൈമാറുകയായിരുന്നുവെന്നു റായ്ഗഡ് പോലീസ് സൂപ്രണ്ട് സുവേസ് ഹഖ് പറഞ്ഞു.

കൊല്ലപ്പെട്ട ഷീന, ഇന്ദ്രാണിയുടെയും സിദ്ധാര്‍ഥ് ദാസിന്റെയും മകള്‍ തന്നെയാണെന്ന് ആസാമിലെ സില്‍ചാറിലുള്ള സിദ്ധാര്‍ഥിന്റെ അമ്മ ഇന്നലെ പറഞ്ഞു. ഷില്ലോംഗില്‍വച്ചാണ് ഇന്ദ്രാണിയും സിദ്ധാര്‍ഥും വിവാഹിതരായത്. ആര്‍ട്സ് സ്ട്രീം കോളജില്‍വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സിദ്ധാര്‍ഥ് അന്നു നിയമവിദ്യാര്‍ഥിയായിരുന്നെന്നും സിദ്ധാര്‍ഥിന്റെ അമ്മ പറഞ്ഞു. ഇന്ദ്രാണിയുമായുള്ള ബന്ധം ഉപേക്ഷിച്ചു സിദ്ധാര്‍ഥ് വീണ്ടും വിവാഹം കഴിച്ചു. ഇപ്പോള്‍ സിദ്ധാര്‍ഥ് ഭാര്യയുമൊത്തു കോല്‍ക്കത്തയില്‍ താമസിക്കുന്നു.

പാരി ബോറ എന്ന ഇന്ദ്രാണി പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ മേഘാലയയിലെ ഖാസി യുവാവിനോടൊപ്പം ഒളിച്ചോടി. പിന്നീട് ഗോഹട്ടിയിലെ കോട്ടണ്‍ കോളജില്‍ പഠിക്കുമ്പോള്‍ കാമാഖ്യ ക്ഷേത്രത്തില്‍വച്ച് ഒരു ഡോക്ടറുടെ മകനെ വിവാഹം കഴിച്ചു. ഈ വിവാഹബന്ധം ആറു മാസമേ നീണ്ടുനിന്നുള്ളൂ. അതിനുശേഷമാണു സിദ്ധാര്‍ഥുമൊത്തുള്ള ജീവിതം. പിന്നീട് അധ്യാപകനായ ചിരാഗ് എന്ന ഷില്ലോംഗ് സ്വദേശിയോടൊപ്പമായിരുന്നു ഇന്ദ്രാണി. 90കളിലാണു സഞ്ജീവ് ഖന്നയുമായുള്ള വിവാഹം. ഇവര്‍ക്ക് വിധി എന്ന ഒരു മകളുണ്ട്. ക്ളബ് പാര്‍ട്ടിയില്‍വച്ചാണ് സ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയെ ഇന്ദ്രാണി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് മുഖര്‍ജിയോടൊപ്പമായി അവരുടെ താമസം. ഇന്ദ്രാണിക്കും പീറ്ററിനുമൊത്താണ് വിധിയും താമസിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.