നീതി ആയോഗ് യോഗം: മുഖ്യമന്ത്രി ഡല്‍ഹിക്ക്
Thursday, September 3, 2015 12:23 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ കഴിഞ്ഞ യോഗം ബഹിഷ്കരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു രാത്രി ഡല്‍ഹിയിലെത്തും.

ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിയടക്കം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ജൂലൈ 15നു ചേര്‍ന്ന യോഗം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരും ബഹിഷ്കരിച്ചിരുന്നു. മോദിയെ എതിര്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എന്നിവര്‍ യോഗത്തിനെത്തുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതലുണ്ടായിരുന്ന ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നീതി ആയോഗ് (എന്‍ഐടിഇ- നാഷണല്‍ ഇന്‍സ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ) എന്നു പേരു മാറ്റിയത്. റിസര്‍വ് ബാങ്കിനു തൊട്ടടുത്തുള്ള കേന്ദ്ര ഓഫീസും മറ്റു സംവിധാനങ്ങളും എല്ലാം പഴയപടിയാണ് ഇപ്പോഴും. എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാരും ഭരണസമിതി (ഗവേണിംഗ് കൌണ്‍സില്‍ അംഗങ്ങളായി തുടരും.


പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗില്‍ അരവിന്ദ് പന ഗാരി ഉപാധ്യക്ഷനാണ്. സിന്ധുശ്രീ ഖുള്ളര്‍ സിഇഒയായും പ്രവര്‍ത്തിക്കുന്നു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, റെയില്‍മന്ത്രി സുരേഷ് പ്രഭു, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളും ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മാനവശേഷി മന്ത്രി സ്മൃതി ഇറാനി, സാമൂഹ്യ നീതി മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് എന്നിവര്‍ ക്ഷണിതാക്കളും വിവേക് ദെബ്രോയി, വി. കെ. സ്വാരസ്വത് എന്നിവര്‍ മുഴുസമയ അംഗങ്ങളുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.