സ്കൂള്‍ അധ്യാപകനായി രാഷ്ട്രപതി; ദൂരദര്‍ശനില്‍ ഇന്നു രാവിലെ തത്സമയം
സ്കൂള്‍ അധ്യാപകനായി രാഷ്ട്രപതി; ദൂരദര്‍ശനില്‍ ഇന്നു രാവിലെ തത്സമയം
Friday, September 4, 2015 12:18 AM IST
ന്യൂഡല്‍ഹി: ദേശീയ അധ്യാപക ദിനത്തിനു മുന്നോടിയായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഒരുമണിക്കൂറിലേറെ സമയം വിദ്യാര്‍ഥികള്‍ക്ക് ക്ളാസെടുക്കും. അധ്യാപകരും ക്ളാസില്‍ പങ്കെടുക്കും. ഡോ. രാജേന്ദ്ര പ്രസാദ് സര്‍വോദയ വിദ്യാലയത്തിലെ പതിനൊന്നും പന്ത്രണ്ടും ക്ളാസുകാര്‍ക്കാണ് ഇന്നു രാവിലെ 11.55നു രാഷ്ട്രപതി അധ്യാപകനായി എത്തുക. 12.55 വരെ ക്ളാസ് എടുത്തശേഷം അരമണിക്കൂര്‍ ഉച്ചഭക്ഷണത്തിനുള്ള സമയം. തുടര്‍ന്ന് ക്ളാസ് പുനരാരംഭിക്കും.

രാഷ്ട്രപതിയുടെ ക്ളാസ് ദൂരദര്‍ശന്‍ ന്യൂസ് ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും. പ്രസിഡന്റ് ഓഫ് ഇന്ത്യ വെബ്സൈറ്റിലും സജീവസംപ്രേഷണം ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെ രാഷ്ട്രപതിഭവന്‍ വളപ്പിലുള്ള സ്കൂളില്‍ എത്തുന്ന രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് പ്രഥമ കോപ്പി നല്‍കിക്കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സ്കൂള്‍ മാസികയുടെ പ്രകാശനം നിര്‍വഹിക്കും.

1969ല്‍ പൂര്‍ണസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു കടന്ന പ്രണാബ് മുഖര്‍ജിക്ക് അധ്യാപനം പുതുമയുള്ളതല്ല. നേരത്തെ അദ്ദേഹം കോളജ് അധ്യാപകനും പത്രപ്രവര്‍ത്തകനുമായിരുന്നു. ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തരബിരുദമുണ്ട്. കോല്‍ക്കത്ത സര്‍വകലാശാലയില്‍നിന്നു നിയമബിരുദവും നേടിയിട്ടുണ്ട്. ഓഗസ്റ് 15നു രാജ്യത്തോടുള്ള സ്വാതന്ത്യ്രദിന സന്ദേശത്തില്‍, ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാവനമായ ഗുരു-ശിഷ്യബന്ധത്തിന്റ പ്രസക്തിയെക്കുറിച്ചും രാഷ്ട്രപതി ഉദ്ബോധിപ്പിച്ചിരുന്നു.


മുന്‍രാഷ്ട്രപതി ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച് ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത്. 1952ല്‍ ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍ 1962ല്‍ രാഷ്ട്രപതിയായി. അദ്ദേഹത്തിന്റെ ജന്മദിനം അപ്പോള്‍ മുതല്‍ ദേശീയ അധ്യാപകദിനമായി ആഘോഷിച്ചുവരുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മുപ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1888 സെപ്റ്റംബര്‍ അഞ്ചിന് ആന്ധപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ തിരുത്തണിയിലാണ് ജനിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാലാ കമ്മീഷന്റെ അധ്യക്ഷനായ അദ്ദേഹം ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വഹിച്ചിരുന്നു. 1954ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കി ആദരിച്ചു. 1975ഏപ്രില്‍ 17ന് അന്തരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.