ദാദ്രി സംഭവം: മോദിയുടെ മൌനം നിര്‍ഭാഗ്യകരമെന്നു കോണ്‍ഗ്രസ്
ദാദ്രി സംഭവം: മോദിയുടെ മൌനം നിര്‍ഭാഗ്യകരമെന്നു കോണ്‍ഗ്രസ്
Tuesday, October 6, 2015 12:47 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ഗോമാംസത്തിന്റെ പേരില്‍ യുപിയില്‍ നിരപരാധിയെ ഹിന്ദുത്വ തീവ്രവാദികള്‍ തല്ലിക്കൊന്ന ശേഷം കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും വര്‍ഗീയ വിഷം ചീറ്റുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ തുടര്‍ന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൌനം തുടരുന്നതു നിര്‍ഭാഗ്യകരമാണെന്നു കോണ്‍ഗ്രസ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാജ്യത്തു മുഴുവന്‍ വര്‍ഗീയ ധ്രുവീകരണം നടത്താനാണു ബിജെപിയുടെ ശ്രമമെന്ന് എഐസിസി വക്താവ് പ്രമോദ് തിവാരി പറഞ്ഞു.

ഉത്തര്‍പ്രദേശിലും മറ്റും നടക്കുന്ന സംഭവങ്ങളെ ഒറ്റപ്പെട്ടവയെന്നു പറഞ്ഞു തള്ളിക്കളയാനാകില്ല. മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമൊക്കെയാണു വര്‍ഗീയ തീ ആളിക്കത്തിക്കുന്നത്. അല്ലാതെ നുഴഞ്ഞു കയറിയവരല്ല. ബിജെപിയുടെ ഈ ഗൂഢലോചനയില്‍ സമാജ്വാദി പാര്‍ട്ടി മന്ത്രിമാരും ഒവൈസിയും ഉള്‍പ്പെടെയുള്ളവരും പങ്കാളികളാകുകയാണെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.


രണ്ടു വര്‍ഷം മുമ്പ് മുസാഫര്‍ നഗറിലുണ്ടായതിനു സമാനമാണു ദാദ്രിയിലേതും. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും ഉന്നമനം എന്നു പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇതിനു ഘടകവിരുദ്ധമാണ്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്നും രാജ്യത്തെ 125 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും പ്രതിജ്ഞയെടുത്താണു പ്രധാനമന്ത്രി മോദി അധികാരമേറ്റത്. ഈ പ്രതിജ്ഞ പാലിക്കുന്നുണ്േടായെന്ന് മോദി ആത്മപരിശോധന നടത്തണമെന്നു തിവാരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.